കടല്‍ക്കൊല: അജീഷിന്റെ സഹോദരിമാര്‍ നിയമപോരാട്ടത്തിന്‌

0

മൂവാറ്റുപുഴ: കടല്‍ക്കൊലക്കേസിലെ ഒത്തുതീര്‍പ്പ്‌ വ്യവസ്‌ഥകള്‍ പുനഃപരിശോധിക്കേണ്ടതില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ വിധിക്കെതിരേ, കൊല്ലപ്പെട്ട അജീഷ്‌ പിങ്കിന്റെ സഹോദരിമാര്‍ അപ്പീല്‍ നല്‍കും. കൊല്ലപ്പെട്ട ജലസ്‌റ്റിന്റെയും അജീഷിന്റെയും കുടുംബാംഗങ്ങള്‍ക്ക്‌ ഒരു കോടി രൂപ വീതം നഷ്‌ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി അദാലത്തിലുണ്ടായ ധാരണ ചോദ്യംചെയ്യുന്ന ഹര്‍ജി ജസ്‌റ്റിസ്‌ എ.എം. ഷെഫീക്ക്‌ കഴിഞ്ഞ 25-ന്‌ തള്ളിയിരുന്നു. ഇതിനെതിരേയാണ്‌ അജീഷിന്റെ സഹോദരിമാരായ അഭിനയ സേവ്യറും അഗുന സേവ്യറും ഡിവിഷന്‍ ബെഞ്ചില്‍ അപ്പീലിനൊരുങ്ങുന്നത്‌.

എന്റിക്ക ലെക്‌സി കപ്പലിലെ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ്‌ 2012 ഫെബ്രുവരിയിലാണ്‌ സെന്റ്‌ ആന്റണീസ്‌ ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്‌.

സംഭവസമയത്തു ബോട്ടിലുണ്ടായിരുന്ന 12 വയസുകാരന്‍ ബിര്‍വിലിന്റെ മൊഴിയെടുക്കാനോ എഫ്‌.ഐ.ആറില്‍ സാക്ഷിയാക്കാനോ നീണ്ടകര കോസ്‌റ്റല്‍ പോലീസ്‌ തയാറായില്ല. ബോട്ടുടമ ഫ്രെഡി കപ്പലുടമകള്‍ക്ക്‌ അനുകൂലമായി മൊഴിനല്‍കുകയും ചെയ്‌തു.

ഈ കേസില്‍ രഹസ്യധാരണകള്‍ ഉണ്ടായതിന്റെ തെളിവാണിതെന്ന്‌ കൊല്ലപ്പെട്ടപ്പോള്‍ 18 വയസ്‌ മാത്രമുണ്ടായിരുന്ന അജീഷിന്റെ സഹോദരിമാര്‍ ആരോപിക്കുന്നു. ഇവരുടെ പിതാവ്‌ ആന്റണി സേവ്യര്‍ എട്ടു വര്‍ഷം മുന്‍പും അമ്മ അമല മേരി ആറു വര്‍ഷം മുന്‍പും മരിച്ചു. മാതാപിതാക്കള്‍ നഷ്‌ടപ്പെട്ട കുട്ടികളായിരുന്ന തങ്ങള്‍ക്ക്‌ ഏക ആശ്രയമായ മൂത്ത സഹോദരനെയാണു നഷ്‌ടപ്പെട്ടത്‌.

പിതൃസഹോദരി ജാനറ്റ്‌ മേരിയാണ്‌ ഉറ്റ ബന്ധു എന്ന നിലയില്‍ കപ്പലുടമകളുമായുള്ള ഒത്തുതീര്‍പ്പു കരാറില്‍ ഒപ്പുവച്ചത്‌. ബോട്ടുടമ ഫ്രെഡിയുടെ സമ്മര്‍ദത്താല്‍ മറ്റു പോംവഴികളില്ലാതെയായിരുന്നു അതെന്ന്‌ 22 വയസുള്ള അഭിനയ പറയുന്നു.

