തിരുവനന്തപുരത്ത് ഒത്തുതീര്‍പ്പുചര്‍ച്ച ; കൊടുക്കാനുള്ളത് 1.75 കോടി മാത്രം; കേസില്ലെന്നു ബിനോയ് കോടിയേരി

0

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരേ ഉയര്‍ന്ന സാമ്പത്തികാരോപണം ഒത്തുതീര്‍പ്പാക്കാന്‍ ഊര്‍ജിതനീക്കം. സംസ്ഥാനനേതൃത്വവുമായി അടുത്തബന്ധമുള്ളവരാണ് ഒത്തുതീര്‍പ്പുശ്രമങ്ങള്‍ക്കു മുന്‍െകെയെടുക്കുന്നത്. പരാതി നല്‍കിയ രാഹുലുമായി തലസ്ഥാനത്തെ പ്രമുഖ ഹോട്ടലില്‍ അനുരഞ്ജനച്ചര്‍ച്ച നടന്നതായാണു സൂചന. ഇതേത്തുടര്‍ന്ന് ഇന്നലെ െവെകിട്ട് രാഹുലിനോടു മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി.

കമ്പനി മറ്റൊരാള്‍ക്കു െകെമാറിയെന്നു മാത്രമാണു പറഞ്ഞത്. വിവാദമയുര്‍ന്നതോടെ മുഖ്യമന്ത്രി പിണറായി വിജയനെ കോടിയേരി സന്ദര്‍ശിച്ചശേഷമായിരുന്നു അനുരഞ്ജന നീക്കം. സാമ്പത്തികത്തട്ടിപ്പു സംബന്ധിച്ചു തനിക്കെതിരായ ആരോപണം രാഷ്ട്രീയദുഷ്ടലാക്കെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്. ബിസിനസില്‍ കള്ളത്തരം കാണിച്ചിട്ടില്ല. തന്റെ ബിസിനസ് പങ്കാളികള്‍ക്കും അതറിയാമെന്നു ബിനോയ് കോടിയേരി ‘മംഗള’ത്തോടു പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ദുബായില്‍ 13 കോടിയുടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്ന പരാതി സി.പി.എം. പോളിറ്റ് ബ്യൂറോയ്ക്കു ലഭിച്ചതു സംബന്ധിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

”ദുബായിലെ ബിസിനസ് പങ്കാളിയായ കൊട്ടാരക്കര സ്വദേശി രാഹുലുമായി 30 ലക്ഷം ദിര്‍ഹത്തിന്റെ (5.5 കോടി രൂപ) ഇടപാട് മാത്രമാണുണ്ടായിരുന്നത്. ഇരുവരും ചേര്‍ന്നാരംഭിച്ച ബിസിനസില്‍ രാഹുല്‍ കൃഷ്ണ 30 ലക്ഷം ദിര്‍ഹം നിക്ഷേപിച്ചു. ഞാന്‍ അതിന് ഈടായി അത്രയും ദിര്‍ഹത്തിന്റെ ബ്ലാങ്ക്‌ചെക്ക് നല്‍കി. എന്നാല്‍, ദുബായിലെ ബിസിനസ് പിന്നീടു തകരുകയും രാഹുലിനു പലപ്പോഴായി പലിശസഹിതം 20 ലക്ഷം ദിര്‍ഹം തിരിച്ചുനല്‍കുകയും ചെയ്തു. ഇതു സംബന്ധിച്ച രേഖകള്‍ െകെവശമുണ്ട്. 10 ലക്ഷം ദിര്‍ഹം (1.75 കോടി) മാത്രമേ ഇനി നല്‍കാനുള്ളൂ. അത് എപ്പോള്‍ വേണമെങ്കിലും നല്‍കാമെന്നും ഞാന്‍ നല്‍കിയ ചെക്കുകള്‍ തിരിച്ചുതരണമെന്നും ധാരണയുണ്ട്. അതിനുശേഷമാണു നാട്ടിലേക്കു പോന്നത്.

