ദക്ഷിണകൊറിയയില്‍ ആശുപത്രി കെട്ടിടത്തിന് തീപിടിച്ചു: 31 പേര്‍ വെന്തുമരിച്ചു

0

സോള്‍: ദക്ഷിണകൊറിയയില്‍ ആശുപത്രിക്ക് തീപിടിച്ച് 31 പേര്‍ വെന്തു മരിച്ചു. നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. തെക്കുകിഴക്കന്‍ നഗരമായ മിര്‍യാംഗിലെ ആശുപത്രിയിലാണ് അഗ്നിബാധയുണ്ടായത്. സെഡോംഗ് ആശുപത്രിയിലെ എമര്‍ജന്‍സി റൂമിലുണ്ടായ തീ മറ്റു നിലകളിലേക്ക് പടരുകയായിരുന്നു. പരിക്കേറ്റവരില്‍ 11 പേരുടെ നില ഗുരതരമാണ്.

വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 7.30നാണ് അപകടമുണ്ടായത്. സോളില്‍ നിന്നും 270 കിലോമീറ്റര്‍ അകലെയാണ് മിര്‍യാംഗ്. അപകടസമയത്ത് ഏതാണ് ഇരുനൂറോളം ആളുകള്‍ ആശുപത്രിയിലുണ്ടായിരുന്നു.

പ്രായമായവരെ പരിചരിക്കുന്ന നഴ്സിംഗ് ഹോമും ആശുപത്രിയും ചേര്‍ന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന എത്തിയാണ് കാര്യങ്ങള്‍ നിയന്ത്രണവിധേയമാക്കിയത്. പ്രായമായവരടക്കം നൂറോളം രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു.

പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തീപിടിത്തത്തിന് കാരണം അറിവായിട്ടില്ല.

Leave A Reply

Your email address will not be published.