ഗാന്ധിജിയേക്കാള്‍ കുട്ടികള്‍ വായിക്കേണ്ടതു മോഡിയെ! മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഉത്തരവ്‌ വിവാദമാകുന്നു

0

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിതം ആസ്‌പദമാക്കിയുള്ള പുസ്‌തകം സ്‌കൂളുകളില്‍ വിതരണം ചെയ്യാനുള്ള മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ തീരുമാനം വിവാദമാകുന്നു.

വിദ്യാര്‍ഥികള്‍ വായിച്ചിരിക്കേണ്ട പുസ്‌തകമായി (എക്‌സ്‌ട്രാ റീഡിങ്‌) 1.5 ലക്ഷത്തോളം കോപ്പിയാണു സംസ്‌ഥാന വിദ്യാഭ്യാസവകുപ്പ്‌ സ്‌കൂളുകളില്‍ വിതരണം ചെയ്യുന്നത്‌.

മഹാത്മാ ഗാന്ധി, ജവാഹര്‍ലാല്‍ നെഹ്‌റു, ഡോ. ബി.ആര്‍. അംബേദ്‌ക്കര്‍, അടല്‍ ബിഹാരി വാജ്‌പേയി എന്നിവരെക്കുറിച്ചുള്ള പുസ്‌തകങ്ങളും സ്‌കൂളുകളില്‍ വിതരണം ചെയ്യാന്‍ ഉത്തരവില്‍ നിര്‍ദേശമുണ്ടെങ്കിലും അവയുടെ എണ്ണം മോഡി പുസ്‌തകങ്ങളെക്കാള്‍ കുറവാണ്‌.

മോഡി-1,49,954, അംബേദ്‌ക്കര്‍-79,388, വാജ്‌പേയി-76,713, ഗാന്ധിജി-4343, നെഹ്‌റു-1635 എന്നിങ്ങനെയാണു വിതരണം ചെയ്യുന്ന പുസ്‌തകങ്ങളുടെ എണ്ണം. ഛത്രപതി ശിവജി മഹാരാജ്‌ (3,40,982), മുന്‍രാഷ്‌ട്രപതി എ.പി.ജെ. അബ്‌ദുള്‍കലാം (3,21,328) എന്നിവരെക്കുറിച്ചുള്ള പുസ്‌തകങ്ങള്‍ മാത്രമാണു മോഡി പുസ്‌തകങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലുള്ളത്‌.

സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിപ്രകാരം 1-8 ക്ലാസ്‌ വിദ്യാര്‍ഥികള്‍ക്കായാണ്‌ സ്വകാര്യപ്രസാധകരുടെ ഈ പുസ്‌തകങ്ങള്‍ വാങ്ങുന്നത്‌. ഇതു സംബന്ധിച്ച ഉത്തരവ്‌ കഴിഞ്ഞമാസം ഇറങ്ങി.

സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ഈമാസം ഒടുവില്‍ പുസ്‌തകങ്ങള്‍ വിതരണം ചെയ്യും. എന്നാല്‍, വിദഗ്‌ധസമിതിയുടെ നിര്‍ദേശപ്രകാരമാണു പുസ്‌തകങ്ങളും അവയുടെ എണ്ണവും തീരുമാനിച്ചതെന്നും ഇടപാട്‌ സുതാര്യമാണെന്നും വിദ്യാഭ്യാസമന്ത്രി വിനോദ്‌ താവ്‌ദെ അവകാശപ്പെട്ടു.

Leave A Reply

Your email address will not be published.