എന്നെ അപായപ്പെടുത്താന്‍ ദുബായില്‍ ചിലര്‍ ശ്രമമാരംഭിച്ചിരുന്നു. അതിന്റെ ഭാഗമായി വിഷയം ദുബായ് കോടതിവരെയെത്തി. ഞാന്‍ നല്‍കിയ ബ്ലാങ്ക്‌ചെക്ക് ഒരു അറബിയുടെ പേരില്‍ ദുബായില്‍ സമര്‍പ്പിക്കുകയും അതു മടങ്ങിയതോടെ ദുബായ് പോലീസ് എന്നെ അറസ്റ്റ് ചെയ്ത് കോടതിയില്‍ എത്തിക്കുകയുമായിരുന്നു. മജിസ്‌ട്രേറ്റിനോട് എല്ലാക്കാര്യവും വിശദീകരിക്കുകയും പണം തിരിച്ചുനല്‍കിയതിന്റെ രേഖകള്‍ കാണിച്ചു ബോധ്യപ്പെടുത്തുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ കോടതിയില്‍ 60,000 ദിര്‍ഹം പിഴയടയ്ക്കാന്‍ വിധിച്ചു. പിഴയടച്ചതോടെ പോകാന്‍ അനുവദിക്കുകയും ചെയ്തു. ഇപ്പോള്‍ എന്റെ പേരില്‍ ദുബായില്‍ ഒരു കേസുമില്ല. കഴിഞ്ഞയാഴ്ചപോലും ദുബായില്‍ പോയിവന്ന എന്നെ ഇന്റര്‍പോള്‍ തെരയുകയാണെന്ന നുണക്കഥ ആരൊക്കെയോ പടച്ചു വിടുകയാണ്. ഇതു രാഷ്ട്രീയായുധമാക്കിയതിനു പിന്നില്‍ പിന്നില്‍ ഗൂഢാലോചനയുണ്ട്”- ബിനോയ് പറഞ്ഞു.

സംസ്ഥാനത്തെ പ്രമുഖനേതാവിന്റെ മകന്‍ ദുബായില്‍ സാമ്പത്തികത്തട്ടിപ്പു നടത്തി കേരളത്തിലേക്കു മുങ്ങിയെന്നും തനിക്കു 13 കോടി നല്‍കാനുണ്ടെന്നുമാണു രാഹുല്‍ കൃഷ്ണ സി.പി.എം. പോളിറ്റ് ബ്യൂറോയ്ക്കു നല്‍കിയ പരാതി. എന്നാല്‍, ബിനോയിയുടെ വെളിപ്പെടുത്തലിനെക്കുറിച്ചു രാഹുല്‍ പ്രതികരിച്ചില്ല.

മകനെതിരേ നിലവില്‍ കേസൊന്നുമില്ലെന്നു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസ് ഉണ്ടെങ്കിലല്ലേ ഇന്റര്‍പോളിന്റെ സഹായം തേടേണ്ടതുള്ളൂ? എന്തെങ്കിലും ഉണ്ടെങ്കില്‍ നിയമപരമായി നേരിടും.ആരോപണങ്ങളെക്കുറിച്ചു മകന്‍ ബിനോയ്തന്നെ വിശദീകരണം നല്‍കുമെന്നും മാധ്യമങ്ങള്‍ കാര്യം മനസിലാക്കിയശേഷം റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടിയേരി പറഞ്ഞു. മകന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഒന്നും അറിയില്ലെന്ന് എന്‍. വിജയന്‍പിള്ള എം.എല്‍.എ. ബിനോയ് കോടിയേരിക്കെതിരേ ഉയര്‍ന്ന സാമ്പത്തിക തട്ടിപ്പില്‍ എം.എല്‍.എയുടെ മകന്‍ ശ്രീജിത്തിനും പങ്കുണ്ടെന്ന ആരോപണത്തെക്കുറിച്ചു ‘മംഗള’ത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ കൃഷ്ണയെ പരിചയമുണ്ടെന്നും മകനെതിരേ ദുബായില്‍ കേസുള്ള വിവരം അറിയില്ലെന്നും നേരത്തെ മാവേലിക്കര കോടതിയില്‍ ചെക്ക് കേസ് ഉള്ളതായി അറിയാമെന്നും വിജയന്‍പിള്ള പറഞ്ഞു. ദുബായിലെ കമ്പനിയില്‍നിന്നു പണം വാങ്ങി തട്ടിപ്പു നടത്തിയെന്നാണു ശ്രീജിത്തിനെതിരായ പരാതി. ആരോപണം തെറ്റാണെന്നും രാഹുല്‍ കൃഷ്ണയുടെ കൈയില്‍നിന്ന് 10 കോടി വാങ്ങിയിട്ടില്ലെന്നും ശ്രീജിത്ത് പ്രതികരിച്ചു.

Leave A Reply

Your email address will not be published.