അഗ്നി-1 ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയം
ബാലസോര്‍: തദ്ദേശീയമായി നിര്‍മിച്ച, അണ്വായുധ വാഹക ശേഷിയുള്ള അഗ്നി-1(എ) ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു.
ഒഡീഷയിലെ അബ്ദുള്‍ കലാം ദ്വീപിലെ (വീലര്‍ ഐലന്‍ഡ്) വിക്ഷേപണകേന്ദ്രത്തില്‍നിന്ന് ഇന്നലെ രാവിലെ 8.30 നായിരുന്നു പരീക്ഷണം. കരസേനയുടെ സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡിന്റെ (എസ്.എഫ്.സി.) പരിശീലനത്തിന്റെ ഭാഗമായാണു പരീക്ഷണം നടത്തിയത്.
700 കിലോമീറ്ററാണ് ഭൂതല-ഭൂതല മിസൈലിന്റെ ദൂരപരിധി. ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ ഡവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഡി.ആര്.ഡി.ഒ.യാണു മിസൈല്‍ നിര്‍മിച്ചത്.
അഗ്നി- ഒന്നിന്റെ പതിനെട്ടാമതു പതിപ്പാണ് ഇന്നലെ വിക്ഷേപിച്ച മിസൈല്‍. ആധുനിക ഗതിനിര്‍ണയ സംവിധാനങ്ങളോടു കൂടിയ അഗ്നി-1 മിസൈല്‍ കൃത്യമായി ലക്ഷ്യത്തിലെത്താന്‍ കഴിയുന്നതാണ്. 15 മീറ്റര്‍ നീളവും 12 ടണ്‍ ഭാരവുമുള്ള മിസൈല്‍ നേരത്തെതന്നെ സൈന്യത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.