മാണി വേണ്ട; സി.പി.എമ്മിന്റെ കേന്ദ്രനേതൃത്വത്തോടു സി.പി.ഐ
കോട്ടയം: കേരളാ കോണ്‍ഗ്രസു(എം)മായി ബന്ധമുണ്ടാക്കിയാല്‍ ദേശീയതലത്തില്‍ ഇടതുപക്ഷത്തു വിള്ളലുണ്ടാകുമെന്നു സി.പി.എമ്മിനു സി.പി.ഐയുടെ മുന്നറിയിപ്പ്. സി.പി.ഐ. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് സി.പി.എം. ദേശീയ നേതൃത്വത്തെ അറിയിച്ചു.
തങ്ങളുടെ എതിര്‍പ്പവഗണിച്ച് കേരളാ കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കാന്‍ സി.പി.എം. ശ്രമിച്ചാലുള്ള നടപടി ചര്‍ച്ച ചെയ്യാനായി സി.പി.ഐ. സംസ്ഥാന നിര്‍വാഹക സമിതി ഇന്നു കോട്ടയത്ത് അടിയന്തര യോഗം ചേരും. കോണ്‍ഗ്രസിനോടു സി.പി.ഐ. മൃദുസമീപനത്തിന്റെ ലക്ഷണം കാട്ടിയതോടെ അവരെ സ്വാഗതം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായി.
ആരെയാണ് എതിര്ക്കേണ്ടതെന്നു സന്ദര്‍ഭത്തിനനുസരിച്ചുള്ള തിരിച്ചറിവാണ് കമ്യൂണിസ്റ്റുകാരന്റെ മികവെന്നു സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വ്യക്തമാക്കിയത് ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരേ കോണ്‍ഗ്രസുമായി യോജിക്കണമെന്ന നിലപാടിന്റെ തുറന്ന സൂചനയായിരുന്നു. ഇന്നത്തെ നിലപാടായിരിക്കില്ല നാളെ സ്വീകരിക്കേണ്ടിവരിക. മുഖ്യശത്രുവിനെ തിരിച്ചറിയാന്‍ കഴിയതിരുന്നന്നപ്പോഴെല്ലാം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു തിരിച്ചടി നേരിട്ടിട്ടുണ്ട്.
ഫാസിസത്തിനെതിരേ പ്രതികരിക്കാന്‍ ജാതകം നോക്കി വേര്‍തിരിക്കേണ്ട കാര്യമില്ല. ഭരണഘടനാ സ്ഥാപനങ്ങളെപ്പോലും നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ബി..െപിക്കെതിരേ മതേതര ശക്തികളുടെ കൂട്ടായ്മ ആവശ്യമാണെന്നും കാനം വ്യക്തമാക്കിയിരുന്നു. മാണിയുള്ള മുന്നണിയില്‍ സി.പി.ഐ. ഉണ്ടാകില്ലെന്ന കാനത്തിന്റെ പ്രഖ്യാപനം മുന്നണിബന്ധങ്ങളില്‍ മാറ്റമുണ്ടാകാനുള്ള സാധ്യതയാണു ചൂണ്ടിക്കാട്ടുന്നത്.