സണ്ണി ലിയോണിന് വിലക്കുമായി കര്‍ണാടക
ബോളിവുഡ് താരം സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പുതുവർഷ ആഘോഷത്തിനെതിരെ കര്‍ണാടകത്തില്‍ പ്രതിഷേധം. ബംഗളൂരുവില്‍ നടക്കുന്ന പാര്‍ട്ടിയില്‍ സണ്ണി ലിയോണ്‍ പങ്കെടുത്താല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി കര്‍ണാടക രക്ഷണ വേദികെ പ്രവര്‍ത്തകരാണ് രംഗത്തെത്തിയത്. സണ്ണി നൈറ്റ് ഇന്‍ ബംഗളൂരു ന്യൂ ഇയര്‍ ഈവ് 2018 എന്ന പരിപാടിക്കെതിരെയാണ് പ്രതിഷേധം. സണ്ണി ലിയോണിനെതിരെ കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പ്രതിഷേധക്കാര്‍ സണ്ണി ലിയോണിന്റെ പോസ്റ്ററുകള്‍ കത്തിച്ചു. പരിപാടി റദ്ദാക്കിയില്ലെങ്കില്‍ ഡിസംബര്‍ 31ന് കൂട്ട ആത്മഹത്യ ചെയ്യുമെന്നാണ് രക്ഷണ വേദികെ പ്രവര്‍ത്തകരുടെ ഭീഷണി. സാംസ്കാരിക പാരമ്പര്യത്തിനെതിരാണ് പരിപാടിയെന്നാണ് ഇവരുടെ വിമര്‍ശം. നടിയുടെ വേഷമാണ് പ്രശ്നം. എന്നാല്‍ സണ്ണി ലിയോണ്‍ സാരി ധരിച്ചുവന്നാല്‍ പരിപാടി കാണാന്‍ പോകുമെന്ന് സംഘടനയിലെ ഒരു വിഭാഗം പറയുന്നു.അതേസമയം കുടുംബത്തോടെ ആളുകള്‍ പങ്കെടുക്കുന്ന പരിപാടിയാണ് സംഘടിപ്പിക്കുന്നതെന്നും മോശമായി ഒന്നും അവിടെ നടക്കില്ലെന്നുമാണ് സംഘാടകരുടെ വിശദീകരണം.