ആദ്യം 13 പേര്‍, പിന്നെ കണ്ടെത്തിയത് 25 പേരില്‍ ; ബംഗര്‍മൗവ്വില്‍ 5000 പേര്‍ എയ്ഡ്‌സ് രോഗ ഭീതിയില്‍ ; പരിശോധനയ്ക്ക് പോലും പേടി

0

ഉന്നാവോ: ഈ നഗരത്തിലെ താമസക്കാരായ 5000 പേര്‍ ഭീതിയുടെ താഴ്‌വരയിലാണ് അനുദിനം കഴിയുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നഗരത്തില്‍ നിന്നും എയ്ഡ്‌സ് ബാധിച്ച നിലയില്‍ കണ്ടെത്തിയത് 38 പേരെയാണ്. ഉത്തര്‍പ്രദേശിലെ ബംഗാര്‍മാവുവിലെ പ്രേംഗഞ്ചുകാരാണ് ഭീതിയുടെ നിഴലില്‍ ആയിരിക്കുന്നത്. ഇത്രയും ആള്‍ക്കാരെ മാരകരോഗഭീതിയിലാക്കിയത് ഒരു സിറിഞ്ച് കൊണ്ടുള്ള കുത്തിവെയ്പ്പാണെന്നാണ് സംശയിക്കുന്നത്.

നാട്ടുകാരനായ ദീപ് ചന്ദ് എന്നയാളുടെ അനുഭവം തന്നെയാണ് പ്രേംഗഞ്ചിലെ ഒട്ടുമിക്ക ആള്‍ക്കാരുടേതും. തൊട്ടടുത്ത ചന്തയില്‍ ചുമട്ടു തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്ന ദീപ് ചന്ദിന് ചാക്ക് പുറത്തേറ്റി നടക്കാന്‍ കഴിയാത്ത സ്ഥിതിവന്നു. ശക്തമായ നടുവേദനയെ തുടര്‍ന്ന് ബംഗര്‍ മൗവിലെ മറ്റെല്ലാവരും ആശ്രയിക്കുന്ന യാദവിന്റെ സ്‌റ്റേഷന്‍ റോഡ് ക്‌ളീനിക്കില്‍ ഇയാള്‍ ചികിത്സയ്ക്ക് പോയി. വേദന മാറാതെ വന്നതോടെ കഴിഞ്ഞ മാസം ഇയാള്‍ എച്ച്‌ഐവി രോഗികള്‍ പങ്കെടുക്കുന്ന ക്യാമ്പില്‍ എത്തിയിരിക്കുകയാണ്. ഇവിടെ ഇയാളുടെ ഭാര്യയും മകനുമുണ്ട്. രണ്ടുപേരുടെയും പരിശോധനയില്‍ ഫലം പോസിറ്റീവാണ്.

ഇവിടെ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള കാണ്‍പൂര്‍ എആര്‍ടി സെന്ററില്‍ പരിശോധനകളും ചികിത്സയും സൗജന്യമാണെങ്കിലും പോകാനാകുന്നില്ല. നാലു പെണ്‍മക്കള്‍ കൂടിയുള്ള ഇയാള്‍ ഇപ്പോള്‍ ഏറെ ഭയന്നാണ് ജീവിക്കുന്നത്. പെണ്‍മക്കളെ പരിശോധനയ്ക്ക് കൊണ്ടുപോകാന്‍ മാര്‍ഗ്ഗമില്ല. തനിക്ക് പഴയത് പോലെ ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്നും മരുന്നു സൗജന്യമാണെങ്കിലും ആറുപേരെയും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോയിട്ട് അവര്‍ക്ക് പഠിക്കാനുള്ള പെന്‍സിലും ബുക്കും പോലും വാങ്ങാന്‍ നിവര്‍ത്തിയില്ലെന്ന് ഇയാള്‍ പറയുന്നു.

ചക്മീര, കിഡ്മിയാപൂര്‍ എന്നിങ്ങനെ സമീപത്തെ രണ്ടു ഗ്രാമങ്ങളിലേക്ക് കൂടി വൈറസിന്റെ കടന്നുകയറ്റം ഉണ്ടായിട്ടുണ്ട്. ഇവിടെ 70 കാരിക്കും അവരുടെ ആറു വയസ്സുകാരിയും ഇരകളാണ്. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് രോഗം ബാധിച്ചിട്ടില്ല. സ്‌റ്റേഷന്‍ റോഡിലെ ഒരു ചെറിയ മുറിയിലെ രാജേന്ദ്ര യാദവിന്റെ ക്‌ളിനിക്കില്‍ ഉപയോഗിക്കുന്ന സിറിഞ്ചില്‍ നിന്നുമാണ് രോഗം പകര്‍ന്നതെന്നാണ് സംശയം. ഈ ചെറിയ ആശുപത്രിക്ക് മുന്നില്‍ രാവിലെ 9 മണിമുതല്‍ ആള്‍ക്കാര്‍ ക്യൂവാണ്് രാത്രി 11 മണി വരെ ഇവിടെ ഇയാള്‍ ഏകദേശം 150 രോഗികളെയോളം പരിശോധന നടത്തുന്നു. ഒരു കുത്തിവെയ്പ്പിനും ഒരു ഡോസ് മരുന്നിനുമായി വെറും 10 രൂപ മാത്രം ഈടാക്കുന്ന ഇയാളുടെ മരുന്നുകിറ്റില്‍ ഹാന്‍ഡ് പമ്പ് വാട്ടറിനാല്‍ കഴുകാറുള്ള ഉപയോഗിച്ച സിറിഞ്ചുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഉണ്ട്.

എച്ച്‌ഐവി ബാധിതരായ ഏതാനും പേരെ കണ്ടെത്തിയതിന് പിന്നാലെ നവംബര്‍ അവസാനം നടത്തിയ ക്യാമ്പില്‍ 13 പേരെ എയ്ഡ്‌സ് ബാധിതരെ കണ്ടെത്തി. ക്യാമ്പ് ജനുവരി 25 ന് വീണ്ടും നടത്തിയപ്പോള്‍ 270 പേര്‍ പരിശോധനയ്‌ക്കെത്തിയവരില്‍ 25 പേരെയും കണ്ടെത്തി. ഭയന്നു പോയതിനെ തുടര്‍ന്ന ഇപ്പോള്‍ നാട്ടുകാര്‍ ആരും പരിശോധനയ്ക്ക് പോലും എത്തുന്നില്ലെന്നാണ് വിവരം.

Leave A Reply

Your email address will not be published.