ബിനോയിക്കു ദുബായ്‌ ക്ലീന്‍ചിറ്റ്‌ ; വിവാദവും ദുരൂഹതയും തുടരുന്നു

0

തിരുവനന്തപുരം /ന്യൂഡല്‍ഹി : ബിനോയ്‌ കോടിയേരിക്കെതിരേ കേസുകളൊന്നും നിലവിലില്ലെന്ന ദുബായ്‌ പോലീസിന്റെ റിപ്പോര്‍ട്ട്‌ പുറത്തുവന്നതോടെ സി.പി.എം. തല്‍ക്കാലം തലയൂരിയെങ്കിലും സാമ്പത്തിക ഇടപാട്‌ സംബന്ധിച്ച ദുരൂഹത തുടരുന്നു. മകനെതിരായ ആരോപണത്തിന്റെ പേരില്‍ സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെ പ്രതിരോധിക്കാന്‍ സി.പി.എം. കേരളഘടകം ഒറ്റക്കെട്ടായി രംഗത്തിറങ്ങി. എന്നാല്‍, പ്രശ്‌നം എളുപ്പത്തില്‍ അവസാനിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണു പ്രതിപക്ഷം.

ബിനോയ്‌ കോടിയേരിക്കെതിരേ സര്‍ക്കാരിനു പരാതി ലഭിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ ഒരന്വേഷണത്തിനും തയാറല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്‌തമാക്കി. ഇതില്‍ പ്രതിഷേധിച്ച്‌ യു.ഡി.എഫ്‌. അംഗങ്ങള്‍ നിയമസഭയില്‍നിന്ന്‌ ഇറങ്ങിപ്പോയി. ഇന്ത്യ, നേപ്പാള്‍, വിയ്‌റ്റ്‌നാം, യു.എ.ഇ. എന്നിവിടങ്ങളില്‍ വ്യാപാരം നടത്തുന്ന ബിനോയിയുടെ സാമ്പത്തികസ്രോതസ്‌ അറിയണമെന്നു പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. പ്ലീനത്തെക്കുറിച്ചും ലളിതജീവിതത്തെക്കുറിച്ചുമൊക്കെ വാതോരാതെ പറയുന്ന സി.പി.എം. സംസ്‌ഥാന സെക്രട്ടറിയുടെ മകനാണു തട്ടിപ്പു നടത്തിയത്‌.

ഇതു കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും ഇറങ്ങിപ്പോക്കിനു മുമ്പ്‌ രമേശ്‌ പറഞ്ഞു. അതേസമയം, പ്രശ്‌നത്തില്‍ അന്വേഷണമാവശ്യപ്പെട്ട്‌ ബി.ജെ.പി. എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിനെ സമീപിച്ചു. കടലില്‍ കുളിക്കുന്നവനെ കുളത്തിന്റെ ആഴം കാട്ടി പേടിപ്പിക്കരുത്‌ എന്ന ബിനീഷ്‌ കോടിയേരിയുടെ ഫെയ്‌സ്‌ബുക്‌ പോസ്‌റ്റും വിവാദമായി. മകനെതിരേ ദുബായില്‍ ഒരു ക്രിമിനല്‍ കേസും നിലവിലില്ലെന്നും ഗൂഢാലോചനയുടെ ഭാഗമായാണു വാര്‍ത്തകള്‍ പ്രചരിച്ചതെന്നുമുള്ള കോടിയേരിയുടെ വാദം സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ അംഗീകരിച്ചു.

കോടിയേരിക്കു പിന്തുണ പ്രഖ്യാപിച്ചെങ്കിലും പാര്‍ട്ടി സംസ്‌ഥാന സെക്രട്ടേറിയറ്റില്‍ മണിക്കൂറുകളോളം നടന്ന ചര്‍ച്ച പ്രശ്‌നത്തിന്റെ ഗൗരവം വെളിപ്പെടുത്തി. സെക്രട്ടേറിയറ്റ്‌ യോഗത്തിനു പിന്നാലെ ബിനോയിക്കു ക്ലീന്‍ ചിറ്റ്‌ നല്‍കിക്കൊണ്ടുള്ള ദുബായ്‌ പോലീസിന്റെയും കോടതിയുടെയും റിപ്പോര്‍ട്ട്‌ പുറത്തുവിട്ടു. ബിനോയിയുടെ പേരില്‍ ദുബായില്‍ ക്രിമിനല്‍ കേസുകളൊന്നുമില്ലെന്നു വ്യക്‌തമാക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ ഇന്നലത്തെ തീയതിയാണുള്ളത്‌. ബിനോയ്‌ ദുബായ്‌ പോലീസില്‍ അപേക്ഷ സമര്‍പ്പിച്ചാണു സര്‍ട്ടിഫിക്കറ്റ്‌ നേടിയത്‌.

