എം.എല്‍.എമാരുടെ ക്രിമിനല്‍ കേസുകള്‍ക്ക്‌ അതിവേഗ കോടതി

0

കൊച്ചി : എം.എല്‍.എമാര്‍ പ്രതികളായ കേസുകള്‍ മാത്രം കൈകാര്യം ചെയ്ുയന്നതിന്‌ എറണാകുളത്ത്‌ പ്രത്യേക അതിവേഗ കോടതി സ്‌ഥാപിക്കും. ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ റാങ്കിലുള്ള അഡീഷണല്‍ സ്‌പെഷല്‍ ജഡ്‌ജിയെ നിയമിക്കാനും ഹൈക്കോടതി ജഡ്‌ജിമാരുടെ ഇന്നലെ ചേര്‍ന്ന ഫുള്‍കോര്‍ട്ട്‌ യോഗം തീരുമാനിച്ചു.

തീരുമാനമടങ്ങിയ കത്ത്‌ ആഭ്യന്തരവകുപ്പിന്‌ അയച്ചതായി ഹൈക്കോടതി വൃത്തങ്ങള്‍ അറിയിച്ചു. അടുത്തമാസം ഒന്നാം തീയതി മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിനു മുമ്പായി വിജ്‌ഞാപനം പുറപ്പെടുവിക്കും.

ഇതോടെ വിവിധ കോടതികളില്‍ കെട്ടികിടക്കുന്ന എം.എല്‍.എമാരുള്‍പ്പെട്ട നൂറുകണക്കിനു ക്രിമിനല്‍ കേസുകള്‍ പ്രത്യേക കോടതിയിലേക്കു മാറ്റും. എറണാകുളെത്ത പഴയ കോടതി സമുച്ചയമാണു പ്രത്യേക കോടതിക്കു പരിഗണിക്കുന്നത്‌.

18 ജീവനക്കാരെ നിയമിക്കാനും ഹൈക്കോടതി ശിപാര്‍ശ ചെയ്‌തിട്ടുണ്ട്‌. കോടതിക്കുള്ള പ്രവര്‍ത്തനസംവിധാനം സര്‍ക്കാര്‍ ഒരുക്കണം. ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പലപ്പോഴും വിചാരണ നടത്താതെ കെട്ടികിടക്കുകയാണ്‌. രാഷ്‌ട്രീയപ്രേരിതമെന്ന വാദമുയര്‍ത്തി കേസുകളെ ലഘൂകരിക്കാനാണ്‌ ജനപ്രതിനിധികളും പാര്‍ട്ടികളും ശ്രമിക്കുന്നത്‌. ഇതിനുപരിഹാരം കാണാന്‍ അതിവേഗ കോടതികള്‍ സ്‌ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ അശ്വനികുമാര്‍ ഉപാധ്യായ എന്ന അഭിഭാഷകന്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

പത്തു സംസ്‌ഥാനങ്ങളില്‍ ഇത്തരം കോടതികള്‍ തുടങ്ങാനാണു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. 65 ലധികം എം.എല്‍.എമാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സംസ്‌ഥാനങ്ങളിലാണ്‌ ഇത്തരം കോടതികള്‍ സ്‌ഥാപിക്കുന്നത്‌.

നിര്‍ദേശമുണ്ടായി ഏറെക്കാലം കഴിഞ്ഞെങ്കിലും നടപടിയെടുക്കാന്‍ കേരളമുള്‍പ്പടെ തയ്യാറായിരുന്നില്ല.

തുടര്‍ന്നാണ്‌ മാര്‍ച്ച്‌ ഒന്നിനകം കോടതികള്‍ സ്‌ഥാപിക്കണമെന്നു സുപ്രീംകോടതി അന്ത്യശാസനം നല്‍കിയത്‌. മാര്‍ച്ച്‌ 18 നു കേസ്‌ വീണ്ടും പരിഗണിക്കും. കോടതിയലക്ഷ്യ നടപടി ഒഴിവാക്കാനാണു ആഭ്യന്തര വകുപ്പ്‌ ഹൈക്കോടതിയെ സമീപിച്ചതും ഇന്നലെ അംഗീകാരം നല്‍കിയതും.

ക്രിമിനല്‍ക്കേസ്‌ പ്രതികളായ എല്‍.എല്‍.എമാര്‍ 87 !

പന്ത്രണ്ട്‌ അതിവേഗ കോടതികളില്‍ രണ്ടെണ്ണം പാര്‍ലമെന്റ്‌ അംഗങ്ങള്‍ക്കെതിരായ കേസുകള്‍ വിചാരണയ്‌ക്കെടുക്കും. പത്തു സംസ്‌ഥാനങ്ങളില്‍ ആരോപണങ്ങള്‍ നേരിടുന്ന എം.എല്‍.എമാരുടെ കണക്ക്‌: മഹാരാഷ്ര്‌ട 160, ഉത്തര്‍പ്രദേശ്‌ 143, ബിഹാര്‍ 141, ബംഗാള്‍ 107, കേരളം 87, ആന്ധ്രാപ്രദേശ്‌ 84, തമിഴ്‌നാട്‌ 75, കര്‍ണാടക 73, മധ്യപ്രദേശ്‌ 70, തെലങ്കാന 67. ലോകസഭയിലെ 188 അംഗങ്ങളും രാജ്യസഭയിലെ 44 അംഗങ്ങളും വിവിധ നിയമസഭകളിലെ 1,581 അംഗങ്ങളും ക്രിമിനല്‍ കേസുകള്‍ നേരിടുന്നവരാണ്‌്. അതിവേഗകോടതികള്‍ക്ക്‌ വര്‍ഷത്തില്‍ 165 കേസുകള്‍ കൈകാര്യം ചെയ്യാനാകും.

Leave A Reply

Your email address will not be published.