ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ്‌ പരമ്പര : വനിതകള്‍ക്ക്‌ ഏഴ്‌ വിക്കറ്റ്‌ ജയം

0

പോച്ചെഫ്‌സ്ട്രൂം: ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ആദ്യ ട്വന്റി 20 പരമ്പരയ്‌ക്കിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ക്ക്‌ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം. ഇന്നലെ പോച്ചെഫ്‌സ്ട്രൂമില്‍ നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിനാണ്‌ മിതാലീസ്‌ എയ്‌ഞ്ചല്‍സ്‌ ആതിഥേയരെ തുരത്തിയത്‌.

ആദ്യം ബാറ്റു ചെയ്‌ത ദക്ഷിണാഫ്രിക്ക നിശ്‌ചിത 20 ഓവറില്‍ നാലു വിക്കറ്റ്‌ നഷ്‌ടത്തില്‍ 164 റണ്‍സാണ്‌ നേടിയത്‌. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ പന്തു ബാക്കി നില്‍ക്കെ മൂന്നു വിക്കറ്റ്‌ നഷ്‌ടത്തില്‍ ലക്ഷ്യം കണ്ടു.

48 പന്തില്‍ നിന്ന്‌ ആറു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 54 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന നായിക മിതാലി രാജാണ്‌ വിജയശില്‍പി. മിതാലിക്കു പുറമേ 37 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന വേദ കൃഷ്‌ണമൂര്‍ത്തി, 37 റണ്‍സ്‌ നേടിയ ജമീമ റോഡ്രിഗസ്‌, 28 റണ്‍സ്‌ നേടിയ സ്‌മൃതി മന്ദാന എന്നിവരും തിളങ്ങി. ഹര്‍മന്‍പ്രീത്‌ കൗറാണ്‌(0) പുറത്തായ മറ്റൊരു ഇന്ത്യന്‍ ബാറ്റ്‌സ്വുമന്‍.

നേരത്തെ ടോസ്‌ നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന്‌ അയയ്‌ക്കുകയായിരുന്നു. 31 പന്തില്‍ നിന്ന്‌ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 38 റണ്‍സ്‌ നേടിയ ഓപ്പണര്‍ ഡെയ്‌ന്‍ വാന്‍ നികെര്‍ക്കാണ്‌ അവരുടെ ടോപ്‌സ്കോറര്‍.

Leave A Reply

Your email address will not be published.