ബിജുരമേശിനെ ഇറക്കിയുള്ള പുതിയ കളിക്കുപിന്നില്‍ ആര്? ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാണി ഇടത്തേയ്ക്കു ചായാതിരിക്കാന്‍ കളി തുടങ്ങി

0

തിരുവനന്തപുരം: തികച്ചും അപ്രതീക്ഷിതമായി ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി ബിജു രമേശ് രംഗത്ത് വന്നതിന് പിന്നിലും ആരോപണത്തിന് ഗൂഢാലോചന നടത്തിയവര്‍ തന്നെയെന്ന് മാണി ഗ്രൂപ്പ്. മാണിവിഭാഗം ഇടതുമുന്നണിയുമായി അടുക്കുന്നുവെന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ബിജു രമേശിന്റെ പുതിയ ആരോപണം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു വെളിപാട് ബിജുരമേശിനുണ്ടായതിനു പിന്നില്‍ ആരോപണത്തിന് കാരണമായ കോണ്‍ഗ്രസിലെ വിഭാഗം തന്നെയെന്നാണ് അവര്‍ സംശയിക്കുന്നത്.

ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍ എന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്നതില്‍ ഒന്നും പുതുതായി ഇല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ബാര്‍ക്കോഴ എന്നൊരു സംഭവം ഇല്ലായെന്നു തന്നെയായിരുന്നു തങ്ങളുടെ തുടക്കം മുതലുള്ള നിലപാടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍കഴമ്പില്ലാത്ത ഒരു ആരോപണത്തില്‍ അന്വേഷണം നടത്തുകയും കെ.എം. മാണിയെ പ്രതിസന്ധിയിലാക്കുകയും ചെയ്തവര്‍ തന്നെയാണ് ഇപ്പോള്‍ ഈ നീക്കവും നടത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ പ്രതിപക്ഷമെന്ന നിലയില്‍ ഇടതുമുന്നണി ശക്തമായ നിലപാടാണ് സ്വീകരിച്ചത്. അത് പ്രതിപക്ഷത്തിരിക്കുന്ന ആരായാലും അങ്ങനെ തന്നെ ചെയ്യും. ഇപ്പോള്‍ കോടിയേരിയുടെ മകനെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ യു.ഡി.എഫും സ്വീകരിച്ചത് അതേ നിലപാടാണ്. അന്ന് ഉന്നയിച്ച ആരോപണം തെളിയിക്കാനാണ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടതെന്നാണ് ബിജുരമേശ് ഇപ്പോള്‍ പറയുന്നത്. പ്രതിപക്ഷകക്ഷിയുടെ നേതാവ് ആരായാലും അങ്ങനെ മാത്രമേ ആവശ്യപ്പെടുകയുള്ളു. ഇല്ലാതെ ആരോപണം ഉന്നയിപ്പിച്ചത് സി.പി.എം ആണെന്ന് ബിജു രമേശ് പറഞ്ഞിട്ടില്ല. കഴിഞ്ഞദിവസത്തെ ഒരു ചാനല്‍ ചര്‍ച്ചയില്‍ ബിജുരമേശ് ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. ആരോപണം ഉന്നയിച്ചത് തെളിയിച്ചാല്‍ അന്ന് ഇതിന്റെ പേരിലാണ് ആ ബാറുകള്‍ പൂട്ടിയതെന്ന് പറഞ്ഞ് അവയെല്ലാം തുറന്നുതരാം എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ അതിനെ വളച്ചൊടിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

പാര്‍ട്ടി ഇക്കാര്യത്തില്‍ സ്വതന്ത്രമായ രീതിയില്‍ അന്വേഷണം നടത്തിയിട്ടുണ്ട്. ആരാണ് ഈ ആരോപണത്തിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുമുണ്ട്. കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്നെയാണ് ഈ ആരോപണത്തിന് പിന്നിലെന്ന് തങ്ങളുടെ പക്കല്‍ വ്യക്തമായ തെളിവുണ്ട്. ആ സാഹചര്യത്തില്‍ ഇപ്പോള്‍ വീണ്ടും ബിജുരമേശിനെ ഇറക്കി കലക്കവെളളത്തില്‍ മീന്‍പിടിക്കാന്‍ അവര്‍ തന്നെ ശ്രമിക്കുന്നതിനെ തങ്ങള്‍ അംഗീകരിക്കുന്നില്ല.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള നീക്കം നടക്കുന്നത്. സ്വതന്ത്രമായ നിലപാട് സ്വീകരിച്ച തങ്ങള്‍ ഇടതുമുന്നണിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമോയെന്ന സംശയം ചിലകോണുകളില്‍ നിന്നും ഉയര്‍ന്നതാണ് ഇപ്പോഴത്തെ വെളിപാടിന്റെ കാരണം. അതുകൊണ്ടുതന്നെ ബിജുരമേശിനെ വിശ്വസിക്കുന്നില്ല. ബാര്‍ക്കോഴ ആരോപണത്തിന് പിന്നില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം തന്നെയാണെന്നതില്‍ തങ്ങള്‍ക്ക് ഒരു സംശയവുമില്ല. അതുതന്നെയാണ് മുന്നണി ബന്ധം വിചേ്ഛിക്കാനുള്ള കാരണമെന്നും മാണിഗ്രൂപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

Leave A Reply

Your email address will not be published.