കൃത്രിമക്ഷാമത്തില്‍ സര്‍ക്കാര്‍ വീണു , പാറമടകള്‍ക്കു മൗനാനുവാദം

0

പത്തനംതിട്ട : പാരിസ്‌ഥിതിക അനുമതിയില്ലാത്തതിന്റെ പേരില്‍ അടച്ചുപൂട്ടിയ എല്ലാ പാറമടകളും തുറക്കാന്‍ സംസ്‌ഥാന സര്‍ക്കാരിന്റെ മൗനാനുവാദം. കരിങ്കല്ലിനും മെറ്റലിനും ചരലിനുമൊക്കെ കൃത്രിമക്ഷാമമുണ്ടാക്കിയും വില കുത്തനെ കൂട്ടിയും വന്‍കിട ക്വാറി ഉടമകള്‍ നിര്‍മ്മാണമേഖലയില്‍ വന്‍ പ്രതിസന്ധി സൃഷ്‌ടിച്ച സാഹചര്യത്തിലാണ്‌ സര്‍ക്കാര്‍ പരിസ്‌ഥിതി നിയമം മറികടന്ന്‌ പാറമടകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നത്‌.

കള്ളക്കളികള്‍ക്കു പിന്നില്‍ വന്‍കിട പാറമട ലോബിയാണെന്നത്‌ സര്‍ക്കാര്‍ മനഃപൂര്‍വം മറക്കുകയാണെന്നു കരാറുകാര്‍ പറയുന്നു. അഞ്ച്‌ ഏക്കറില്‍ കുറഞ്ഞ വിസ്‌തൃതിയുള്ള മൂവായിരത്തോളം ചെറുകിട പാറമടകളാണ്‌ പാരിസ്‌ഥിതിക അനുമതിയില്ലാത്തതിന്റെ പേരില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ അടച്ചുപൂട്ടിയത്‌്.

കല്ലിനും ചരലിനും മെറ്റലിനും ക്ഷാമമുണ്ടായ തക്കം മുതലെടുത്ത്‌ വന്‍കിട പാറമട ഉടമകള്‍ ഉത്‌പാദനം ചുരുക്കുകയും വില ഇരട്ടിയാക്കുകയും ചെയ്‌തു. മെറ്റലിന്റെ വിലയും ഇരട്ടിയായി. എം-സാന്റ്‌, പാറപ്പൊടി, കല്ല്‌ എന്നിവയുടെ വിലയും കുത്തനെ കൂടി.

യാതൊരു മാനദണ്ഡവും പാലിക്കാതെയാണ വിലവര്‍ധനയെന്ന്‌ ഗവ. കോണ്‍ട്രാക്‌ടര്‍മാര്‍ പറയുന്നു. ഇതിനെത്തുടര്‍ന്ന്‌ പത്തനംതിട്ടയില്‍ ടിപ്പര്‍ ലോറികള്‍ ഒരാഴ്‌ചയായി സമരത്തിലാണ്‌. മാര്‍ച്ച്‌ 31-നകം ചെയ്‌തു തീര്‍ക്കേണ്ട കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ പദ്ധതികളും തദ്ദേശസ്‌ഥാപനങ്ങളുടെ പദ്ധതിയും കരാര്‍ജോലികളും പാറ ഉത്‌പന്നങ്ങളുടെ ക്ഷാമം മൂലം സ്‌തംഭിച്ചു.

ചെറുകിട ക്വാറികള്‍ പൂട്ടിയതോടെ ചെറുകിട ക്രഷര്‍ യൂണിറ്റുകളും ചെറുകിട ഹോളോബ്രിക്‌സ്‌ യൂണിറ്റുകളുമെല്ലാം പ്രതിസന്ധിയിലായി. ഇതിനു പിന്നില്‍ വന്‍കിട പാറമട-ക്രഷര്‍ ലോബിയാണെന്നതു മറച്ചുവച്ചാണ്‌ ഇപ്പോള്‍ പരിസ്‌ഥിതി നിയമത്തെ വെല്ലുവിളിച്ച്‌ എല്ലാ പാറമടകള്‍ക്കും പ്രവര്‍ത്തിക്കാന്‍ വാക്കാല്‍ അനുമതി നല്‍കുന്നത്‌.

നാട്ടുകാരുടെയും പരിസ്‌ഥിതി പ്രവര്‍ത്തകരുടെയും കണ്ണില്‍ പൊടിയിടാനായി ചില മാനദണ്ഡങ്ങളും ആവിഷ്‌കരിച്ചു. റവന്യു, അഗ്‌നിരക്ഷാസേന, ജിയോളജി വിഭാഗങ്ങളുമായി ചേര്‍ന്ന്‌ കര്‍മ്മപദ്ധതി ആവിഷ്‌കരിക്കാനും പാറമടകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ റവന്യൂ വകുപ്പുമായി ആലോചിച്ച്‌ ജില്ലാ സമിതികള്‍ രൂപവത്‌കരിക്കാനും തീരുമാനമുണ്ട്‌. പാറമടകളുടെ എണ്ണം തിട്ടപ്പെടുത്താന്‍ പോലും സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്നിരിക്കെ മാനദണ്ഡങ്ങള്‍ നോക്കുകുത്തിയാകും.

സംസ്‌ഥാനത്ത്‌ 466 പാറമടകള്‍ ഉണ്ടെന്നാണ്‌ സര്‍ക്കാര്‍ നിയമസഭയ്‌ക്കു നല്‍കിയ കണക്ക്‌. കേരള വനം ഗവേഷണകേന്ദ്രം നടത്തിയ പഠനത്തില്‍ പാറമടകളുടെ എണ്ണം 5924.

ഇതില്‍ 78 എണ്ണം ഭൂകമ്പ പ്രഭവകേന്ദ്രങ്ങളായി കണക്കാക്കുന്ന പ്രദേശങ്ങളിലാണ്‌. 354 എണ്ണം ഭൂകമ്പസാധ്യതാ മേഖലകളിലും. പരിസ്‌ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ 655 എണ്ണവും സംരക്ഷിത വനാതിര്‍ത്തിക്ക്‌ ഒരു കിലോമീറ്ററിനുള്ളില്‍ 1378 പാറമടകളും പ്രവര്‍ത്തിക്കുന്നു.

Leave A Reply

Your email address will not be published.