ബാറില്‍ മദ്യപര്‍ക്ക്‌ ആഹാരം വിളമ്പിയ എക്‌സൈസ്‌ ഉന്നതന്‌ സസ്‌പെന്‍ഷന്‍

0

തിരുവനന്തപുരം: ഔദ്യോഗികപദവിക്കു നിരക്കാത്ത പ്രവൃത്തിയുടെ പേരില്‍ കൊല്ലം എക്‌സൈസ്‌ ഡെപ്യൂട്ടി കമ്മിഷണര്‍ എന്‍.എസ്‌. സുരേഷിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. ബാര്‍ ഹോട്ടലിലെത്തിയ ഡെപ്യൂട്ടി കമ്മിഷണര്‍ മദ്യപര്‍ക്കു ഭക്ഷണം വിളമ്പിക്കൊടുത്തെന്നാണ്‌ ആരോപണം.

ഡെപ്യൂട്ടി കമ്മിഷണറുടെ പ്രവൃത്തി ഔദ്യോഗികപദവിക്കു നിരക്കുന്നതല്ലെന്ന്‌ എക്‌സൈസ്‌ കമ്മിഷണര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട്‌ നല്‍കിയതിനേത്തുടര്‍ന്നാണു നടപടി.

കഴിഞ്ഞ ഡിസംബര്‍ 27-നു കരുനാഗപ്പള്ളി ന്യൂ എക്‌സലന്‍സി ബാറില്‍ പരിശോധനയ്‌ക്കെത്തിയ ഡെപ്യൂട്ടി കമ്മിഷണര്‍ മദ്യപര്‍ക്കു ഭക്ഷണം വിളമ്പിക്കൊടുത്തതായി അഡീഷണല്‍ എക്‌സൈസ്‌ കമ്മിഷണര്‍(എന്‍ഫോഴ്‌സ്‌മെന്റ്‌) നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

നാലരമാസം മുമ്പു കൊല്ലത്തു ചുമതലയേറ്റശേഷം ഇദ്ദേഹം പലതവണ ഇതേ ബാറില്‍ പരിശോധനയ്‌ക്കെത്തിയിരുന്നു. വൈകുന്നേരങ്ങളിലായിരുന്നു പരിശോധന.

ന്യൂ എക്‌സലന്‍സി ബാറില്‍ വിതരണം ചെയ്യുന്ന മദ്യത്തിന്റെ രജിസ്‌റ്റര്‍ സൂക്ഷിക്കാത്തതിനും 500 എം.എല്‍. വിദേശമദ്യം കുപ്പിയോടെ വിറ്റതിനും ഡിസംബര്‍ 27-നു നടത്തിയ പരിശോധനയേത്തുടര്‍ന്നു രണ്ടു കേസുണ്ട്‌. 1999 ജനുവരി ഒന്നുമുതല്‍ 2008 ഡിസംബര്‍ വരെയുള്ള കാലയളവില്‍ വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചതിന്‌ അന്ന്‌ അസിസ്‌റ്റന്റ്‌ എക്‌സൈസ്‌ കമ്മിഷണറായിരുന്ന എന്‍.എസ്‌. സുരേഷിനെതിരേ വിജിലന്‍സ്‌ കേസെടുത്തിരുന്നു.

Leave A Reply

Your email address will not be published.