ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; മഞ്ജു വാര്യര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നഷ്ടമായത് ഇക്കാരണത്താല്‍
ആലപ്പുഴ: നടി മഞ്ജു വാര്യര്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. മഞ്ജു സ്ഥാനാര്‍ത്ഥിയാകുമെന്ന ചര്‍ച്ചകള്‍ സജീവമായതോടെ വാര്‍ത്ത നിഷേധിച്ച് സി.പി.എം നേതൃത്വം തന്നെ രംഗത്ത് വന്നു. ജില്ലയിലെ പ്രമുഖ നേതാവാണ് മഞ്ജുവിന്റെ പേര് നിര്‍ദ്ദേശിച്ചതെന്നാണ് സൂചന. നേതാവിനെതിരെ പാര്‍ട്ടിയില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ജില്ലയില്‍ നിന്നുള്ള മന്ത്രിയുമായി അടുപ്പം പുലര്‍ത്തുന്ന നേതാവാണ് മഞ്ജുവിന്റെ പേര് ഉന്നയിച്ചത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ പാര്‍ട്ടി ഒരു ഘട്ടത്തിലും ആലോചിക്കുക പോലും ചെയ്യാത്ത കാര്യം ചര്‍ച്ച ചെയ്ത് വെറുതെ സമയം കളയേണ്ടെന്ന് പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശം നല്കി. കേരളത്തില്‍ നടന്ന ബി.ജെ.പി ദേശീയ സമ്മേളനത്തില്‍ മഞ്ജു വാര്യര്‍ നൃത്തം അവതരിപ്പിച്ച കാര്യവും പാര്‍ട്ടിയില്‍ ചര്‍ച്ചയായി.
മഞ്ജുവിനെ മുന്‍ നിര്‍ത്തി മാധ്യമങ്ങള്‍ നടത്തുന്ന ചര്‍ച്ചകള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് മഞ്ജുവിനെ പരിഗണിക്കുന്നില്ലെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി സജി ചെറിയാന് വ്യക്തമാക്കിയത്. പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെയുള്ളവരെയാണ് പരിഗണിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സി.പി.എം ചെങ്ങന്നൂര്‍ ഏരിയ നേതൃത്വവുമായി ആലോചിച്ച് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കും.
2016ലെ തെരഞ്ഞെടുപ്പില്‍ പി.സി വിഷ്ണുനാഥില്‍ നിന്ന് പിടിച്ചെടുത്ത മണ്ഡലം നിലനിര്‍ത്താനാണ് സി.പി.എം ശ്രമം. അതിനാല്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെയാണ് സി.പി.എം പരിഗണിക്കുന്നത്. യു.ഡി.എഫില്‍ കഴിഞ്ഞ തവണ പരാജയപ്പെട്ട പി.സി വിഷ്ണുനാഥിനാണ് പ്രഥമ പരിഗണന. എം.മുരളിയേയും പരിഗണിക്കുന്നു. ബി.ജെ.പിയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ശ്രീധരന്‍പിള്ളയുടെ പേരിനാണ് മുന്‍തൂക്കം.