സൗദി-റഷ്യ ആണവപദ്ധതി കരാര്‍ ഒപ്പുവെച്ചു
സൗദി;സൗദിയും റഷ്യയും തമ്മില്‍ ആണവപദ്ധതി കരാര്‍ ഒപ്പുവെച്ചു. സമാധാന ആവശ്യത്തിന് ആണവോര്‍ജ്ജം എന്ന പദ്ധതിയുടെ ഭാഗമായി രാജ്യത്ത് രണ്ട് ആണവ പ്ലാന്റുകള്‍ സ്ഥാപിക്കും. ഒക്ടോബറില്‍ സല്മാന് രാജാവ് നടത്തിയ റഷ്യന്‍ പര്യടനത്തിനിടെ ഒപ്പുവെച്ച ധാരണക്കൊടുവിലാണ് കരാര്‍. സൈനികാവശ്യത്തിന് ആണവോര്‍ജം ഉപയോഗിക്കില്ല.റഷ്യയിലെ പ്രമുഖ കമ്പനിയായ റോസാറ്റം , സൗദിയിലെ കിങ് അബ്ദുല്ല സിറ്റി ഫോര്‍ ആറ്റോമിക് റിനിവബ്ള് എനിര്‍ജി (K.A.CARE) എന്നിവയാണ് കരാറില്‍ ഒപ്പുവെച്ചത്. കെ.എ കെയര്‍ ചീഫ് ആറ്റോമിക് എനര്‍ജി ഓഫീസര്‍ ഡോ. മാഹിര്‍ അബ്ദുല്ല അല്ഒൗദാന് സൗദിയെ പ്രതിനിധീകരിച്ച് കരാറില്‍ ഒപ്പിട്ടു. എണ്ണയുടെ ആഭ്യന്തര ഉപയോഗം കുറക്കാനാണ് സൌദിയുടെ ലക്ഷ്യം. വൈദ്യുതി ഉല്പാദനത്തിന് ആണവ പദ്ധതിയെ ആശ്രയിക്കാനാണ് നീക്കം. സമാധാന ആവശ്യത്തിനുള്ള രണ്ട് ആണവ നിലയങ്ങള്‍ സുരക്ഷിതമായ പ്രദേശത്ത് നിര്‍മിക്കാന്‍ സൗദി നേരത്തെ അന്താരാഷ്ട്ര കമ്പനികളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചിരുന്നു. ഫ്രാന്‍സ്, ജപ്പാന് തുടങ്ങിയ രാജ്യങ്ങളുമായി സൗദി ആണവ സഹകരണ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. രാജ്യത്ത് ആണവ നിലയം നിര്‍മിക്കാന്‍ യോഗ്യത നേടിയ കമ്പനി എന്ന നിലക്കാണ് റോസാറ്റം കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചിട്ടുള്ളത്.വൈദ്യുതി ഉല്പാദനം, ഉപ്പുജല ശുദ്ധീകരണം എന്നിവക്ക് ചെറുകിട, ഇടത്തരം റിയാക്റ്ററുകള്‍ നിര്‍മിക്കാനാണ് റഷ്യന്‍ കമ്പനി ഉദ്ദേശിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. 2032ഓടെ 17.6 ഗെഗാവാട്ട് വൈദ്യുതി ആണവ പദ്ധതിയിലൂടെ ഉല്പാദിപ്പിക്കാനാണ് സൗദിയുടെ ലക്ഷ്യം. സൈനികാവശ്യത്തിന് ആണവോര്‍ജം ഉപയോഗിക്കില്ലെന്ന് സൌദി നേരത്തെ വ്യക്തമാക്കിയിരുന്നു.