ബാറുകളുടെ ദൂരപരിധി : ഇളവുതേടി കേരളം സുപ്രീംകോടതിയിലേക്ക്‌

0

കൊച്ചി : ബാറുകളുടെ ദൂരപരിധിയില്‍ മൂന്നു സംസ്‌ഥാനങ്ങള്‍ക്കു നല്‍കിയ ഇളവിനായി സുപ്രീംകോടതിയില്‍ കേരളം പ്രത്യേക അപേക്ഷ നല്‍കും. ദേശീയ-സംസ്‌ഥാന പാതയിലെ ബാറുകള്‍ക്കുള്ള 500 മീറ്റര്‍ ദൂരപരിധിയില്‍നിന്നു സിക്കിം, അരുണാചല്‍പ്രദേശ്‌, മേഘാലയ സംസ്‌ഥാനങ്ങളെ ഒഴിവാക്കിയിരുന്നു.

ഈ ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നാണു സര്‍ക്കാരിന്റെ വാദം. ദൂരപരിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്‌ തമിഴ്‌നാട്‌ നല്‍കിയ റിവിഷന്‍ പെറ്റീഷനില്‍ എല്ലാ സംസ്‌ഥാനങ്ങളുടെയും നിലപാട്‌ കോടതി തേടിയിട്ടുണ്ട്‌. സെന്‍ട്രല്‍ എക്‌സൈസ്‌ ചട്ടം 52 ഭേദഗതി ചെയ്‌താണ്‌ ദൂരപരിധി നിര്‍ണയിച്ചത്‌.

മെട്രോ സിറ്റി, നഗരസഭ, പഞ്ചായത്ത്‌ മേഖലകളുടെ സ്വഭാവത്തില്‍ കേരളത്തില്‍ വ്യത്യാസമില്ലെന്നും ജനസാന്ദ്രതമൂലം പരിധി വേര്‍തിരിക്കാന്‍ കഴിയില്ലെന്നുമാണു വാദം. സംസ്‌ഥാനത്തു നഗരവത്‌കൃത ഗ്രാമങ്ങളാണുള്ളത്‌. ദേശീയപാതയോരത്തു നിന്ന്‌ 500 മീറ്റര്‍ ദൂരപരിധി വച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കില്ല. സിക്കിം, മേഘാലയ സംസ്‌ഥാനങ്ങളിലേതു പോലെ ജനസാന്ദ്രത കൂടുതലുമാണ്‌.

മിക്ക പഞ്ചായത്തിലൂടെയും സംസ്‌ഥാനപാത കടന്നുപോകുന്നുണ്ട്‌. 2016 ഏപ്രില്‍ ഒന്നിന്‌ 29 ബാര്‍ഹോട്ടലും 814 ബീയര്‍-വൈന്‍ പാര്‍ലറും 270 ബിവറേജസ്‌ വില്‍പ്പനശാലയുമാണുണ്ടായിരുന്നത്‌.

ദേശീയ, സംസ്‌ഥാന പാതയോരങ്ങളില്‍ മദ്യശാല വേണ്ടെന്ന സുപ്രീംകോടതി വിധിയുടെ അടിസ്‌ഥാനത്തില്‍ പാതകളുടെ 500 മീറ്റര്‍ പരിധിയില്‍ പ്രവര്‍ത്തിച്ചിരുന്ന 137 റീട്ടെയില്‍ വില്‍പ്പനശാലയും എട്ടു ബാര്‍ഹോട്ടലും 18 ക്ലബും ഒന്‍പതു മിലിട്ടറി കാന്റീനും 532 ബീയര്‍-വൈന്‍ പാര്‍ലറും ഒരു ബീയര്‍ ചില്ലറവില്‍പ്പനശാലയും 1092 കള്ളുഷാപ്പുകളും പൂട്ടി.

Leave A Reply

Your email address will not be published.