സി.പി.എം. കരട്‌ രാഷ്‌ട്രീയപ്രമേയം : ദേശീയതലത്തില്‍ പ്രാദേശിക കക്ഷികളുമായും കൂട്ടുവേണ്ട

0

ന്യൂഡല്‍ഹി : കോണ്‍ഗ്രസിനു പുറമേ, ദേശീയതലത്തില്‍ പ്രാദേശികകക്ഷികളുമായും സഖ്യം പാടില്ലെന്നു സി.പി.എം. കരട്‌ രാഷ്‌ട്രീയപ്രമേയം. കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പി. ഭരിക്കുന്ന സംസ്‌ഥാനസര്‍ക്കാരുകളുടെയും നവ ലിബറല്‍ നയങ്ങളോടാണു സി.പി.എമ്മിന്റെ പോരാട്ടമെന്നും പ്രമേയത്തില്‍ പറയുന്നു.

കേന്ദ്ര കമ്മിറ്റി വോട്ടിനിട്ട്‌ തള്ളിയ, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടുകള്‍ പൂര്‍ണമായി നിരാകരിക്കുന്നതാണു രാഷ്‌ട്രീയപ്രമേയം. കോണ്‍ഗ്രസുമായി യാതൊരു തെരഞ്ഞെടുപ്പ്‌ ധാരണയോ സഖ്യമോ പാടില്ലെന്നു പ്രമേയത്തില്‍ വ്യക്‌തമാക്കുന്നു.

കോണ്‍ഗ്രസിനു ബി.ജെ.പിയുടെ അതേ വര്‍ഗസ്വഭാവമാണുള്ളതെന്നു പ്രമേയം കുറ്റപ്പെടുത്തുന്നു. മതേതരകക്ഷിയെന്ന്‌ അവകാശപ്പെടുമ്പോള്‍തന്നെ വര്‍ഗീയസംഘര്‍ഷങ്ങള്‍ നേരിടുന്നതില്‍ കോണ്‍ഗ്രസ്‌ പരാജയപ്പെട്ടു. പ്രധാനപ്രതിപക്ഷമായിരിക്കുമ്പോഴും കോണ്‍ഗ്രസ്‌ നവ ലിബറല്‍ നയങ്ങളാണു പിന്തുടരുന്നത്‌. കോര്‍പറേറ്റുകളുടെയും ഭൂവുടമകളുടെയും താത്‌പര്യം സംരക്ഷിക്കാനാണ്‌ അവരും മുന്‍തൂക്കം നല്‍കുന്നത്‌. കോണ്‍ഗ്രസിന്റെ ജനസ്വാധീനം വ്യാപകമായി ഇടിഞ്ഞു. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പുസഖ്യമോ ധാരണയോ ഇല്ലാതെ, ജനാധിപത്യ-മതേതരശക്‌തികള്‍ ഒത്തൊരുമിച്ച്‌ ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണു വേണ്ടത്‌. എന്നാല്‍, പാര്‍ട്ടിയുടെ രാഷ്‌ട്രീയനയത്തിനുള്ളില്‍നിന്ന്‌ ബി.ജെ.പിക്കെതിരേ പരമാവധി വോട്ട്‌ സമാഹരിക്കാന്‍ തന്ത്രങ്ങള്‍ കൈക്കൊള്ളാം. തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കെതിരേ പരമാവധി വോട്ട്‌ നേടാന്‍ ദേശീയ-സംസ്‌ഥാനതലങ്ങളില്‍ ഇടതുകക്ഷികള്‍ക്കു കഴിയണം. സി.പി.എമ്മിന്റെ സ്വതന്ത്രശക്‌തി വര്‍ധിപ്പിക്കാനാണു മുന്‍തൂക്കം. വിശാലവും ശക്‌തവുമായ ഇടതൈക്യമുണ്ടാകണം. സംസ്‌ഥാനങ്ങളില്‍ ബി.ജെ.പിയുമായി കൂട്ടുചേരാന്‍ താത്‌പര്യമില്ലാത്ത പ്രാദേശികകക്ഷികളെ ഒരുമിപ്പിക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.

Leave A Reply

Your email address will not be published.