ആശുപത്രിയില്‍ പോലീസിനെ ആക്രമിച്ച് തീവ്രവാദി രക്ഷപെട്ട സംഭവം ; രക്ഷപ്പെടാന്‍ സഹായമൊരുക്കിയ അഞ്ചു പേര്‍ പിടിയില്‍

0

ശ്രീനഗര്‍: ശ്രീനഗര്‍ ആശുപത്രിയില്‍ ആക്രമണം നടത്തി തീവ്രവാദികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റിലായി. വെടിവെയ്പ്പ് നടത്തിയ ശേഷം തീവ്രവാദികള്‍ക്ക് രക്ഷപ്പെടാന്‍ സഹായിച്ചവരാണ് അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ അഞ്ചു തീവ്രവാദികളാണ് ആശുപത്രിയില്‍ ആക്രമണം നടത്തിയത്. അതിന് ശേഷം പാക് ഭീകരന്‍ നവീദ് ജാട്ട് പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തു.

രണ്ട് പോലീസുകാരെ വെടിവച്ചു കൊന്ന ശേഷം പാകിസ്താന്‍കാരനായ ഭീകരന്‍ ലഷ്‌കറെ തോയിബ ഭീകരന്‍ മുഹമ്മദ് നവീദ് ജൂട്ടാണു (22) രക്ഷപ്പെട്ടത്. രക്ഷപ്പെടാന്‍ തീവ്രവാദികള്‍ ഉപയോഗിച്ച വാഹനങ്ങള്‍ കണ്ടെത്തിയതായി പോലീസ് പറയുന്നു. 2014 മുതല്‍ കസ്റ്റഡിയിലുള്ള നവീദിനെ ശ്രീനഗറിലെ മഹാരാജാ ഹരിസിങ് ആശുപത്രിയില്‍ െവെദ്യപരിശോധനക്കു കൊണ്ടു വന്നപ്പോഴാണു സംഭവം. നവീദ് ജൂട്ട് ഉള്‍പ്പെടെ ആറു തടവുകാരുമായി െവെദ്യ പരിശോധനയ്‌ക്കെത്തിയതായിരുന്നു.

ഔട്ട് പേഷ്യന്റ് വിഭാഗത്തിനു മുന്നിലായി വാഹനത്തില്‍നിന്ന് ഇറങ്ങിയയുടന്‍ ഇയാള്‍ ഒരു പോലീസുകാരന്റെ തോക്ക് തട്ടിയെടുത്തു വെടിവയ്ക്കുകയായിരുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ മുഷ്താഖ് അഹമ്മദ്, കോണ്‍സ്റ്റബിള്‍ ബാബര്‍ അഹമ്മദ് എന്നിവര്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. പോലീസുകാര്‍ക്കു നേരേ തുരുതുരാ നിറയൊഴിച്ചശേഷം ആശുപത്രിയുടെ വെളിയില്‍ കാത്തുനിന്ന സഹായികള്‍ക്കൊപ്പം നവീദ് ജൂട്ട് രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇവര്‍ ശ്രീനഗറില്‍ തന്നെയുണ്ടെന്ന നിഗമനത്തിലാണ് അവര്‍.

പാക് പഞ്ചാബ് പ്രവിശ്യയിലെ മുള്‍ട്ടാന്‍ ജില്ലയിലെ ബോറേവെല്ല സ്വദേശിയാണ് നവീദ് ജൂട്ട്. സ്‌കൂള്‍ പഠനം ഉപേക്ഷിച്ച ഇയാള്‍ കശ്മീരില്‍ നടന്ന നിരവധി ആക്രമണക്കേസുകളില്‍ പ്രതിയാണ്. 2014 ഓഗസ്റ്റ് 26 നു ദക്ഷിണ കശ്മീരിലെ കുല്‍ഗാമില്‍നിന്ന് പോലീസുകാരനെ കൊലപ്പെടുത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നവീദ് ജൂട്ടിനെ ശ്രീനഗറില്‍നിന്നു കൂടുതല്‍ സുരക്ഷയുള്ള മറ്റു ജയിലിലേക്കു മാറ്റാന്‍ കഴിഞ്ഞ വര്‍ഷം പോലീസ് ശ്രമിച്ചിരുന്നെങ്കിലും കോടതി ഇടപെട്ടു തടഞ്ഞു.

Leave A Reply

Your email address will not be published.