രാജ്പഥില്‍ രാഷ്ട്രപതി ദേശീയപതാകയുയര്‍ത്തി; കനത്ത സുരക്ഷയില്‍ രാജ്യത്ത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം

0

ന്യൂഡല്‍ഹി: കന്നത്ത സുരക്ഷയ്ക്കിടെ രാജ്യം ഇന്ന 69ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാവിലെ വിജയ് ചൗക്കില്‍ എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പതാകയുയര്‍ത്തി. രാജ്യത്തിന് വേണ്ടി വീര ചരമം പ്രാപിച്ച ധീരജവാന്മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യാ ഗേറ്റിലെ അമര്‍ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. രാവിലെ തന്നെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും റിപബ്ലിക്ക് ദിനാഘോഷപരിപാടികള്‍ ആരംഭിച്ചിരുന്നു.

ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ തായ്ലന്‍ഡ്, ഇന്തോനീഷ്യ, സിംഗപ്പുര്‍, ബ്രൂണെ, ലാവോസ്, മ്യാന്‍മര്‍, കംബോഡിയ, മലേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്നാം രാഷ്ട്രത്തലവന്‍മാരാണു റിപ്പബ്ലിക് ദിനാഘോഷത്തിലെ മുഖ്യാതിഥികള്‍. ഇവര്‍ ഇന്നലെ ഡല്‍ഹിയിലെത്തി. ഇതാദ്യമായാണ് ഇത്രയധികം രാഷ്ട്രത്തലവന്മാര്‍ റിപബ്ലിക്ക് ദിനത്തില്‍ ഇന്ത്യയില്‍ എത്തുന്നത്.

കരസേന, വ്യോമസേന, നാവികസേന എന്നിവയുടെ കരുത്തു പ്രദര്‍ശിപ്പിക്കുന്നതാവും പരേഡ്. കൂടാതെ, അതിഥി രാജ്യങ്ങളിലെ എഴുനൂറോളം വിദ്യാര്‍ഥികളുടെ കലാവിരുന്നുമുണ്ടാകും. ചരിത്രത്തില്‍ ആദ്യമായി ബിഎസ്എഫിലെ വനിതാ അംഗങ്ങളുടെ ബൈക്ക് അഭ്യാസവും റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കും. റോയല്‍ എന്‍ഫീല്‍ഡില്‍ 27 വനിതകള്‍ ഉള്‍പ്പെട്ട ഡെയര്‍ഡവിള്‍സംഘം സാഹസീക പ്രകടനം നടത്തും

സുരക്ഷയുടെ ഭാഗമായി അറുപതിനായിരത്തോളം സൈനീകരെയാണ് പരേഡ് നടക്കുന്ന രാജ്പഥിലും സമീപത്തുമായി വിന്യസിച്ചിരിക്കുന്നത്. വിമാനവേധത്തോക്കുകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളുമായാണ് ഇവര്‍ നിലയുറപ്പിച്ചിട്ടുള്ളത്. കേന്ദ്രസേനാവിഭാഗങ്ങളില്‍നിന്നും പോലീസില്‍നിന്നും അരലക്ഷത്തോളം സേനാംഗങ്ങള്‍ക്കാണു തലസ്ഥാനനഗരിയുടെ സുരക്ഷാചുമതല. അസം, ഗുജറാത്ത്, ജമ്മു- കശ്മീര്‍, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.