ഇടുക്കിയില്‍ സി.പി.എമ്മുമായുള്ള ബന്ധം വഷളായെന്നു സി.പി.ഐ.

0

കട്ടപ്പന : ഇടുക്കിയില്‍ സി.പി.എമ്മുമായുള്ള ബന്ധം അങ്ങേയറ്റം വഷളായെന്നു സി.പി.ഐ. ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ട്‌. കൈയേറ്റം ഒഴിപ്പിക്കല്‍ വിഷയത്തില്‍ തങ്ങളെ ഒറ്റുകാരായി ചിത്രീകരിച്ച്‌ മുന്നോട്ടുപോകാനാണു തുടര്‍ന്നും സി.പി.എം. നീക്കമെങ്കില്‍ കടുത്ത തീരുമാനം എടുക്കേണ്ടിവരുമെന്ന്‌ 58 പേജുള്ള റിപ്പോര്‍ട്ടില്‍ പരാമര്‍ശം. സി.പി.ഐ. വഴിച്ചെണ്ടയാണെന്ന ധാരണ ഒരു കൊമ്പനും ഉണ്ടാകരുതെന്നും റിപ്പോര്‍ട്ടിലുണ്ട്‌.

ജില്ലയില്‍ കൈയേറ്റക്കാരില്ലെന്ന നിലപാടാണു സി.പി.എമ്മിനുള്ളതെന്നു റിപ്പോര്‍ട്ട്‌ പരിഹസിക്കുന്നു. പാപ്പാത്തിച്ചോല കൈയേറ്റം ഒഴിപ്പിക്കല്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം താനാണു സര്‍ക്കാരെന്ന മട്ടിലായിരുന്നു. ജോയ്‌സ്‌ ജോര്‍ജിന്റെ പട്ടയം റദ്ദാക്കിയ വിഷയത്തില്‍ ഇടത്‌ എം.പിയെ സംരക്ഷിക്കുന്ന നിലപാടാണു സി.പി.ഐ. സ്വീകരിച്ചത്‌. സബ്‌ കലക്‌ടറെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ജോയ്‌സിനെതിരേ നിലപാടു സ്വീകരിക്കില്ലെന്നും മന്ത്രി എം.എം. മണിക്ക്‌ അറിയാമായിരുന്നിട്ടും സി.പി.ഐ. ജില്ലാ നേതൃത്വം ഒറ്റുകാരാണെന്നാണു മണി പ്രസംഗിച്ചത്‌. ജോയ്‌സിനെ മറയാക്കി കൈയേറ്റക്കാരെ സംരക്ഷിക്കാനാണു ശ്രമമെന്നും റിപ്പോര്‍ട്ടിലുണ്ട്‌.

സി.പി.എം. ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ സി.പി.ഐക്കെതിരേ യാതൊരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നാണു റിപ്പോര്‍ട്ടിലുള്ളത്‌. ജില്ലാ സെക്രട്ടറിയായിരിക്കെ സി.പി.ഐയെ മുഖ്യശത്രുവായി കണ്ടിരുന്ന സമീപനം മണി ഇപ്പോഴും തുടരുകയാണ്‌. ജോയ്‌സ്‌ ജോര്‍ജിന്റെ പട്ടയം റദ്ദാക്കിയതു സി.പി.ഐയാണെന്നും അതിനു കോണ്‍ഗ്രസുകാരില്‍ നിന്നു പ്രതിഫലം പറ്റിയെന്നുമുള്ള മണിയുടെ പ്രസ്‌താവന സി.പി.എമ്മിന്റെ നിലപാടാണോയെന്നു രേഖാമൂലം ആവശ്യപ്പെട്ടിട്ടും മറുപടി ലഭിച്ചില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിക്കാര്‍പോലും മണിക്കെതിരായിരുന്നു. കോണ്‍ഗ്രസ്‌ സഹായത്തോടെയാണു മണി ജയിച്ചത്‌. സി.പി.എമ്മില്‍ നിന്ന്‌ സി.പി.ഐയിലേക്കുള്ള ഒഴുക്‌ തടയാനും സി.പി.എമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പുറത്തുവരാതിരിക്കാനുമാണ്‌ മണി സി.പി.ഐയെ അധിക്ഷേപിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കാനം രാജേന്ദ്രന്‍ നയിച്ച ജനജാഗ്രതാ യാത്ര വിജയിക്കരുതെന്നായിരുന്നു സി.പി.എമ്മിന്റെ ആഗ്രഹമെന്നു റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടികളുടെ ഐക്യമെന്ന മാര്‍ക്‌സിയന്‍ കാഴ്‌ചപ്പാട്‌ മണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അംഗീകരിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ ശക്‌തമായ നിലപാട്‌ വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്‌.

Leave A Reply

Your email address will not be published.