വിവാഹവാഗ്ദാനം നല്കി പീഡനം; പോലീസുകാരന് റിമാന്‍ഡില്‍
ആലപ്പുഴ: വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ പോലീസുകാരനെ റിമാന്‍ഡ് ചെയ്തു.
തൃപ്പൂണിത്തുറ ഹില്‍പാലസ് എ.ആര്. ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ മാരാരിക്കുളം പൊളേളത്തൈ അഞ്ചുപറമ്പില്‍ പി.ഡി. രതീഷ് കുമാറിനെയാണ് (38) ആലപ്പുഴ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്.
നാലുവര്‍ഷമായി അടുപ്പത്തിലായിരുന്ന യുവതിയും രതീഷും വാടക വീടെടുത്ത് ഒരുമിച്ച് താമസിച്ചിരുന്നു. ജോലി ലഭിച്ചശേഷം വിവാഹം കഴിക്കാമെന്നായിരുന്നു വാഗ്ദാനത്തെത്തുടര്ന്നായിരുന്നു ഒരുമിച്ചു താമസിച്ചത്. പോലീസില്‍ ജോലി ലഭിച്ചതോടെ രതീഷ് വാഗ്ദാനത്തില്‍നിന്നു പിന്മാറി.
മൂന്നരലക്ഷം രൂപ യുവതിയില്‍നിന്നു കൈക്കലാക്കിയെന്നും പരാതിയുണ്ട്. രതീഷ് വാഗ്ദാനത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്ന് ആത്മഹത്യക്കു ശ്രമിച്ച യുവതി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നോര്‍ത്ത് പോലീസാണ് രതീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്.