ബ്‌ളാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് വന്‍ തിരിച്ചടി ; മഞ്ഞപ്പടയ്ക്ക് ഈ സീസണില്‍ ഇനി ഇയാന്‍ ഹ്യൂം ഉണ്ടാകില്ല

0

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ നിര്‍ണ്ണായ മത്സരങ്ങള്‍ക്കായി ഇറങ്ങുന്ന കേരള ബ്‌ളാസ്‌റ്റേഴ്‌സിന്റെ നിരയില്‍ ഹ്യൂമേട്ടന്‍ ഇനിയുണ്ടാകില്ല. ഇന്ന് കൊല്‍ക്കത്തയില്‍ എടികെ യെ നേരിടാനിരിക്കെ കനേഡിയന്‍ സ്‌ട്രൈക്കര്‍ ഇയാന്‍ ഹ്യൂം കളിക്കാനിറങ്ങില്ല.

കാല്‍ മുട്ടിനേറ്റ പരിക്കു മൂലം ശേഷിക്കുന്ന മത്സരത്തിലും ഹ്യൂമിന് കളിക്കാന്‍ കഴിഞ്ഞേക്കില്ലെന്നാണ് വിവരം. വിവരം ബ്‌ളാസ്‌റ്റേഴ്‌സ് ഔദ്യോഗിക ട്വിറ്റര്‍ വഴി പുറത്തു വിട്ടിരിക്കുകയാണ്. ഹ്യൂമും വാര്‍ത്ത സ്ഥിരീകരിച്ചു ട്വീറ്റിട്ടു.

ഇതോടെ ഈ സീസണില്‍ ബ്‌ളാസ്‌റ്റേഴ്‌സിന്റെ നില കൂടുതല്‍ ദയനീയമായി മാറുമെന്നാണ് കരുത്തുന്നത്. നിലവില്‍ അഞ്ചു ജയവും അത്രയും സമനിലയുമായി ആറാം സ്ഥാനത്താണ് ബ്‌ളാസ്‌റ്റേഴ്‌സ്.

ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും ജയിച്ചു കയറിയാല്‍ മാത്രമേ മഞ്ഞപ്പടയ്ക്ക് പ്‌ളേ ഓഫില്‍ എത്താനാകു. ഈ സീസണില്‍ അഞ്ചു ഗോളുകള്‍ നേടിക്കഴിഞ്ഞ ഹ്യൂം തകര്‍പ്പന്‍ ഫോമിലായിരുന്നു. ടീമിലെ മറ്റ് സ്‌ട്രൈക്കര്‍മാര്‍ ഗോള്‍ കണ്ടെത്താന്‍ വിഷമിക്കുമ്പോഴായിരുന്നു ഹ്യൂമിന്റെ പ്രകടനം.

പൂനെ സിറ്റിക്കെതിരേ കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ് താരം മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സീസണിലെ ഇനിയുള്ള മത്സരങ്ങളില്‍ താരത്തിന്റെ സേവനം ടീമിന് നഷ്ടമാകുന്ന വിവരം ബ്‌ളാസ്‌റ്റേഴ്‌സ് അറിയിച്ചിരിക്കുന്നത്.

സീസണിന്റെ ഇടയില്‍ ഈ രീതിയില്‍ പുറത്താകുന്നതില്‍ വിഷമമുണ്ടെന്നും കൂടുതല്‍ കരുത്തോടെ തിരിച്ചു വരുമെന്നുമാണ് ഹ്യൂം ആരാധാകരെ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. നാലു മഞ്ഞക്കാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ നായകന്‍ സന്ദേശ് ജിങ്കനും ഇന്ന് പുറത്തിരിക്കേണ്ടി വരും. മുന്നിലും പിന്നിലും ബ്‌ളാസ്‌റ്റേഴ്‌സിന് തിരിച്ചടിയാണ്.

Leave A Reply

Your email address will not be published.