ജൊഹാനസ്‌ബര്‍ഗ്‌ ടെസ്‌റ്റ്: ഇന്ത്യ 187 ന്‌ ഓള്‍ഔട്ട്‌

0

ജൊഹാനസ്‌ബര്‍ഗ്‌: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിലും ഇന്ത്യക്കു ബാറ്റിങ്‌ തകര്‍ച്ച. ന്യൂ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ വിരാട്‌ കോഹ്ലി ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചതോടെ പിഴച്ചു.

പേസും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ വിറച്ച ഇന്ത്യ 77 ഓവറില്‍ 187 റണ്ണിന്‌ ഓള്‍ഔട്ടായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ്‌ നഷ്‌ടത്തില്‍ ആറ്‌ റണ്ണെടുത്തിട്ടുണ്ട്‌. ഓപ്പണര്‍ മാര്‍ക്രത്തെയാണ്‌ അവര്‍ക്കു നഷ്‌ടമായത്‌. ഭുവനേശ്വര്‍ കുമാറിനാണു വിക്കറ്റ്‌. നാല്‌ റണ്ണെടുത്ത ഡീന്‍ എല്‍ഗാറും കാഗിസോ റബാഡയുമാണു ക്രീസില്‍.

അര്‍ധ സെഞ്ചുറികള്‍ നേടിയ നായകന്‍ വിരാട്‌ കോഹ്ലി (106 പന്തില്‍ 54), ചേതേശ്വര്‍ പൂജാര (179 പന്തില്‍ 50) എന്നിവര്‍ മാത്രമാണഎ ഇന്ത്യന്‍ നിരയില്‍ പിടിച്ചുനിന്നത്‌. വാലറ്റത്ത്‌ ഭുവനേശ്വര്‍ കുമാര്‍ നടത്തിയ പോരാട്ടം (49 പന്തില്‍ 30 ) സ്‌കോര്‍ 150 കടത്തി. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ കനിഞ്ഞു നല്‍കിയ 26 റണ്‍ ഇന്ത്യയുടെ നാലാമത്തെ വലിയ സ്‌കോറായി. 39 റണ്‍ വഴങ്ങി മൂന്നു വിക്കറ്റെടുത്ത പേസര്‍ കാഗിസോ റബാഡയാണു ബൗളര്‍മാരില്‍ മുമ്പനായത്‌. മോര്‍ണി മോര്‍ക്കല്‍, വെര്‍നോണ്‍ ഫിലാന്‍ഡര്‍, പെലുക്‌വായോ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു തിളങ്ങി. ലുങ്കി എന്‍ഗിഡി ഒരു വിക്കറ്റ്‌ സ്വന്തമാക്കി.

ഏഴു പന്തുകള്‍ നേരിട്ടു റണ്ണെടുക്കാതെനിന്ന ലോകേഷ്‌ രാഹുലാണ്‌ ആദ്യം പുറത്തായത്‌. ഫിലാന്‍ഡറുടെ പുറത്തേക്കു പോയ പന്തിനു ബാറ്റ്‌ വീശിയ രാഹുലിനെ വിക്കറ്റ്‌ കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക്‌ ഭദ്രമായി പിടികൂടി. സഹ ഓപ്പണര്‍ മുരളി വിജയും സമാനമായി പുറത്തായി. കാഗിസോ റബാഡയുടെ പന്തില്‍ ഇല്ലാത്ത ഷോട്ടിനു ശ്രമിച്ചു മടങ്ങിയ വിജയ്‌ 32 പന്തില്‍ എട്ട്‌ റണ്ണെടുത്തു. തുടര്‍ന്നാണു പൂജാര -കോഹ്ലി കൂട്ടുകെട്ടുണ്ടായത്‌്. 106 പന്തുകളില്‍ 54 റണ്ണെടുത്ത കോഹ്ലി മടങ്ങുമ്പോള്‍ ഇന്ത്യ നൂറിന്‌ മൂന്ന്‌ റണ്‍ അകലെയായിരുന്നു. ആദ്യ രണ്ട്‌ ടെസ്‌റ്റിലും പുറത്തിരുന്ന ഉപനായകന്‍ അജിന്‍ക്യ രഹാനെ ഒന്‍പത്‌ റണ്ണുമായി മടങ്ങി.

രഹാനെയെ മോര്‍ക്കല്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. 179 പന്തുകളില്‍ അര്‍ധ സെഞ്ചുറി നേടിയ പൂജാര പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷയും അസ്‌മതിച്ചു. എട്ട്‌ ഫോറുകളാണ്‌ പൂജാരയുടെ മെല്ലെപ്പോക്ക്‌ ഇന്നിങ്‌സില്‍ പിറന്നത്‌്. കഴിഞ്ഞ ടെസ്‌റ്റില്‍ പരാജയമായിരുന്ന പാര്‍ഥിവ്‌ പട്ടേല്‍ രണ്ട്‌ റണ്ണുമായി മടങ്ങി. മോര്‍ക്കലിന്റെ പന്തില്‍ വിക്കറ്റിനു പിന്നില്‍ ക്യാച്ച്‌ നല്‍കിയാണു പാര്‍ഥിവ്‌ മടങ്ങിയത്‌.

ഓള്‍റൗണ്ടര്‍ ഹാര്‍ദിക്‌ പാണ്ഡ്യ (0) അഞ്ച്‌ പന്തുകള്‍ നേരിട്ട ശേഷം മടങ്ങി. മുഹമ്മദ്‌ ഷമി (എട്ട്‌), ഇഷാന്ത്‌ ശര്‍മ (0) എന്നിവരുടെ ‘പോക്കുവരവ്‌’ ക്ഷണത്തിലായി. 49 പന്തില്‍ 30 റണ്ണെടുത്ത ഭുവനേശ്വറാണ്‌ അവസാനം പുറത്തായത്‌.

Leave A Reply

Your email address will not be published.