കഴുത്തോളം മുങ്ങിയിട്ടും സമരം തന്നെ കെ.എസ്‌.ആര്‍.ടി.സി. ജീവനക്കാര്‍ക്കു മുഖ്യം

0

തിരുവനന്തപുരം : കഴുത്തറ്റംമുങ്ങിയ കടക്കെണിയിലാണെങ്കിലും കടമ മറന്ന്‌ ഇന്നത്തെ വാഹനപണിമുടക്കിലും മുന്നില്‍നില്‍ക്കുന്നത്‌ കെ.എസ്‌.ആര്‍.ടി.സി. യൂണിയനുകള്‍. ഇന്ധനവിലവര്‍ധനയ്‌ക്കെതിരേയുള്ള ന്യായമായ സമരത്തെ പിന്തുണച്ചാണു പണിമുടക്കില്‍ പങ്കുചേരുന്നതെങ്കിലും സ്വന്തം നിലനില്‍പ്‌ തന്നെ അവതാളത്തിലായതു കണക്കിലെടുക്കാതെയാണ്‌ കെ.എസ്‌.ആര്‍.ടി.സി. തൊഴിലാളികളുടെ “ആത്മഹത്യാസമരം” .

സ്വകാര്യബസ്‌, ഓട്ടോ, ടാക്‌സി സര്‍വീസുകളടക്കമുള്ളവ ഇന്നു നിരത്തിലിറങ്ങാത്തിനാല്‍ വന്‍നേട്ടം കൊയ്യാവുന്ന സാഹചര്യംകൂടിയാണ്‌ കെ.എസ്‌.ആര്‍.ടി.സി. തുലയ്‌ക്കുന്നത്‌. ഇന്ന്‌ വിവിധ ജോലികള്‍ക്കുള്ള മത്സരപരീക്ഷ അടക്കമുള്ളവയ്‌ക്കു പോകേണ്ടവരെ കൂടിയാണ്‌ കെ.എസ്‌.ആര്‍.ടി.സി. വഞ്ചിച്ചിരിക്കുന്നത്‌. ഈ മാസത്തിലെ ആദ്യപകുതിയിലെ പലദിവസങ്ങളിലും റെക്കോഡ്‌ കലക്‌ഷനാണ്‌ കെ.എസ്‌.എസ്‌.ആര്‍.ടി.സി. ബസുകള്‍ നേടിയത്‌.

മറ്റു പൊതുഗതാഗത സംവിധാനങ്ങളെല്ലാം പ്രവര്‍ത്തിച്ചിട്ടും പലദിവസങ്ങളിലും എട്ടുകോടി രൂപയ്‌ക്കടുത്തു വരുമാനം ഉണ്ടാക്കാന്‍ കോര്‍പറേഷനായിരുന്നു. മറ്റുവാഹനങ്ങള്‍ പണിമുടക്കുന്ന ഇന്ന്‌ സര്‍വീസ്‌ നടത്തിയാല്‍ വരുമാനം ഇരട്ടിയാക്കാമെന്നിരിക്കെയാണ്‌ ജീവനക്കാര്‍ ഇരിയ്‌ക്കുന്ന കൊമ്പു വെട്ടിവീഴ്‌ത്തുന്ന സമരവുമായി രംഗത്തുള്ളത്‌. ബി.എം.എസ്‌ ഒഴികെയുള്ള കെ.എസ്‌.ആര്‍.ടി.സി. തൊഴിലാളി യൂണിയനുകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്‌. സമരം ഒഴിവാക്കാന്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി യൂണിയനുകള്‍ ചര്‍ച്ച നടത്തിയെങ്കിലും ഫലംകണ്ടില്ല.

ലഭിക്കുന്ന വരുമാനം കൊണ്ട്‌ നിത്യച്ചെലവുപോലും നടക്കുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാര്‍പണം നല്‍കുന്നതുകൊണ്ടാണ്‌ ശമ്പളവും പെന്‍ഷനും കിട്ടുന്നത്‌. അഞ്ചു മാസമായി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന്‌ പെന്‍ഷന്‍കാരും കുടുംബാംഗങ്ങളും ആത്മഹത്യാവക്കിലായ സാഹചര്യത്തിലാണ്‌ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം 60 ലക്ഷം രൂപ കോര്‍പറേഷന്‌ നല്‍കിയത്‌. ഇതുകൊണ്ട്‌ ഒരു മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്‌തിരുന്നു.

Leave A Reply

Your email address will not be published.