കാഞ്ഞങ്ങാട് പ്രധാനാധ്യാപികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം അന്വേഷണം പുതിയ വഴിതിരിവിലേക്ക്

0

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ചീമേനി പുലിയന്നൂരിലെ റിട്ട. പ്രധാനാധ്യാപിക പി.വി ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് അന്വേഷണം പുതിയ വഴിതിരിവിലേക്ക്. നാട്ടുകാരനായ യുവാവിന്റെ വെളിപ്പെടുത്തല്‍ നിര്‍ണായകമാകുന്നു. കൊലപാതകം നടന്ന ദിവസം രാത്രി 10.30 മണിയോടെ പുലിയന്നൂര്‍ റോഡിലെ കള്‍വര്‍ട്ടിനടിയില്‍ അന്യ സംസ്‌ഥാന ക്കാരല്ലാത്ത മൂന്നംഗ സംഘത്തെ കണ്ടുവെന്നാണ് യുവാവ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്.ഇതാണ് അന്വേഷണ സംഘത്തെ അന്വേഷണം ബന്ധുക്കളിലേക്കും,സമീപവാസികളിലേക്കും വ്യാപിക്കുന്നതിലേക്കു ഇടയാക്കിയിരിക്കുന്നത്.
ചീമേനി സമീപത്തുള്ള തെയ്യോട്ട് കാവില്‍ ഉത്സവം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ രാത്രി 10.30 മണിയോടെ മൂന്നംഗ സംഘത്തെ ടോര്‍ച്ചുമായി പാലത്തിനു സമീപത്തെ കള്‍വര്‍ട്ടിനടിയില്‍ കണ്ടുവെന്നാണ് യുവാവ് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
ജാനകിയെ കൊലപ്പെടുത്തിയ സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും സംഭവത്തിന് ഉത്തരവാദികളായ പ്രതികളെ കുറിച്ചു പൊലീസിന് വ്യക്തമായ ധാരണയില്ലാത്തത് ജനകീയ പ്രക്ഷോഭങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ.ദാമോദരന്‍, കുമ്പള സി ഐ വി.വി മനോജ് എന്നിവര്‍ ഉള്‍പെടുന്ന 22 അംഗ സംഘമാണ് ജാനകി വധക്കേസില്‍ അന്വേഷണം നടത്തുന്നത്.
അന്യസംസ്ഥാനക്കാരാണ് കൊലയ്ക്കു പിന്നിലെന്ന നിഗമനത്തിലാണ് പോലീസ് ആദ്യം അന്വേഷണം നടത്തിയതെങ്കിലും നാട്ടുകാരനായ യുവാവിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിൽ അടുത്ത ബന്ധുക്കള്‍ക്ക് കൊലയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഈ രീതിയിലുള്ള അന്വേഷണമാണ് പ്രധാനമായും നടക്കുന്നത്. അന്യസംസ്ഥാനക്കാരാണ് കൊലയ്ക്കു പിന്നിലെന്ന വാർത്തയെത്തുടർന്നു ഭയചികിതരായി കഴിഞ്ഞു വന്ന നാട്ടുകാർക്ക് ചെറിയൊരു ആശ്വാസമാണ് പുതിയ അന്വേഷണം.
സിസിടിവി ദൃശ്യത്തില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള വാനില്‍ സഞ്ചരിച്ചവരാണ് കൊലയ്ക്ക് പിന്നിലെന്ന ആദ്യ നിഗമനത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കിട്ടിയ വിവരം തെറ്റാണെന്ന് പോലീസിന് ബോധ്യപ്പെട്ടിരുന്നു.ചുരുങ്ങിയ നാളുകൾക്കുള്ളിൽ പ്രതികൾ പോലീസ് കസ്റ്റഡിയിൽ ആകുമെന്ന് ഡി വൈ എസ് പി കെ.ദാമോദരൻ ഇ ബി എം ന്യൂസിനോട് പറഞ്ഞു.

Leave A Reply

Your email address will not be published.