കാരാട്ട്‌പക്ഷത്തെ കടന്നാക്രമിച്ച്‌ യെച്ചൂരിയുടെ അഭിമുഖ യുദ്ധം

0

ന്യൂഡല്‍ഹി : “എന്നെ കോണ്‍ഗ്രസ്‌ അനുകൂലിയെന്നു മുദ്ര കുത്തിയാല്‍, അങ്ങനെ പറയുന്നവര്‍ ബി.ജെ.പി. അനുകൂലികളാണെന്ന പ്രത്യാരോപണം എനിക്ക്‌ ഉന്നയിക്കാം. ഞാന്‍ കോണ്‍ഗ്രസ്‌ അനുകൂലിയോ ബി.ജെ.പി. അനുകൂലിയോ അല്ല. ഇന്ത്യക്കും ഇന്ത്യക്കാര്‍ക്കും വേണ്ടിയാണു ഞാന്‍ വാദിക്കുന്നത്‌.” വാദിക്കുന്ന ആളാണ്‌.

“സൃഷ്‌ടിപരമായ ശാസ്‌ത്രമാണു മാര്‍ക്‌സിസം. ഓരോ സാഹചര്യത്തിനും അനുസൃതമായി വിലയിരുത്തല്‍ നടത്തുന്നതാണ്‌ മാര്‍ക്‌സിസത്തിന്റെ അടിസ്‌ഥാനതത്വം. സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച്‌ വിലയിരുത്തലും മാറും. മാറാന്‍ കഴിയാത്തവര്‍ മാര്‍ക്‌സിസ്‌റ്റല്ല. ഒരു കമ്യൂണിസ്‌റ്റ്‌ ഇങ്ങനെയായിരിക്കണമെന്നാണു ഞാന്‍ വിശ്വസിക്കുന്നത്‌.”

ബി.ജെ.പിക്കെതിരേ കോണ്‍ഗ്രസുമായി സഹകരണത്തിനുള്ള സാധ്യതകള്‍ തുറന്നിടണമെന്ന തന്റെ രാഷ്‌ട്രീയ ലൈന്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി വോട്ടിനിട്ടു തള്ളിയതിനു പിന്നാലെ സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രണ്ടു ദിനപത്രങ്ങള്‍ക്കു നല്‍കിയ അഭിമുഖങ്ങളില്‍ പറഞ്ഞത്‌ ഇങ്ങനെ…കോണ്‍ഗ്രസുമായി സഖ്യമോ നീക്കുപോക്കുകള്‍ പോലുമോ വേണ്ടെന്ന മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടിന്റെ രേഖയാണു കേന്ദ്രകമ്മിറ്റി സ്വീകരിച്ചത്‌. ഈ പശ്‌ചാത്തലത്തിലുള്ള അഭിമുഖങ്ങളില്‍ യെച്ചൂരി തുറന്നുപറഞ്ഞ കാര്യങ്ങള്‍ നേതൃതലത്തിലെ ഭിന്നതയുടെ ആഴം വെളിവാക്കുന്നതായി.

വരുന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ അധികാരത്തിനു പുറത്തുനിര്‍ത്താന്‍ ആവശ്യമായ കാര്യങ്ങളാണു ചെയ്യേണ്ടത്‌. പ്രഥമപരിഗണന നല്‍കേണ്ടത്‌ അതിനാണ്‌. അതെങ്ങനെ സാധിക്കുന്നുവെന്നത്‌ പരിഗണിക്കേണ്ട കാര്യമില്ല.

കോണ്‍ഗ്രസുമായുള്ള ബന്ധം സംബന്ധിച്ച നിലപാടിനു കേന്ദ്രകമ്മിറ്റിയില്‍ ഭൂരിപക്ഷ പിന്തുണ ലഭിക്കാതിരുന്നതോടെ ജനറല്‍ സെക്രട്ടറിസ്‌ഥാനം ഒഴിയുകയാണെന്നു പോളിറ്റ്‌ ബ്യൂറോയെ അറിയിച്ചിരുന്നു. തന്റെ നിലപാട്‌ പാര്‍ട്ടിയിലെ ഭൂരിപക്ഷം അംഗീകരിച്ചില്ലെങ്കില്‍ രാജിസന്നദ്ധത അറിയിക്കുന്നത്‌ സ്വാഭാവികമാണ്‌. എന്നാല്‍ തുടരാന്‍ പോളിറ്റ്‌ ബ്യൂറോ ഏകകണ്‌ഠമായി ആവശ്യപ്പെടുകയായിരുന്നു. ഇപ്പോള്‍ ഒഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന പ്രതീതിയുണ്ടാകും, പ്രത്യേകിച്ച്‌ പാര്‍ട്ടിയുടെ ശക്‌തികേന്ദ്രങ്ങളിലൊന്നായ ത്രിപുരയില്‍ നിയമസഭാ തെരെഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തില്‍. തുടരാന്‍ കേന്ദ്രകമ്മിറ്റിയും ഐകകണ്‌ഠ്യേന ആവശ്യപ്പെട്ടു. അതുകൊണ്ടാണ്‌ കൊല്‍ക്കത്തയിലെ വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രകമ്മിറ്റിയും പോളിറ്റ്‌ ബ്യൂറോയും ആവശ്യപ്പെട്ടത്‌ കൊണ്ട്‌ തുടരുകയാണ്‌ എന്ന്‌ പ്രതികരിച്ചത്‌.

യെച്ചൂരി രാജിസന്നദ്ധത അറിയിച്ചതായ റിപ്പോര്‍ട്ട്‌ നേരത്തെ കാരാട്ട്‌ തള്ളിയിരുന്നു. കാരാട്ടിന്റെ ഈ വാദം തെറ്റാണെന്നു വ്യക്‌തമാക്കുക കൂടിയാണ്‌ അഭിമുഖത്തില്‍ യെച്ചൂരി ചെയ്‌തത്‌.

ജ്യോതിബസുവിനെ പ്രധാനമന്ത്രിയാക്കണമെന്ന ഹര്‍കിഷന്‍ സിങ്‌ സുര്‍ജിത്തിന്റെ നിര്‍ദേശം കേന്ദ്രകമ്മിറ്റി രണ്ടുതവണ വോട്ടിനിട്ട്‌ തള്ളിയതാണ്‌. ഈ നിലപാട്‌ പിന്നീട്‌ പാര്‍ട്ടി കോണ്‍ഗ്രസും തള്ളി. എന്നിട്ടും ഏഴ്‌ വര്‍ഷം കൂടി അദ്ദേഹം ജനറല്‍ സെക്രട്ടറിയായി തുടര്‍ന്നതു യെച്ചൂരി ചൂണ്ടിക്കാട്ടി.

പാര്‍ട്ടി കോണ്‍ഗ്രസ്‌ തീരുമാനിക്കുന്നത്‌ വരെ പാര്‍ട്ടിയില്‍ ഒന്നും അന്തിമമല്ല. ബി.ജെ.പിയുടെ പഴയരൂപമായ ജനസംഘത്തോട്‌ 1975-ല്‍ സുന്ദരയ്യ സ്വീകരിച്ച നിലപാട്‌ അക്കാലത്ത്‌ പാര്‍ട്ടി എതിര്‍ത്തെങ്കിലും പിന്നീട്‌ 1978-ല്‍ പാര്‍ട്ടി കോണ്‍ഗ്രസ്‌ ചേര്‍ന്ന്‌ അംഗീകരിക്കുകയാണ്‌ുണ്ടായതെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.