അഫ്‌ഗാനിസ്‌താന്‍-സിംബാബ്‌വെ ഏകദിന പരമ്പര : വീണ്ടും അദ്‌ഭുത സാമ്യം; വിസ്‌മയിച്ച്‌ ക്രിക്കറ്റ്‌ ലോകം

0

ഷാര്‍ജ: അദ്‌ഭുതപ്പെടുത്തുന്ന സമാനതകളുടെ പേരില്‍ അഫ്‌ഗാനിസ്‌ഥാന്‍-സിംബാബ്‌വെ ഏകദിന പരമ്പര ഏറെ ശ്രദ്ധനേടുന്നു. ആദ്യ രണ്ടു മത്സരങ്ങള്‍ക്കു പിന്നാലെ മൂന്നാം ഏകദിനത്തിലും കൗതുകം ആവര്‍ത്തിച്ചത്‌ ക്രിക്കറ്റ്‌ ലോകത്ത്‌ ചര്‍ച്ചയായിരിക്കുകയാണ്‌.

ആദ്യ രണ്ട്‌ ഏകദിന മത്സരത്തില്‍ തുല്യമായ സ്‌കോറാണ്‌ ഇരുവരും മാറിമാറി നേടിയതെങ്കില്‍ ഇത്തവണ സിംബാബ്‌വെയെ ആദ്യ രണ്ട്‌ ഏകദിനത്തിലെ വിജയമാര്‍ജിനില്‍ പുറത്താക്കിയാണ്‌ അഫ്‌ഗാന്‍ അതിശയിപ്പിച്ചത്‌.

ഒന്നാം ഏകദിനത്തില്‍ അഫ്‌ഗാന്‍ 154 റണ്‍സിന്‌ ജയിച്ചിരുന്നു. ആദ്യം ബാറ്റ്‌ ചെയ്‌ത അവര്‍ അഞ്ചു വിക്കറ്റ്‌ നഷ്‌ടത്തില്‍ 333 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ 179 റണ്‍സിന്‌ പുറത്തായി.രണ്ടാം ഏകദിനത്തില്‍ സിംബാബ്‌വെ അഞ്ച്‌ വിക്കറ്റിന്‌ 333 റണ്‍സെടുത്തു. അഫ്‌ഗാനാകട്ടെ 179 റണ്‍സിനും പുറത്തായി. സിംബാബ്‌വെയുടെ ജയം 154 റണ്‍സിന്‌. ഈ രണ്ടു ജയങ്ങളിലെ സമാനതയാണ്‌ അന്ന്‌ ശ്രദ്ധിക്കപ്പെട്ടത്‌.

ഇന്നലെ മൂന്നാം മത്സരത്തില്‍ സിംബാബ്‌വെ ആകെ സ്‌കോര്‍ ചെയ്‌തത്‌ 154 റണ്‍സായിരുന്നു. അതായത്‌ ആദ്യ രണ്ടുമത്സരങ്ങളിലേയും വിജയമാര്‍ജിനില്‍ സിംബാബ്‌വെ പുറത്തായി.അഫ്‌ഗാനിസ്‌ഥാന്‍ നാല്‌ വിക്കറ്റിന്‌ വിജയലക്ഷ്യം മറികടക്കുകയും ചെയ്‌തു. ഇതോടെ അഞ്ച്‌ മത്സരങ്ങളടങ്ങിയ പരമ്പരയില്‍ അഫ്‌ഗാന്‍ 2-1ന്‌ മുന്നിലെത്തി.

Leave A Reply

Your email address will not be published.