പെണ്‍സുഹൃത്തിനെച്ചൊല്ലി തര്‍ക്കം: യുവാവിനെ നടുറോഡില്‍ ഇരുമ്പു പൈപ്പിനു കുത്തിക്കൊന്നു

0

കൊച്ചി: പെണ്‍സുഹൃത്തിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന്‌ യുവാവിനെ നടുറോഡില്‍ ഇരുമ്പു പൈപ്പുകൊണ്ടു കുത്തിക്കൊന്നു. കടവന്ത്ര ഗാന്ധിനഗറില്‍ പെട്ടിക്കട നടത്തിയിരുന്ന ബിനോയി(28)യാണ്‌ കൊല്ലപ്പെട്ടത്‌. സംഭവവുമായി ബന്ധപ്പെട്ടു തമ്മനം കിസാന്‍ കോളനിയില്‍ അജിത്ത്‌ ആന്റണി(27)യെ പോലീസ്‌ പിടികൂടി.

ഇന്നലെ വൈകിട്ട്‌ അഞ്ചിനാണു സംഭവം. പെണ്‍സുഹൃത്തുമായി ബന്ധപ്പെട്ട്‌ ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതിനെത്തുടര്‍ന്ന്‌ വൈകിട്ട്‌ അഞ്ചിനു ഗാന്ധിനഗറില്‍ ബൈക്കിലെത്തിയ അജിത്ത്‌ കടയില്‍ നിന്നിരുന്ന ബിനോയിയെ ഇരുമ്പു പൈപ്പിനു കുത്തുകയായിരുന്നു.

ഓടിയെത്തിയ പരിസരവാസികള്‍ ബിനോയിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന്‌ സംഭവസ്‌ഥലത്തുനിന്നു രക്ഷപ്പെട്ട അജിത്തിനെ മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ്‌ പോലീസ്‌ പിടികൂടിയത്‌. മുന്‍വൈരാഗ്യമാണ്‌ കൊലപാതക കാരണമെന്ന്‌ പ്രതി പോലീസിനോടു സമ്മതിച്ചു.

പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. ബലാത്സംഗം ഉള്‍പ്പടെയുള്ള കേസു കളിലെ പ്രതിയാണ്‌ അജിത്ത്‌. മുമ്പു നിരവധി തവണ ബിനോയിയെ കൊല്ലുമെന്ന്‌ അജിത്ത്‌ ഭീഷണിപ്പെടുത്തിയിരുന്നു. സിറ്റി പോലീസ്‌ കമ്മിഷണര്‍ എം.പി. ദിനേശിന്റെ നിര്‍ദേശപ്രകാരം എ.സി.പി ലാല്‍ജി, സെന്‍ട്രല്‍ സി.ഐ. അനന്തലാല്‍, എസ്‌.ഐമാരായ ജോസഫ്‌, പൗലോസ്‌, എ.എസ്‌.ഐ മാരായ ജോസഫ്‌, മാഹനന്‍, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ ഷാജി, സുരേഷ്‌, മനോജ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതികളെ പിടികൂടിയത്‌.

Leave A Reply

Your email address will not be published.