രണ്ടാം ഏകദിനം : ജയം സ്വന്തമാക്കി ന്യൂസിലാണ്ട്

0

മഴ മൂലം കളി തടസ്സപ്പെട്ടതിനാല്‍ 25 ഓവറായി ചുരുക്കിയ മത്സരത്തില്‍ വിജയം സ്വന്തമാക്കി ന്യൂസിലാണ്ട്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സ് നേടിയെങ്കിലും പിന്നീട് ലക്ഷ്യം 25 ഓവറില്‍ 151 റണ്‍സായി മാറ്റുകയായിരുന്നു. 7 പന്തുകള്‍ ശേഷിക്കെയാണ് 104 റണ്‍സ് അപരാജിത കൂട്ടുകെട്ടുമായി മാര്‍ട്ടിന്‍ ഗുപ്ടില്‍(86*)-റോസ് ടെയിലര്‍ കൂട്ടുകെട്ട് ആതിഥേയരെ 8 വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്.

14 ഓവറുകള്‍ പിന്നിടുമ്ബോള്‍ ന്യൂസിലാണ്ട് 64/2 എന്ന നിലയില്‍ നില്‍ക്കുമ്ബോളാണ് മഴ വില്ലനായി എത്തുന്നത്. മുഹമ്മദ് അമീര്‍, ഫഹീം അഷ്റഫ് എന്നിവരാണ് പാക്കിസ്ഥാനായി വിക്കറ്റുകള്‍ വീഴ്ത്തിയത്. കോളിന്‍ മണ്‍റോ റണ്ണൊന്നുമെടുക്കാതെ മടങ്ങിയപ്പോള്‍ 19 റണ്‍സ് നേടിയ നായകന്‍ കെയിന്‍ വില്യംസണും വേഗം പുറത്തായി.

നേരത്തെ ആദ്യ ബാറ്റ് ചെയ്ത പാക്കിസ്ഥാനായി ടോപ് ഓര്‍ഡറിനു പിഴച്ചപ്പോള്‍ രക്ഷയ്ക്കെത്തിയത് മുഹമ്മദ് ഹഫീസ്(60), ഷദബ് ഖാന്‍(52), ഹസന്‍ അലി(51) എന്നിവരായിരുന്നു. ഹസന്‍ അലി 31 പന്തില്‍ 51 റണ്‍സ് നേടി പാക് ഇന്നിംഗ്സിനു അവസാന ഓവറുകളില്‍ വേഗത നല്‍കി. ഷൊയ്ബ് മാലിക്കും(27) നിര്‍ണ്ണായകമായ സംഭാവനയാണ് മത്സരത്തില്‍ നല്‍കിയത്.

ന്യൂസിലാണ്ടിനായി ലോക്കി ഫെര്‍ഗൂസണ്‍(3), ടിം സൗത്തി(2), ടോഡ് ആസ്ട്‍ലേ(2) എന്നിവര്‍ക്ക് പുറമേ ട്രെന്റ് ബൗള്‍ട്ടും മിച്ചല്‍ സാന്റനറും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

Leave A Reply

Your email address will not be published.