കൊച്ചി കപ്പല്‍ശാലയില്‍ കപ്പലില്‍ സ്‌ഫോടനം : 5 മരണം

0

കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്കിടെ കപ്പലിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചുതൊഴിലാളികള്‍ മരിച്ചു. ഇതില്‍ നാലുപേര്‍ എറണാകുളം സ്വദേശികളും ഒരാള്‍ പത്തനംതിട്ട സ്വദേശിയുമാണ്‌. ഉത്തര്‍പ്രദേശ്‌ സ്വദേശിയുള്‍പ്പെടെ ഏഴുപേര്‍ക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം.

കേന്ദ്ര സര്‍ക്കാര്‍ സ്‌ഥാപനമായ ഓയില്‍ ആന്‍ഡ്‌ നാച്വറല്‍ ഗ്യാസ്‌ കോര്‍പറേഷന്‍(ഒ.എന്‍.ജി.സി)യുടെ ഉടമസ്‌ഥതയിലുള്ള സാഗര്‍ഭൂഷണ്‍ എന്ന കപ്പലില്‍ ഇന്നലെ രാവിലെ ഒന്‍പതേകാലോടെയായിരുന്നു അപകടം. വാതകചോര്‍ച്ചയാണു സ്‌ഫോടനത്തിന്‌ ഇടയാക്കിയതെന്നാണു പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച്‌ കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടു. അട്ടിമറി സാധ്യതയും പോലീസ്‌ പരിശോധിക്കുന്നുണ്ട്‌.

കപ്പല്‍ശാലയിലെ മുതിര്‍ന്ന ഫയര്‍മാന്‍ ഏരൂര്‍ വെസറ്റ്‌ ചെമ്പനേഴത്തു വീട്ടില്‍ ഉണ്ണികൃഷ്‌ണന്‍ (47), സേഫ്‌റ്റി എന്‍ജിനീയറായി കരാര്‍ അടിസ്‌ഥാനത്തില്‍ ജോലി ചെയ്‌തിരുന്ന അടൂര്‍ ഏനാത്ത്‌ ചരുവിളയില്‍ ജിവിന്‍ റജി (26), വിവിധ കമ്പനികള്‍ക്കുവേണ്ടി ജോലി ചെയ്‌തിരുന്ന മഠത്തിപ്പറമ്പില്‍ വെളിയില്‍ എം.വി. കണ്ണന്‍ (42), തേവര കുറുപ്പശേരി പുത്തന്‍വീട്ടില്‍ കെ.ബി. ജയന്‍ (40), വൈപ്പിന്‍ പള്ളിപ്പറമ്പില്‍ എം.എം. റംഷാദ്‌ (22), എന്നിവരാണു മരിച്ചത്‌. എറണാകുളം ഉപ്പുകണ്ടം അയിരൂര്‍ പാടത്ത്‌ ശ്രീരൂപിന്‌ 45 ശതമാനത്തിലേറെ പൊള്ളലേറ്റു.

കൊല്ലം സ്വദേശി അഭിലാഷ്‌, തൃപ്പൂണിത്തുറ സ്വദേശി ജയ്‌സണ്‍ വര്‍ഗീസ്‌, കോട്ടയം സ്വദേശി സഞ്‌ജു ജോസഫ്‌, കൊങ്ങരപ്പിള്ളി സ്വദേശി കെ.കെ. ടിന്റു, എറണാകുളം ഉള്ളക്കടവ്‌ സ്വദേശി പി. എക്‌സ്‌. ക്രിസ്‌റ്റീന്‍, ഉത്തര്‍പ്രദേശ്‌ സ്വദേശി രാജന്റാം എന്നിവര്‍ക്കാണു പരുക്കേറ്റത്‌.

ഉഗ്രശബ്‌ദത്തോടെയായിരുന്നു സ്‌ഫോടനമെങ്കിലും ഒരു മണിക്കൂറിനുശേഷമാണ്‌ പുറംലോകമറിഞ്ഞത്‌. ശിവരാത്രി പ്രമാണിച്ച്‌ അവധിയായതിനാല്‍ ഓവര്‍ടൈം ജോലിക്കു കയറിയവരാണ്‌ അപകടത്തില്‍പെട്ടത്‌.

രാവിലെ തൊഴിലാളികള്‍ ജോലിക്കു കയറിയതിനു പിന്നാലെയായിരുന്നു ദുരന്തം. കപ്പലിന്റെ സന്തുലിതാവസ്‌ഥ നിലനിര്‍ത്താന്‍ മുന്നിലും പിന്നിലും വാട്ടര്‍ടാങ്കുകള്‍ സ്‌ഥാപിച്ചിട്ടുണ്ട്‌. ഇതില്‍ മുന്‍ഭാഗത്തുള്ള വാട്ടര്‍ ടാങ്കില്‍ വെല്‍ഡിങ്‌ ജോലികള്‍ നടക്കുന്നുണ്ടായിരുന്നു. ഇവിടെ ഗ്യാസ്‌ ചോര്‍ച്ചയുണ്ടെന്നു സംശയമുയര്‍ന്നതോടെ ഇതു സംബന്ധിച്ച്‌ ഉന്നത ഉദ്യോഗസ്‌ഥര്‍ക്കു വിവരം നല്‍കി. ഇതിനിടെ ഉണ്ണികൃഷ്‌ണനും ജയനും ടാങ്കിലേക്ക്‌ ഇറങ്ങി. 12 പേര്‍ ഈ സമയം ഇവിടെ ജോലിയിലുണ്ടായിരുന്നു. ചോര്‍ച്ചയുണ്ടെന്നു വിവരം അറിഞ്ഞ ഉടന്‍ ജോലികള്‍ നിര്‍ത്തിവയ്‌ക്കാന്‍ അറിയിപ്പ്‌ നല്‍കിയെങ്കിലും അതിനു മുന്‍പ്‌ വലിയ ശബ്‌ദത്തോടെ കപ്പലിന്റെ വാട്ടര്‍ ബല്ലാസ്‌റ്റ്‌ ടാങ്ക്‌ പൊട്ടിത്തെറിക്കുകയായിരുന്നു. വെള്ളം നിറയ്‌ക്കുന്ന ടാങ്കിനുള്ളിലാണു അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്‌.

യാര്‍ഡിലെ സുരക്ഷാവിഭാഗം ഉടന്‍ തന്നെ രക്ഷാപ്രര്‍ത്തനം തുടങ്ങിയെങ്കിലും, തീയും, പുകയും കപ്പലിനുള്ളില്‍ നിറഞ്ഞതിനാല്‍ ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകി. കപ്പലില്‍ നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിലാണു പലര്‍ക്കും പരുക്കേറ്റത്‌. രക്ഷപ്പെടുത്തിയവരെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോര്‍ട്ട്‌ ട്രസ്‌റ്റ്‌ അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്‌. മരിച്ച അഞ്ചുതൊഴിലാളികളുടെ കുടുംബത്തിനും 10 ലക്ഷം രൂപവീതം അടിയന്തര ധനസഹായം നല്‍കുമെന്നു കപ്പല്‍ശാല ചെയര്‍മാന്‍ മധു എസ്‌. നായര്‍ പറഞ്ഞു. ഷിപ്പ്‌യാര്‍ഡ്‌ ഓപ്പറേഷന്‍സ്‌ ഡയറക്‌ടര്‍ സുനില്‍ബാബുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Leave A Reply

Your email address will not be published.