ധോണിയെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന് രവിശാസ്ത്രി
മുന്‍ നായകന് എം.എസ് ധോണിയെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന് രവിശാസ്ത്രി. ധോണിക്ക് പകരം വെക്കാന്‍ ടീമില്‍ മറ്റൊരു താരമില്ലെന്നും പുതു തലമുറയേക്കാള്‍ കായികക്ഷമതയും കഴിവും ധോണിക്കുണ്ടെന്നും ശാസ്ത്രി വ്യക്തമാക്കി. ശ്രീലങ്കക്കെതിരായ ഏകദിന ടി20 മത്സരങ്ങളില്‍ ധോണിക്ക് പലപ്പോഴും മികച്ച പ്രകടനം കാഴ്ചവെക്കാനായി. പ്രതീക്ഷയര്‍പ്പിച്ച പല താരങ്ങളും ലങ്കന്‍ ബൌളര്‍മാര്‍ക്ക് മുന്നില്‍ വീണെങ്കിലും ധോണി പതറാതെ പിടിച്ചുനിന്നു. വിക്കറ്റിന് പിന്നിലും ധോണി മത്സരത്തില്‍ നിറഞ്ഞുനിന്നു. ട്വന്റി20യില്‍ ഏറ്റവും കൂടുല്‍ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡും ധോണി സ്വന്തമാക്കി.ഇന്ന് ടീമിലുള്ള 26 തികഞ്ഞ താരങ്ങളേക്കാള്‍ ഏറ്റവും മികച്ച കായികക്ഷമത പാലിക്കുന്നത് 36 കാരനായ ധോണിയാണെന്ന് ശാസ്ത്രി പറയുന്നു. നിര്‍ണായക ഘട്ടങ്ങളില്‍ ടീമിനെ താങ്ങിനിര്‍ത്താനും വിജയത്തിലെത്തിക്കാനും ധോണി തന്നെയാണ് മികച്ചതെന്നും അദ്ദേഹം പറയുന്നു. ധോണിക്ക് പകരം വെക്കാന്‍ ഒരു താരം ഇന്ന് ടീമിലില്ല. ധോണിയുടെ പ്രായത്തെ കുറിച്ച് പറഞ്ഞ് കളിയാക്കുന്നവര്‍ കണ്ണാടി സ്വന്തം മുഖത്തേക്ക് തിരിച്ചുനോക്കി 36-ാം വയസ്സില്‍ തനിക്കെന്ത് സാധിച്ചിരുന്നു എന്ന് പരിശോധിക്കണമെന്നും ശാസ്ത്രി പറഞ്ഞു.