സിറ്റിക്ക്‌ ജയം ; യുവന്റസ്‌ കുരുങ്ങി

0

ടൂറിന്‍: ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോള്‍ പ്രീ ക്വാര്‍ട്ടറിന്റെ ഒന്നാംപാദ മത്സരത്തില്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബ്‌ ടോട്ടനം ഹോട്‌സ്പര്‍ ഇറ്റാലിയന്‍ വമ്പനായ യുവന്റസിനെ 2-2 നു സമനിലയില്‍ കുടുക്കി.

മറ്റൊരു മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ എഫ്‌.സി. ബേസലിനെ നാലു ഗോളുകള്‍ക്കു മുക്കി പ്രീമിയര്‍ ലീഗിലെ കരുത്തനായ മാഞ്ചസ്‌റ്റര്‍ സിറ്റി കരുത്തു കാട്ടി.

ഇകേ ഗുണ്ടോഗന്റെ ഇരട്ട ഗോളും ഡേവിഡ്‌ സില്‍വ, സെര്‍ജിയോ അഗ്യൂറോ എന്നിവരുടെ ഗോളുകളാണു ബേസലിനെ അവരുടെ തട്ടകമായ സെയിന്റ്‌ ജേക്കബ്‌ പാര്‍ക്ക്‌ സ്‌റ്റേഡിയത്തില്‍ തകര്‍ത്തത്‌.

യുവന്റസിന്റെ തട്ടകമായ ടുറിനില്‍ രണ്ടു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണു ടോട്ടനത്തിന്റെ തിരിച്ചുവരവ്‌. മത്സരത്തിന്റെ രണ്ട്‌, ഒന്‍പത്‌ മിനിട്ടുകളില്‍ അര്‍ജന്റീന താരം ഗൊണ്‍സാലോ ഹിഗ്വേയിനിലൂടെയാണു യുവന്റസ്‌ മുന്നിലെത്തിയത്‌.

35-ാം മിനിട്ടില്‍ ഹാരി കെയ്‌നിലൂടെയും ക്രിസ്‌റ്റ്യന്‍ എറിക്‌സണ്‍ 71-ാം മിനിട്ടിലും ഗോളടിച്ചു. മാര്‍ച്ച്‌ എട്ടിനാണു രണ്ടാംപാദ മത്സരങ്ങള്‍. എവേ ഗോളിന്റെ ആനുകൂല്യവുമായാണ്‌ ടോട്ടനം യുവന്റസിനെ സ്വന്തം തട്ടകത്തില്‍ സ്വീകരിക്കുക.

സ്വന്തം തട്ടകത്തില്‍ സമനില വഴങ്ങിയെങ്കിലും യുവന്റസ്‌ ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനലില്‍ കളിക്കുമെന്ന്‌ കോച്ച്‌ മാസിമിലിയാനോ അലെഗ്രി അവകാശപ്പെട്ടു. ടോട്ടനത്തിനെതിരായ എവേ മത്സരം തങ്ങള്‍ക്കു ഫൈനല്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 16 കളികളില്‍ ഒരു തവണ മാത്രമാണു യുവന്റസ്‌ ഗോള്‍ വഴങ്ങിയത്‌. റയാല്‍ മാഡ്രിഡ്‌, ബോറുസിയ ഡോര്‍ട്ട്‌മുണ്ട്‌ തുടങ്ങിയ വമ്പന്‍മാരുടെ ഗ്രൂപ്പില്‍നിന്നാണു ടോട്ടനം ജയിച്ചു കയറിയത്‌.

Leave A Reply

Your email address will not be published.