സ്വത്തിനുവേണ്ടി അമ്മൂമ്മയെ കൊന്ന ചെറുമകന്‌ ജീവപര്യന്തം

0

കൊല്ലം: സ്വത്തിനു വേണ്ടി അമ്മൂമ്മയെ കൊലപ്പെടുത്തിയ ചെറുമകനു ജീവപര്യന്തം തടവുശിക്ഷ. ചടയമംഗലം ഇളമാട്‌ ഊറ്റുകുഴിയില്‍ ജോസ്‌ വിലാസത്തില്‍ ജോസി(41)നെയാണ്‌ ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പു പ്രകാരം ജീവപര്യന്തം കഠിനതടവിനു കൊല്ലം അഡീഷണല്‍ സെക്ഷന്‍സ്‌ ജഡ്‌ജി എഫ്‌. ആഷിദ ശിക്ഷിച്ചത്‌. 2014 ഏപ്രില്‍ 13നു രാവിലെ എട്ടിനായിരുന്നു കേസിനാസ്‌പദമായ സംഭവം.

ചടയമംഗലം ഇളമാട്‌ ഊറ്റുകുഴിയില്‍ ജോസ്‌ വിലാസത്തില്‍ മറിയാമ്മ(92)യുടെ പേരിലുള്ള വസ്‌തു എഴുതികൊടുക്കാത്തതിലുള്ള വിരോധത്തില്‍ മറിയാമ്മയും മകള്‍ കുട്ടിയമ്മയും താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി മറിയാമ്മയെ നിലത്തിട്ടു ചവിട്ടുകയും വലിച്ചിഴയ്‌ക്കുകയും ചെയ്‌തു.

ഗുരുതരമായി പരുക്കേറ്റ മറിയാമ്മ പിന്നീട്‌ മരിച്ചു.

സംഭവത്തില്‍ ദൃക്‌സാക്ഷിയായിരുന്ന ഏകമകള്‍ കുട്ടിയമ്മ വിസ്‌താരവേളയില്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നിരുന്നു. മറിയാമ്മ ആശുപത്രിയില്‍ പോലീസിനു നല്‍കിയ മൊഴിയും ഡോക്‌ടര്‍ മാര്‍ക്ക്‌ നല്‍കിയ മൊഴിയും കണക്കിലെടുത്താണു കോടതി പ്രതിയെ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്‌. ചടയമംഗലം പോലീസ്‌ ചാര്‍ജ്‌ ചെയ്‌ത കേസില്‍ പബ്ലിക്‌ പ്രോസിക്യൂട്ടറായ എ.കെ. മനോജ്‌ കോടതിയില്‍ ഹാജരായി.

Leave A Reply

Your email address will not be published.