തങ്ങള്‍ക്കു പ്രായപൂര്‍ത്തിയായപ്പോഴാണ്‌ ഒത്തുതീര്‍പ്പു വ്യവസ്‌ഥകളിലെ പോരായ്‌മകള്‍ തിരിച്ചറിഞ്ഞതെന്ന്‌ സഹോദരിമാര്‍ വ്യക്‌തമാക്കി.

ജ്യേഷ്‌ഠന്‍ നഷ്‌ടപ്പെട്ട സഹോദരിമാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാതെ, ഇറ്റാലിയന്‍ സര്‍ക്കാര്‍ വിലപേശലിലൂടെ കരാര്‍ ഉണ്ടാക്കുകയായിരുന്നു.

അച്‌ഛനമ്മമാര്‍ക്കു പിന്നാലെ ഏക സഹോദരനെയും നഷ്‌ടപ്പെട്ട തങ്ങള്‍ക്കുണ്ടായ നഷ്‌ടത്തെപ്പറ്റി തെളിവെടുപ്പോ കേസില്‍ ശാസ്‌ത്രീയ അന്വേഷണമോ ഉണ്ടായില്ല. കന്യാകുമാരി തുത്തൂര്‍ സുനാമി കോളനിയില്‍ താമസിക്കുന്ന അന്തോണിപ്പിള്ളയുടെ മകനാണു ബിര്‍വില്‍. സംഭവത്തില്‍ പരുക്കേറ്റിരുന്നെങ്കിലും യാതൊരു നഷ്‌ടപരിഹാരവും ലഭിച്ചില്ല. തൊട്ടരികില്‍ രണ്ടുപേര്‍ നെറ്റിയിലും നെഞ്ചിലും വെടിയേറ്റ്‌ പിടഞ്ഞുമരിക്കുന്നത്‌ നേരില്‍ക്കണ്ട ബിര്‍വിലിന്‌ അന്നുമുതല്‍ മാനസികാസ്വാസ്‌ഥ്യമുണ്ടെന്ന്‌ ബന്ധുക്കള്‍ പറയുന്നു. ഉറക്കത്തില്‍ ഞെട്ടിയുണരുകയും കരയുകയും ചെയ്ും. യകാഴ്‌ചയില്ലാത്ത അച്‌ഛനെയും ഏഴു സഹോദരിമാരെയും പോറ്റാനായി ഇപ്പോഴും ഈ 17 വയസുകാരന്‍ കടലില്‍പോകുന്നു.

പുറങ്കടലില്‍ എന്താണു സംഭവിച്ചതെന്ന്‌ വ്യക്‌തമായി അറിയാവുന്ന ബിര്‍വിലിന്റെ മൊഴി എഫ്‌.ഐ.ആറില്‍ ഉള്‍പ്പെടുത്താന്‍ ഉദ്യോഗസ്‌ഥര്‍ തയാറാകാതിരുന്നത്‌ ബോട്ടുടമയുടെ താല്‍പര്യപ്രകാരമാണെന്നു സംശയിക്കുന്നു.

മൃതദേഹങ്ങളുമായി എട്ടു മണിക്കൂര്‍ സഞ്ചരിച്ചാണു കരയിലെത്തിയത്‌. സംഭവത്തിന്റെ ആഘാതം മാറ്റാന്‍ കൗണ്‍സിലിങ്‌ നല്‍കാന്‍ പോലും ആരുമുണ്ടായില്ല. ഫ്രെഡി പിന്നീട്‌ പുതിയ ബോട്ട്‌ വാങ്ങി. തകര്‍ന്ന ബോട്ട്‌ തൊണ്ടിമുതലായി നീണ്ടകര കോസ്‌റ്റല്‍ പോലീസിന്റെ കസ്‌റ്റഡിയിലാണ്‌.

Leave A Reply

Your email address will not be published.