ചെലവുചുരുക്കലിനിടെ എം.എല്‍.എമാരുടെ മുറിയില്‍ എ.സി. വയ്ക്കാന്‍ നീക്കം
തിരുവനന്തപുരം : സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ നീങ്ങുമ്പോള്‍ 46 ലക്ഷം ചെലവിട്ടു നിയമസഭാ സമാജികരുടെ മുറികളില്‍ എയര്‍ കണ്ടീഷണര്‍ സ്ഥാപിക്കാന്‍ നീക്കം. ഇതൊരു ആഡംബരമല്ലെന്നും ചൂടുകൂടിയ മാസങ്ങളില്‍ താമസിക്കാന്‍ കഴിയില്ലെന്നും എം.എല്‍.എമാര്‍.
ഔദ്യോഗിക വസതിയില്ലാത്ത 117പേരുടെയും എം.എല്‍.എ. ഹോസ്റ്റലിലെ മുറിയില്‍ എയര്‍ കണ്ടീഷണര്‍ സ്ഥാപിക്കാനാണു നീക്കം. എം.എല്‍.എമാരുടെ ആവശ്യം പരിഗണിച്ചാണിത്. വിഷയം പരിഗണനയിലാണെന്നും തീരുമാനമെടുത്തു ശിപാര്‍ശ ചെയ്യേണ്ടത് ഹൗസ് കമ്മിറ്റിയാണെന്നും സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി.
നിയമസഭാംഗങ്ങള്‍ക്കു താമസിക്കാന്‍ രണ്ടു മുറികളാണ് എം.എല്‍.എ. ഹോസ്റ്റലിലുള്ളത്. നിയമസഭാ സമ്മേളനം നടക്കുമ്പോഴാണു മിക്കവരും ഹോസ്റ്റല്‍ മുറികളില്‍ തങ്ങാറ്. വിപണിവിലയനുസരിച്ച് ഒരു ടണ്ണിന്റെ സ്പ്ലിറ്റ് എ.സിക്ക് ശരാശരി നാല്‍പ്പതിനായിരം രൂപയാണു വില. ഇതനുസരിച്ച് എ.സി. വാങ്ങാന്‍ മാത്രം 46 ലക്ഷം രൂപ വേണ്ടിവരും. പല ഭാഗത്തുനിന്നും ആവശ്യമുയര്‍ന്നിട്ടുണ്ടെന്നും തീരുമാനം എടുത്തിട്ടില്ലെന്നും എം.എല്‍.എ ഹോസ്റ്റല്‍ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്ന ഹൗസ് കമ്മിറ്റിയുടെ ചെയര്മാന് ജെയിംസ് മാത്യു എം.എല്‍.എ പറഞ്ഞു.
പെന്ഷന് വിതരണം ഉള്‍പ്പെടെ തടസപ്പെടുമ്പോഴാണ് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എം.എല്‍.എമാര്‍ എ.സിക്കായി മുറവിളി കൂട്ടുന്നത്. 2017 ഓഗസ്റ്റിലാണ് എം.എല്‍.എമാരുടെ ശമ്പളം 30 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് ജെയിംസ് കമ്മിഷന് ശിപാര്‍ശ ചെയ്തത്. അലവന്‍സ് ഉള്‍പ്പെടെ ശമ്പളം എണ്‍പതിനായിരം രൂപയാകും. നിലവില്‍ 39.500 രൂപയാണ് ശമ്പളയിനത്തില്‍ എം.എല്‍.എമാര്‍ക്കു ലഭിക്കുന്നത്.
എം.എല്‍.എമാര്‍ക്കു വീടു നിര്‍മിക്കുന്നതിനും വാഹനം വാങ്ങുന്നതിനുമുള്ള അഡ്വാന്‍സ് തുക ഇരട്ടിയാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ശമ്പളം കുറവാണെന്ന് എം.എല്‍.എമാര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണു കമ്മിഷനെ വച്ചത്. മെഡിക്കല്‍ ആനുകൂല്യം, നിയമസഭാ കമ്മിറ്റികളില്‍ പങ്കെടുക്കുന്നതിനു സിറ്റിങ് ഫീസ്, റോഡ് യാത്രയ്ക്കു കിലോമീറ്ററിന് കേരളത്തിനകത്ത് ഏഴു രൂപ, റെയില്‍വേ യാത്രയ്ക്കു യാത്രാക്കൂപ്പണ്‍, കെ.എസ്.ആര്.ടി.സിയില്‍ സൗജന്യ യാത്ര, പലിശരഹിത വാഹന വായ്പ, നാലു ശതമാനം നിരക്കില്‍ പത്ത് ഭവന വായ്പ തുടങ്ങിയ ആനുകൂല്യങ്ങള്‍ സാമാജികര്‍ക്കു കിട്ടുന്നുണ്ട്.