പ്രേമാഭ്യര്‍ഥന നിരസിച്ചു : പട്ടാപ്പകല്‍ യുവതിയെ ചുട്ടുകൊന്നു
ഹൈദരാബാദ്: നാടിനെ നടുക്കി അരുംകൊല. പ്രേമാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ ദലിത് യുവതിയെ യുവാവ് പട്ടപ്പകല്‍ ജനമധ്യത്തില്‍ ചുട്ടുകൊന്നു. സെക്കന്തരാബാദിനു സമീപം ലാലാഗുഡയിലാണു സംഭവം അരങ്ങേറിയത്.
ഓഫീസില്‍നിന്നു തിരിച്ചുവരുന്ന വഴി സായ് കാര്‍ത്തിക് (28) എന്ന യുവാവാണ് യുവതിയെ അഗ്നിക്കിരയാക്കിയത്. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
ഉന്നത വിദ്യാഭ്യാസമുള്ള യുവതി അലുമിനിയം ഫാബ്രിക്കേഷന്‍ യൂണിറ്റിലെ അക്കൗണ്ടന്റായിരുന്നു. ഇതേ സ്ഥാപനത്തില്‍ തന്നെ ജോലി ചെയ്തിരുന്ന സായ് യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നെങ്കിലും നിരസിച്ചു. ഏഴാംക്ലാസില്‍ പഠനം ഉപേക്ഷിച്ച സായ് കാര്‍ത്തിക്കിനെ സ്വഭാവദൂഷ്യം മൂലം കമ്ബനിയില്‍നിന്നു പുറത്താക്കിയിരുന്നു.
കഴിഞ്ഞ ദിവസം ബൈക്കില്‍ യുവതിയെ പിന്തുടര്‍ന്ന സായ് കാര്‍ത്തിക് വീണ്ടും വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും യുവതി നിരസിക്കുകയും വാക്ക്തര്‍ക്കം ഉണ്ടാവുകയുമായിരുന്നു. തുടര്‍ന്നു കൈയില്‍ കരുതിയ പെട്രോള്‍ യുവതിയുടെ ശരീരത്തിലൊഴിച്ച് തീ കൊളുത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു.