അയോധ്യ കേസ് ഭൂമി തര്‍ക്കം മാത്രമെന്ന് സുപ്രീം കോടതി; മാര്‍ച്ച് 14ന് കേസ് വീണ്ടും പരിഗണിക്കും
ന്യൂഡല്‍ഹി: അയോധ്യ കേസ് സുപ്രീം കോടതി മാര്‍ച്ച് 14ന് വീണ്ടും പരിഗണിക്കും. 2.77 ഏക്കര്‍ തര്‍ക്ക ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച ചില രേഖകളും പരിഭാഷയും കോടതി മുന്‍പാകെ എത്തിക്കേണ്ടതുണ്ട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്, എസ്.എ നജീബ് എന്നിവരും ബെഞ്ചിലുണ്ട്. അയോധ്യ കേസ് ഭൂമി തര്‍ക്കം മാത്രമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസിന്റെ മതപരമായ സൂചനകള്‍ പരിഗണിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് സുപ്രീം കോടതി നല്‍കിയത്.
കേസ് സംബന്ധിച്ച ചില രേഖകളുടെ ഇംഗ്ലീഷ് പരിഭാഷ രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്കി. ഹൈക്കോടതി രേഖകളുടെ ഭാഗമായിരുന്ന വീഡിയോ കാസറ്റുകള്‍ കേസിലെ കക്ഷികള്‍ക്ക് കൈമാറാനും സുപ്രീം കോടതി നിര്‍ദ്ദേശം നല്കി. പതിറ്റാണ്ടുകള്‍ നീണ്ട അയോധ്യ കേസിന്റെ അന്തിമവാദമാണ് ഇന്ന് ആരംഭിച്ചത്. അയോധ്യ കേസിലെ അലഹാബാദ് ഹൈക്കോടതിയുടെ 2010ലെ വിധിക്കെതിരായ പതിനാലോളം അപ്പീലുകളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
അലഹാബാദ് ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചാണ് 2010ല്‍ അയോധ്യ കേസില്‍ വിധി പറഞ്ഞത്. തര്‍ക്ക ഭൂമി മൂന്ന് കക്ഷികള്‍ക്കായി വീതിച്ചു നല്‍കണമെന്നായിരുന്നു ഹൈക്കോടതിയുടെ വിധി. സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖ്ര, രാം ലല്ല എന്നീ കക്ഷികള്‍ക്ക് തുല്യമായി വീതിക്കണമെന്നായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ വിധി. ഇതിനെതിരെയാണ് കക്ഷികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.