ഭീകരാക്രമണങ്ങള്‍ക്കു പാകിസ്താന് മറുപടി നല്‍കണം: നിര്‍മലാ സീതാരാമന്
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ക്കു പാകിസ്താന് മറുപടി നല്‍കേണ്ടി വരുമെന്നു കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്. ഓരോ ആക്രമണങ്ങള്‍ നടക്കുമ്പോഴും പാക് സര്‍ക്കാരിനു തെളിവുകള്‍ കൈമാറുന്നതു പതിവാണ്. തെളിവുകള്‍ നിരസിക്കുന്നത് അവരുടെ പതിവായെന്നും പ്രതിരോധ മന്ത്രി കുറ്റപ്പെടുത്തി.
ജമ്മുവിലെ സൈനിക, സി.ആര്.പി.എഫ്. ക്യാമ്പുകള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു മന്ത്രി. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണു നിര്‍മലാ സീതാരാമന് പാകിസ്താനു മുന്നറിയിപ്പ് നല്‍കിയത്. മസൂദ് അസറിന്റെ ജയ്ഷെ ഇ മുഹമ്മദാണ് പാക് പിന്തുണയോടെ ഭീകരാക്രമണങ്ങള്‍ നടത്തുന്നത്. സുന്‍ജുവാന്‍ സൈനിക ക്യാമ്പിലെ ഭീകരരെ തുരത്തുന്നതു നടപടി അവസാനിച്ചതായും സീതാരാമന് വ്യക്തമാക്കി.