പാകിസ്താനുള്ള യു.എസ്. സഹായം നിര്‍ത്താന്‍ ബില്‍
വാഷിങ്ടണ്‍: ഭീകരര്‍ക്കു സൈനികസഹായവും രഹസ്യവിവരവും നല്കുന്നതിനാല് പാകിസ്താനു പ്രതിരോധ ഇതര സഹായം കൊടുക്കുന്നതു നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് യു.എസ്. കോണ്‍ഗ്രസിലെ ജനപ്രതിനിധിസഭയില്‍ ബില്‍ അവതരിപ്പിച്ചു.
ഈ തുക രാജ്യത്തിന്റെ വികസനത്തിന് ഉപയോഗിക്കണമെന്ന നിര്‍ദേശത്തോടെ കോണ്‍ഗ്രസംഗങ്ങളായ മാര്‍ക് സാന്‍ഫോര്‍ഡും തോമസ് മാസിയുമാണു ബില്‍ കൊണ്ടു വന്നിരിക്കുന്നത്. അമേരിക്കന്‍ നികുതിദായകരുടെ പണം പാകിസ്താന് നല്കുന്നതില്നിന്നു യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനെയും യുണൈറ്റഡ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്മെന്റിനെയും തടയണമെന്നാണ് ഇവരുടെ ആവശ്യം.
ഈ തുക റോഡ്വികസനത്തിനുള്ള ഹൈവേട്രസ്റ്റ് ഫണ്ടിനു കൈമാറണമെന്നാണ് ഇവരുടെ നിര്‍ദേശം. കഴിഞ്ഞവര്‍ഷത്തെ 52.6 കോടി ഡോളര്‍ ഉള്‍പ്പെടെ 2011 ലെ ലോക വ്യപാര കേന്ദ്ര ആക്രമണത്തിനു ശേഷം പാകിസ്താന് അമേരിക്ക 2,04,000 കോടി രൂപയുടെ സഹായം നല്‍കിയിട്ടുണ്ട്.