എ.ടി.എമ്മില്‍ നിക്ഷേപിക്കാനുള്ള ഏഴുലക്ഷം തട്ടി; തിരിച്ചടയ്‌ക്കാന്‍ ബിവറേജസില്‍ നിന്നുള്ള 15 ലക്ഷവും മോഷ്‌ടിച്ചു: മൂന്നുപേര്‍ അറസ്‌റ്റില്‍

0

കോട്ടയം: ബിവറേജസ്‌ കോര്‍പ്പറേഷന്‍ ബാങ്കില്‍ അടയ്‌ക്കാന്‍ നല്‍കിയ 15 ലക്ഷവും എ.ടി.എമ്മില്‍ നിറക്കാനുള്ള പണവും അപഹരിച്ച കേസില്‍ സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരായ കോട്ടയം സ്വദേശികള്‍ അറസ്‌റ്റില്‍. കാഞ്ഞിരം കരിനൂറില്‍ ഡുഡു ജൊണാള്‍ഡ്‌ ജോസ്‌ (27), മള്ളൂശേരി പുകടിയില്‍ അഖില്‍ (25), പാമ്പാടി മീനടം പാറപ്പറമ്പില്‍ ജിബു ജോസ്‌ (25) എന്നിവരെയാണ്‌ പോലീസ്‌ അറസ്‌റ്റു ചെയ്‌തത്‌. എ.ടി.എമ്മില്‍ പണം നിറയ്‌ക്കാനും ബിവറേജസ്‌ കോര്‍പ്പറേഷന്റെ പ്രതിദിന വരുമാനം ബാങ്കിലടയ്‌ക്കാനും കരാറെടുത്ത റൈറ്റര്‍ സേഫ്‌ഗാര്‍ഡ്‌ എന്ന സ്വകാര്യ ഏജന്‍സിയിലെ ജീവനക്കാരാണ്‌ മൂവരും.

നാഗമ്പടത്തെ ബിവറേജസില്‍നിന്നു ബാങ്കില്‍ അടയ്‌ക്കാന്‍ നല്‍കിയ 15.16 ലക്ഷം തട്ടിയെടുത്തെന്നാണ്‌ പരാതി. എ.ടിഎമ്മില്‍ നിറയ്‌ക്കാനുള്ള തുകയില്‍ ഏഴു ലക്ഷവും പലതവണയായി സംഘം നേരത്തേ തട്ടിയെടുത്തിരുന്നു. തുടര്‍ന്ന്‌ ഏജന്‍സി നടത്തിയ അന്വേഷണത്തിനൊടുവില്‍ പിടിക്കപ്പെടുമെന്ന്‌ ഉറപ്പായതോടെ ഈ തുക തിരികെ നല്‍കാന്‍ സംഘം നിര്‍ബന്ധിതരായി. ഇതിനാവശ്യമായ പണം കണ്ടെത്താനാണ്‌ സംഘം ബിവറേജസില്‍ തട്ടിപ്പു നടത്തിയത്‌. നാഗമ്പടത്തെ ബിവറേജസ്‌ കോര്‍പ്പറേഷന്‍ ചില്ലറ വില്‍പനശാലയില്‍ നിന്നുള്ള പ്രതിദിന കളക്ഷനാണ്‌ ഇവര്‍ തട്ടിയെടുത്തത്‌. 2016 നവംബര്‍ എട്ട്‌, ഒമ്പത്‌ ദിവസത്തെ കളക്ഷനായ 24 ലക്ഷം രൂപയില്‍ നിന്നും 15 ലക്ഷം അടങ്ങിയ ബാഗ്‌ ഒന്നാം പ്രതി ഡുഡു തന്ത്രപൂര്‍വം മാറ്റി. ഈ ബാഗ്‌ ശാസ്‌ത്രി റോഡിലെ പഞ്ചാബ്‌ നാഷണല്‍ ബാങ്കിന്റെ എ.ടി.എമ്മിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചു. അഖിലും ജിബുവും ചേര്‍ന്ന്‌ ഈ പണത്തില്‍ നിന്നും ഏഴു ലക്ഷമെടുത്ത്‌ ബാങ്കില്‍ അടച്ച്‌ പ്രശ്‌നം പരിഹരിച്ചു. ബാക്കി തുക കൈയില്‍ സൂക്ഷിച്ചു. ബിവറേജിലെ പണം ബാങ്കില്‍ അടച്ചതായി കൃത്രിമ രേഖയും ഉണ്ടാക്കി. എന്നാല്‍, ആ മാസത്തെ ബാങ്ക്‌ സ്‌റ്റേറ്റുമെന്റ്‌ ലഭിച്ചതോടെയാണ്‌ തട്ടിപ്പു നടന്നതായി കോര്‍പ്പറേഷന്‍ അധികൃതര്‍ കണ്ടെത്തിയത്‌. പണം തട്ടിയതായി കണ്ടെത്തിയതോടെ പണം അടയ്‌ക്കാന്‍ കരാര്‍ എടുത്ത സ്വകാര്യകമ്പനി കഴിഞ്ഞ ഫെബ്രുവരിയില്‍ പോലീസില്‍ പരാതി നല്‍കി. ഇതോടെ പ്രതികള്‍ മുങ്ങുകയായിരുന്നു. ഇതിനെിടെ ഹൈക്കോടതിയിലടക്കം ജ്യാമ്യത്തിനു ശ്രമിച്ച പ്രതികള്‍ ജ്യാമ്യം ലഭിക്കാതെ വന്നതോടെ കോടതിയില്‍ സറണ്ടറാവാന്‍ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച്‌ ഡുഡു കഴിഞ്ഞയാഴ്‌ ച കോടതിയിലെത്തി കീഴടങ്ങിയിരുന്നു. അഖിലിനേയും ലിബുവിനേയും കഴിഞ്ഞ ദിവസം പോലീസ്‌ വിളിച്ചു വരുത്തി അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കോട്ടയം ജില്ലാ പോലീസ്‌ മേധാവി വി.എം. മുഹമ്മദ്‌ റഫീഖ്‌, ഡിവൈ.എസ്‌.പി. സഖറിയാ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ്‌ പ്രതികളെ കണ്ടെത്തിയത്‌. ഈസ്‌റ്റ് സി.ഐ. സാജു വര്‍ഗീസ്‌, എ.എസ്‌.ഐമാരായ കെ.ബി. അനീഷ്‌, ആനന്ദ്‌ അമൃതരാജ്‌, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫിസര്‍ പി.എന്‍. മനോജ്‌, അനില്‍ പ്രകാശ്‌, എം.ഇ. കുഞ്ഞുമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.

Leave A Reply

Your email address will not be published.