എല്‍ സാല്‍വദോര്‍ ജനതയോട് നാട് വിടണമെന്ന് ട്രംപ്

0

അമേരിക്ക: അമേരിക്കയിലുള്ള എല്‍ സാല്‍വദോര്‍ ജനതയോട് നാട് വിടണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 18 മാസത്തെ സമയമാണ് അവര്‍ക്ക് അനുവദിച്ചിട്ടുള്ളത്. തിരികെ പോവുകയോ താമസം നിയമവിധേയമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയോ വേണം.

2001ല്‍ 8000 പേരുടെ മരണത്തിനിടയാക്കിയ രണ്ട് വന്‍ ഭൂകമ്പത്തെ തുടര്‍ന്നാണ് എല്‍ സാല്‍വദോറ ജനത അമേരിക്കയിലേക്ക് കുടിയേറിയത്. നിലവില്‍ രണ്ട് ലക്ഷത്തോളം സാല്‍വദോറന്‍സ് ആണ് അമേരിക്കയിലുള്ളത്. ഇവര്‍ക്ക് താല്‍ക്കാലിക സംരക്ഷണ പദവിയാണ് അമേരിക്ക നല്‍കിയിട്ടുള്ളത്. ഈ പദവിയാണ് ഇപ്പോള്‍ എടുത്തുകളയാന്‍ ഡിപ്പാര്ട്ട്മെന്റ്‍ ഓഫ് ഹോം ലാന്റ് സെക്യൂരിറ്റി തീരുമാനിച്ചിരിക്കുന്നത്. 2019 സെപ്റ്റംബര്‍ 9 ആണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ള സമയപരിധി. അതിനകം തിരികെ പോവുകയോ രാജ്യത്ത് തുടരാനുള്ള നിയമനടപടി സ്വീകരിക്കുകയോ വേണം. എല്‍ സാല്‍വദോറിലെ സ്ഥിതി മുന്‍കാലങ്ങളിലെ പോലെ ദുഷ്കരമല്ലെന്ന് ഡിഎച്ച്എസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. തീരുമാനത്തിനെതിരെ അമേരിക്കയിലുള്ള സാല്‍വദോറന്സ് വൈകാരികമായാണ് പ്രതികരിക്കുന്നത്. തിരികെ പോകാനുള്ള ഒരു സാഹചര്യമല്ല അവരുടെ രാജ്യത്തുള്ളതെന്ന് അവര്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും മോശം രാജ്യങ്ങളിലൊന്നാണ് എല്‍ സാല്‍വദോര്‍.2016ലെ കണക്കുകള്‍ പ്രകാരം ഒരുദിവസം 14 ആളുകള്‍ കൊല്ലപ്പെടുന്നുണ്ട്. തീര്‍ത്തും സുരക്ഷിതമല്ലാത്ത രാജ്യത്ത് തൊഴിലാവസരങ്ങളും കുറവാണ്. വിദ്യാഭ്യാസ അനുകൂല സാഹചര്യവും ഇല്ല. നല്ലൊരു ഭാവി തേടി ഇപ്പോഴും ദിവസവും മുന്നോറോളം പേര്‍ മറ്റിടങ്ങളിലേക്ക് കുടിയേറുന്നുണ്ട്. ഈയവസ്ഥയിലുള്ള ഒരു രാജ്യത്തേക്ക് തിരികെ പോകണമെന്നാണ് രണ്ട് ലക്ഷത്തോളം വരുന്ന സാല്‍വദോറന്‍ ജനതയോട് ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ്. കുടിയേറ്റ നയങ്ങളില്‍ മാറ്റം വരുത്തുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.

Leave A Reply

Your email address will not be published.