ശുഹൈബിനെ ജയിലില്‍ വച്ച് ജീവനക്കാരുടെ ഒത്താശയോടെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നു: കെ.സുധാകരന്
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ വധത്തില്‍ വന്‍ ഗൂഢാലോചനയുണ്ടായിരുന്നുവെന്ന് ആരോപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനും ജയിലിലെ സഹതടവുകാരന് ഫര്‍സീനും. ശുഹൈബിനെ ജയിലില്‍ വച്ച് വധിക്കാന്‍ സി.പി.എം ഗൂഢാലോചന നടത്തിയിരുന്നു. ശുഹൈബിനെ ആക്രമിക്കാന്‍ ജയിലിലെ ജീവനക്കാര്‍ തന്നെ ഒത്താശ ചെയ്തിരുന്നു. ജയില്‍ ഡി.ജി.പി ശ്രീലേഖ ഇടപെട്ടതുകൊണ്ട് മാത്രമാണ് അന്ന് ശുഹൈബ് രക്ഷപ്പെട്ടതെന്നും സുധാകരന് പറഞ്ഞു.
ജയിലില്‍ വച്ച് സി.പി.എം തടവുകാര്‍ ശുഹൈബിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ‘നിന്നെ കാണിച്ചുതരാമെന്ന് പറഞ്ഞിരുന്നതായും സഹതടവുകാരന് ഫര്സീന് വെളിപ്പെടുത്തി. ശുഹൈബിന് ജയിലില്‍ വച്ച് ഭീഷണിയുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പിതാവും നേരത്തെ പറഞ്ഞിരുന്നു.
ഒരു കേസില്‍ പെട്ട് 13നാണ് ശുഹൈബ് അടക്കം നാലു പേരെ സബ് ജയിലിലേക്ക് അയച്ചത്. എന്നാല്‍ ജയില്‍ ചട്ടം ലംഘിച്ച് സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി. ഇക്കാര്യം അറിഞ്ഞ് താന്‍ ജയില്‍ ഡിജിപിയെ വിവരം അറിയിക്കുകയും ശുഹൈബിനെയും മറ്റുള്ളവരെയും സ്പെഷ്യല്‍ സബ് ജയിലിലേക്ക് കൊണ്ടുപോയാല്‍ മയ്യത്തായിരിക്കും എടുക്കേണ്ടിവരിക എന്ന് അറിയിക്കുകയും ചെയ്തിരുന്നു. തന്റെ അഭ്യാര്‍ത്ഥന മാനിച്ച് ജയില്‍ ഡി.ജി.പി ഉടന്‍ ഇടപെടുകയും വെന്ന് കെ.സുധാകരന് ഒരു സ്വകാര്യ വാര്‍ത്താ ചാനലിനോട് പ്രതികരിച്ചു.
ശുഹൈബിനു നേര്‍ക്ക് വധഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ട് പോലീസും അവഗണിച്ചു. പോലീസിന്റെ നിസംഗത ഈ ചെറുപ്പക്കാരന്റെ ജീവനെടുക്കാന്‍ ഇടയാക്കി. ഇപ്പോള്‍ സി.പി.എമ്മും ബി.ജെ.പിയുമാണ് ആയുധമെടുക്കുന്നത്. കോണ്‍ഗ്രസിനുള്ളില്‍ പ്രവര്‍ത്തകര്‍ സുരക്ഷിതരല്ലെന്ന് കണ്ടതോടെയാണ് പാര്‍ട്ടിയിലേക്ക് വരാന്‍ ചെറുപ്പക്കാര്‍ തയ്യാറാകാത്തതെന്നും സുധാകരന് പറഞ്ഞു. മുന്‍പ് ഒരു മുസ്ലീം ലീഗ് പ്രവര്‍ത്തകനെ ഇപ്രകാരം ജയില്‍ ചട്ടം ലംഘിച്ച് സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റിയിരുന്നു. അന്ന് അദ്ദേഹത്തെ സി.പി.എം തടവുകാര്‍ അതിക്രൂരമായി ഉപദ്രവിച്ചിരുന്നുവെന്നും താടിരോമങ്ങള്‍ ഓരോന്നായി പിഴുതെടുക്കുക വരെയുണ്ടായി എന്നും സുധാകരന് പറഞ്ഞു.
അതേസമയം, ശുഹൈബിന്റെ വധം അതിക്രൂരമായാണ് അക്രമികള്‍ നടപ്പാക്കിയതെന്ന് ദൃക്സാക്ഷി ഇ.നൗഷാദ് പറഞ്ഞു. നിലത്ത് ഇരുന്ന് ഇറച്ചിവെട്ടുന്നതുപോലെയാണ് അക്രമിസംഘം ശുഹൈബിനെ വെട്ടിയത്. ഇന്റര്‍നെറ്റ് കോളിലൂടെ ശുഹൈബിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നുവെന്നും ആക്രമണത്തിനിടെ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നൗഷാദ് പറഞ്ഞു.
ശുഹൈബും സുഹൃത്തുക്കളും തട്ടുകടയില്‍ നിന്നും ചായ കുടിക്കുമ്പോഴാണ് ഫോര്‍ രജിസ്ട്രേഷന് കാറിലെത്തിയ സംഘം ആക്രമിച്ചത്. ബോംബെറിഞ്ഞ ശേഷം വാളുകൊണ്ട് ശുഹൈബിന്റെ കാലില്‍ വെട്ടി. നിലത്തുവീണ ശുഹൈബിനെ രണ്ടു പേര് ചേര്‍ന്ന് നിരവധി തവണ വെട്ടി. വെട്ടിവീഴ്ത്തിയ ശേഷം ഒരാള്‍ നിലത്ത് ഇരുന്നാണ് വെട്ടിക്കൊണ്ടിരുന്നത്. രണ്ടാമന് കുനിഞ്ഞുനിന്നാണ് വെട്ടിയത്. തടഞ്ഞപ്പോള്‍ കൈയ്ക്ക് വെട്ടി. ബെഞ്ച് കൊണ്ട് തടഞ്ഞതുകൊണ്ട് അരയ്ക്ക് മുകളിലേക്ക് വെട്ടേറ്റില്ല. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആക്രമണം. ഓടിയെത്തിയ നാട്ടുകാര്‍ക്കു നേരെയും ബോംബെറിഞ്ഞ ശേഷമാണ് അക്രമിസംഘം മട്ടന്നൂര്‍ ഭാഗത്തേക്ക് കടന്നുകളഞ്ഞതെന്നും നൗഷാദ് പറഞ്ഞു.
ശുഹൈബ് കൊല്ലപ്പെട്ട് മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തത് പോലീസിന്റെ വലിയ വീഴ്ചയായാണ് കണക്കാക്കുന്നത്. 30 ഓളം പേരെ ഇതിനകം ചോദ്യം ചെയ്തു. നാലു പേര് കസ്റ്റഡിയില്‍ ആയതായും റിപ്പോര്‍ട്ടുണ്ട്. നാല് സി.ഐ.ടി.യു പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം എന്നും സൂചനയുണ്ട്.
ശുഹൈബിന്റെ കുടുംബത്തിന്റെയും കൊലപാതകം നടന്ന തട്ടുകട ഉടമയുടെയും മൊഴി എടുക്കാന്‍ പോലീസ് വൈകി എന്നും ആരോപണമുണ്ട്.