മുത്തലാഖ് ബില്‍: രാജ്യസഭ നാളെ പരിഗണിക്കും

0

ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ രാജ്യസഭ നാളെ പരിഗണിക്കും. ലോക്സഭ പാസാക്കിയ മുത്തലാഖ് ബില്‍ പരിഗണിക്കുന്നത് രാജ്യസഭ നാളത്തേക്ക് മാറ്റി. ബില്ലില്‍ മാറ്റം വരുത്തണമെന്ന് കോണ്‍ഗ്രസും എസ്പിയും ആവശ്യപ്പെട്ടിരുന്നു.ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്‍ പാസാക്കിയെടുക്കല്‍ എളുപ്പമല്ലാത്ത സാഹചര്യത്തിലാണ് സമവായ ചര്‍ച്ചകളെ മുന്‍ നിര്‍ത്തി ബില്‍ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയത്.മുത്തലാഖ് ചൊല്ലുന്നത് ജാമ്യമില്ലാത്ത കുറ്റമാക്കി മാറ്റുന്ന വ്യവസ്ഥയില്‍ ഭേദഗതി വരുത്തിയാല്‍ ബില്ലിനെ കോണ്‍ഗ്രസ് പിന്തുണച്ചേക്കും. സ്ഥിരം സമിതിയുടെ സൂക്ഷ്മ പരിശോധനയ്ക്ക് ബില്‍ വിടണമെന്നാണ് മറ്റ് പാര്‍ട്ടികളുടെ ആവശ്യം.സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തിനൊപ്പം കോണ്‍ഗ്രസും നില്‍ക്കുമെന്ന സാഹചര്യത്തിലാണ് ബില്‍ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റാന്‍ ആലോചന നടക്കുന്നത്‌.
ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നത് (തലാഖ്-ഇ-ബിദ്ദത്ത്) ക്രിമിനല്‍ കുറ്റമാക്കി വ്യവസ്ഥചെയ്യുന്ന ബില്‍ നേരത്തെ ലോക്‌സഭ പാസാക്കിയിരുന്നു. ബില്ലിലെ വ്യവസ്ഥപ്രകാരം മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയാല്‍ മൂന്ന് വര്‍ഷംവരെ തടവും പിഴയുമാണ് ശിക്ഷ. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ തള്ളിയശേഷം ശബ്ദവോട്ടോടെയാണ് ബില്‍ ലോക്‌സഭ പാസാക്കിയത്.
മുസ്ലിം ലീഗ് ബില്ലിനെ എതിര്‍ത്ത് ലേക് സഭയില്‍ നിന്നിറങ്ങിപ്പോയിരുന്നു. കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ബി.ജെ.ഡി., എ.ഐ.എ.ഡി.എം.കെ. തുടങ്ങിയ പ്രതിപക്ഷപാര്‍ട്ടികള്‍ ബില്‍ അവതരണ രീതിയെയും ബില്ലിലെ ചില വ്യവസ്ഥകളെയും എതിര്‍ത്തു. ബില്‍ പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടണമെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

Leave A Reply

Your email address will not be published.