ആര്‍എസ്എസില്‍ പോകാത്തവന് ഹിന്ദുവല്ല, വന്ദേമാതരം വിളിക്കാത്തവന് ഇന്ത്യവിട്ടു പോകണമെന്നും ബിജെപി നേതാവ് ; ഇന്ത്യയിലെ മുസ്ളീങ്ങളെ പാകിസ്താനികളെന്ന് വിളിക്കുന്നവനെ മൂന്നു വര്‍ഷം ജയിലിലിടണമെന്ന് ഒവൈസി
ന്യൂഡല്‍ഹി: ആര്‍എസ്എസില്‍ പോകാത്തവനെ ഹിന്ദുവെന്ന വിളിക്കാനാകില്ലെന്നും അവര്‍ക്ക് ഇന്ത്യ വിട്ടു പോകാമെന്നുമുള്ള ബിജെപി എംഎല്‍എയുടെ പ്രസ്താവനയ്ക്ക് ഇന്ത്യന്‍ മുസ്ളീങ്ങളെ പാകിസ്താനികളെന്ന് വിളിക്കുന്നവരെ മൂന്ന് വര്‍ഷം തടവിനിടണമെന്നു മുസ്ളീം നേതാവിന്റെ മറുപടി. രണ്ടും പേരും രണ്ടിടങ്ങളിലായി പരസ്പരം അറിയാതെ നടത്തിയ പ്രസ്താവന വന്‍ വിവാദമായി.
ഭോപ്പാലില്‍ നടന്ന ഒരു ഹിന്ദു ഉത്സവ സമിതിയുടെ ചടങ്ങില്‍ ഹൈദരാബാദ് ഗോഷാല്‍ മഹല്‍ എല്‍എല്‍എ ടി രാജ സിംഗിന്റേതാണ് ആര്‍എസ്എസ് അല്ലാത്തവര്‍ക്ക് രാജ്യം വിടാമെന്ന പ്രസ്താവന. ഓള് ഇന്ത്യാ മജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ്ളീമീന്‍ അദ്ധ്യക്ഷന്‍ അസാസുദ്ദീന്‍ ഒവൈസിയുടേതാണ് പാക് പ്രസ്താവന. രണ്ടിടങ്ങളിലായി നടന്ന പരിപാടികളിലായിരുന്നു ഇരുവരും ഇക്കാര്യം പറഞ്ഞത്.
ആര്‍എസ്എസിന്റെ ഭാഗമാകാത്തവര്‍ യഥാര്‍ത്ഥ ഹിന്ദുക്കളല്ലെന്നും അതുകൊണ്ട് എല്ലാവരും തൊട്ടടുത്ത ശാഖയില്‍ ദിവസേനെ പോകണമെന്നും ഹൈദരാബാദ് ഗോഷാ മഹല്‍ ബിജെപി എംഎല്‍എ ടി രാജാസിംഗ് പറഞ്ഞു. നീമച് ജില്ലയിലെ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍ എല്ലാ പൗരന്മാരും ഭാരത് മാതാ കീ ജെയ് എന്നു വിളിക്കുകയും വന്ദേ മാതരം പാടുകയും വേണം. അങ്ങിനെ ചെയ്യാത്തവര്ക്ക ഈ രാജ്യം വിട്ടു പോകാം.
തിന്മകള്ക്കെതിരേ പോരാടി വേണം ഹിന്ദുമതത്തെ അഭിവൃദ്ധിപ്പെടുത്തേണ്ടത്. ക്രിസ്തുമതത്തില്‍ ആള്‍ക്കാരെ മിഷണറിമാര്‍ പണം നല്കി ചേര്‍ക്കുമ്പോള്‍ ഇസ്ളാമികള്‍ ലവ് ജിഹാദിലൂടെയാണ് ആള്‍ക്കാരെ തങ്ങളുടെ മതത്തിലേക്ക് പിടിക്കുന്നത്. മുസ്ളീം നേതാക്കളായ അസാസുദ്ദീന്‍, അക്ബറുദ്ദീന്‍ ഒവൈസികള് ഹിന്ദുക്കളെയും മുസ്ളീങ്ങളെയും ചൂഷണം ചെയ്ത് മുതലെടുപ്പ് നടത്തുകയാണ്.
ഇരുവര്‍ക്കും അമേരിക്കയില്‍ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളുണ്ടെന്നും ആരോപിച്ചു. മറുവശത്ത് പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുമ്പോള്‍ ആയിരുന്നു ഒവൈസി തിരിച്ചടിച്ചത്. ഇന്ത്യന്‍ മുസ്ളീങ്ങളോട് പാകിസ്താനിലേക്ക് പോകാന്‍ പറയുന്നവനെ മൂന്ന് വര്‍ഷം തടവില്‍ കിടത്തുന്ന പുതിയ നിയമനിര്‍മ്മാണമാണ് നടത്തേണ്ടതെന്ന് ഒവൈസി പറഞ്ഞു.
ഇവര്‍ക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ടു. ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തെ തള്ളിപ്പറഞ്ഞ് ഇന്ത്യയെ തെരഞ്ഞെടുത്തവരാണ് ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ളീങ്ങള്‍ എന്നിട്ടും അവര്‍ വരത്തന്മാര് ആണെന്ന രീതിയിലുള്ള മനോഭാവമാണ് ഇപ്പോഴും ചിലര്‍ക്ക് ഉള്ളതെന്ന് ഒവൈസി ചൂണ്ടിക്കാട്ടി. ഒരു ബില്ലുപോലും പാര്‍ലമെന്റില്‍ കൊണ്ടുവരാത്ത ബിജെപിയുടെ മുത്തലാഖ് ബില്‍ സ്ത്രീ വിരുദ്ധമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി.