89.50 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടു പേര് പിടിയില്‍
മഞ്ചേരി: 89,50,100 രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേര് മഞ്ചേരി പോലീസില്‍ പിടിയിലായി. കോഴിക്കോട് താമരശ്ശേരി മുക്കം നൂര്‍ മഹലില്‍ പി.പി ഷാനവാസ് (44), കൊടുവള്ളി എളേറ്റില്‍ കണ്ണിട്ടമാക്കല്‍ തോന്നിക്കണ്ടി മുഹമ്മദ് മസ്ഹൂദ് (19) എന്നിവരെയാണ് മഞ്ചേരി എസ്.ഐ റിയാസ് ചാക്കീരിയും സംഘവും പിടികൂടിയത്. ഇന്നലെ രാവിലെ ഏഴരക്ക് മഞ്ചേരി പയ്യനാട് റോഡില്‍ വെച്ചാണ് അറസ്റ്റ്. റിട്സ് കാറില്‍ പണവുമായി വരികയായിരുന്ന പ്രതികളെ തടഞ്ഞു നിര്‍ത്തി പോലീസ് നടത്തിയ പരിശോധനയില്‍ കാറിന്റെ ബോണറ്റിനടിയില്‍ എട്ട് പാക്കറ്റുകളിലും ഒരു പ്ലാസ്റ്റിക് കവറിലുമായി സൂക്ഷിച്ച 89,50,100 രൂപ കണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകളില്ലാത്തതിനാല്‍ പ്രതികളെ അറസ്റ്റ് ചെയ്തു. പ്രതികളെ ചോദ്യം ചെയ്തതില്‍ സംസ്ഥാനത്തിന്റെ പലഭാഗത്തും കുഴല്‍പണമിടപാട് നടത്തുന്ന വന്‍ ശൃഖലയിലെ ഒരു ചെറിയ കണ്ണിയാണ് ഇപ്പോള്‍ പിടിയിലായതെന്ന് വിവരം ലഭിച്ചതായി മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, സി.ഐ എന്‍.ബി ഷൈജു എന്നിവര്‍ പറഞ്ഞു. എസ്.ഐ റിയാസ് ചാക്കീരി, എ.എസ്.ഐമാരായ സുരേഷ്, പ്രദീപ് കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിജയകുമാര്‍, സുരേഷ്ബാബു, അംബികാകുമാരി എന്നിവരുടെ നേതൃത്വത്തില്‍ അനേ്വഷണം ഊര്‍ജ്ജിതമാക്കി. ചെന്നൈയില്‍ നിന്നും കോയമ്പത്തൂര്‍ വഴിയാണ് മഞ്ചേരിയിലേക്ക് കുഴല്‍പണം ഒഴുകുന്നത്. ഇക്കഴിഞ്ഞ ദിവസം മഞ്ചേരി ജസീല ജങ്ഷനില്‍ വെച്ച് കുഴല്‍പ്പണവുമായി ബസ് ഡ്രൈവറെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.