പരാതിക്കാരനായ രാഹുല്‍ കൃഷ്‌ണയുമായി 30 ലക്ഷം ദിര്‍ഹത്തിന്റെ ഇടപാടാണുണ്ടായിരുന്നതെന്നും അതില്‍ 20 ലക്ഷം ദിര്‍ഹം തിരിച്ചടച്ചെന്നുമായിരുന്നു കഴിഞ്ഞദിവസം ബിനോയിയുടെ വിശദീകരണം. 10 ലക്ഷം ദിര്‍ഹം നല്‍കാനുള്ളപ്പോള്‍തന്നെ 60,000 ദിര്‍ഹം ദുബായ്‌ കോടതിയില്‍ പിഴയടച്ചു പ്രശ്‌നം തീര്‍ത്തതായി ബിനോയ്‌ വ്യക്‌തമാക്കുമ്പോഴും കണക്ക്‌ ശരിയാകുന്നില്ലെന്നതാണു വസ്‌തുത. മകനെതിരേ ദുബായില്‍ ക്രിമിനല്‍ കേസ്‌ നിലവിലില്ലെന്നാണു കോടിയേരിയുടെ വാദം.

ദുബായ്‌ പോലീസിന്റെ സര്‍ട്ടിഫിക്കറ്റും അങ്ങനെതന്നെ. സാമ്പത്തികത്തട്ടിപ്പു സംബന്ധിച്ച കേസ്‌ നിലവിലുണ്ടെന്ന സൂചനയാണിതു നല്‍കുന്നത്‌. ബിനോയിക്കെതിരേ ദുബായിലുള്ളതു സിവില്‍ കേസ്‌ മാത്രമാണെന്ന സി.പി.എം. പോളിറ്റ്‌ ബ്യൂറോ അംഗം എസ്‌. രാമചന്ദ്രന്‍പിള്ളയുടെ പ്രതികരണവും ശ്രദ്ധേയമാണ്‌. തനിക്കെതിരേ ഇന്ത്യയിലോ ദുബായിലോ ഏതെങ്കിലും തരത്തിലുള്ള കേസുകളോ യാത്രാവിലക്കോ നിലവിലില്ലെന്നു ബിനോയിതന്നെ വ്യക്‌തമാക്കിയിട്ടുണ്ടെന്നു സി.പി.എമ്മിന്റെ ഔദ്യോഗികപ്രസ്‌താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

കോടിയേരിയുടെ മക്കള്‍ എങ്ങനെ കോടീശ്വരന്‍മാരായെന്നും 30 ലക്ഷം ദിര്‍ഹത്തിന്റെ വായ്‌പ തിരിച്ചടയ്‌ക്കാന്‍ മാത്രം ബിനോയിക്ക്‌ എന്താണു ബിസിനസെന്നുമുള്ള ചോദ്യമാണു സി.പി.എമ്മിന്റെ എതിരാളികള്‍ ഉയര്‍ത്തുന്നത്‌. സി.പി.എം. നേതാക്കളും കുടുംബാംഗങ്ങളും ധാര്‍മികവും ലളിതവുമായ ജീവിതം നയിക്കണമെന്ന പാലക്കാട്‌ പ്ലീനത്തിലെ രാഷ്‌ട്രീയനയരേഖയും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ബിനോയിക്കെതിരായ ആരോപണം വ്യാജവാര്‍ത്തയാണെന്നും അതിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നുമാണു സി.പി.എം. സംസ്‌ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടത്‌.

നിയമസഭ നടക്കുന്നതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുത്തില്ല. വൈകിട്ടു പിണറായിയും പങ്കെടുത്ത യോഗത്തിനുശേഷം കോടിയേരിക്കു പൂര്‍ണപിന്തുണ പ്രഖ്യാപിച്ച്‌ പാര്‍ട്ടി ഒദ്യോഗികപ്രസ്‌താവനയിറക്കി. ദുബായിലെ സാമ്പത്തിക ഇടപാടു സംബന്ധിച്ചു പരാതികള്‍ ഉള്ളതായാണു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. വിദേശരാജ്യത്തു രണ്ടു കക്ഷികള്‍ തമ്മില്‍ നടന്നെന്നു പറയപ്പെടുന്ന സാമ്പത്തിക ഇടപാടില്‍ കേരളസര്‍ക്കാരിനോ കേരളത്തിലെ സി.പി.എമ്മിനോ യാതൊന്നും ചെയ്യാനില്ലെന്നും പ്രസ്‌താവനയില്‍ പറയുന്നു. മാധ്യമവാര്‍ത്തകള്‍ക്കു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച ആരോപണം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ലക്ഷ്യമിട്ടാണെന്നു വിലയിരുത്തപ്പെടുന്നു. പ്രശ്‌നത്തില്‍ “കേരളത്തിലെ സി.പി.എമ്മിന്‌” ഒന്നും ചെയ്യാനില്ലെന്ന പരാമര്‍ശവും ശ്രദ്ധേയമാണ്‌.

Leave A Reply

Your email address will not be published.