സെഞ്ചൂറിയനില്‍ വീണ്ടും

0

സെഞ്ചൂറിയന്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ്‌ പരമ്പരയിലെ ആറാമത്തേതും അവസാനത്തേതുമായ മത്സരം ഇന്നു സെഞ്ചൂറിയനില്‍ നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട്‌ 4.30 മുതല്‍ നടക്കുന്ന മത്സരം സോണി ടെന്‍ വണ്ണില്‍ തത്സമയം കാണാം.

ഇന്ത്യ പരമ്പര 4-1 നു നേടിയതോടെ ഇന്നത്തെ മത്സരം അപ്രസക്‌തമാണ്‌. ഇതേ വേദിയില്‍ നടന്ന രണ്ടാം ഏകദിനത്തിലും ഇന്ത്യയാണു ജയിച്ചത്‌. സെഞ്ചൂറിയന്‍ കൂടാതെ ഡര്‍ബന്‍, കേപ്‌ടൗണ്‍, പോര്‍ട്ട്‌ എലിസബത്ത്‌ ഏകദിനങ്ങളില്‍ ജയിച്ചാണ്‌ ഇന്ത്യ ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കയില്‍ പരമ്പര നേടിയത്‌.

ജൊഹാനസ്‌ബര്‍ഗില്‍ നടന്ന നാലാം ഏകദിനത്തില്‍ മാത്രമാണ്‌ ഇന്ത്യ തോറ്റത്‌. വിജയ പരമ്പര ട്വന്റി20 യിലും ആവര്‍ത്തിക്കാനുള്ള തയാറെടുപ്പാണ്‌ വിരാട്‌ കോഹ്ലിക്കും സംഘത്തിനും. തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുന്ന പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ജസ്‌പ്രീത്‌ ബുംറ എന്നിവര്‍ക്കും യുസ്‌വേന്ദ്ര ചാഹാല്‍, കുല്‍ദീപ്‌ യാദവ്‌ എന്നിവരില്‍ ഒരാള്‍ക്കും വിശ്രമം അനുവദിക്കാനിടയുണ്ട്‌. അപ്രസക്‌തമായ ഏകദിനത്തില്‍ ഇടംകൈയന്‍ സ്‌പിന്നര്‍ അക്ഷര്‍ പട്ടേലിനെ കളിപ്പിക്കാന്‍ സാധ്യതയുണ്ട്‌. നായകന്‍ വിരാട്‌ കോഹ്ലി കളിക്കാനിറങ്ങിയില്ലെങ്കിലും അദ്‌ഭുതപ്പെടാനില്ല. സെഞ്ചൂറിയനിലെ സൂപ്പര്‍ സ്‌പോര്‍ട്‌സ് പാര്‍ക്ക്‌ ഇന്ത്യയിലെ സാഹചര്യങ്ങള്‍ക്കു സമാനമാണ്‌. രണ്ടാം ഏകദിനത്തിലെ ഒന്‍പത്‌ വിക്കറ്റ്‌ ജയം ഇതിനെ സാധൂകരിക്കുന്നു. മത്സരം പുരോഗമിക്കും തോറും പിച്ചിന്‌ വേഗം കുറയും. കളി മുടക്കിയായി ഇടിയോടു കൂടിയ മഴയുണ്ടാകുമെന്നാണു സൂചന. മൈതാനത്തെ ജല നിര്‍ഗമന സംവിധാനങ്ങള്‍ കുറ്റമറ്റതായതിനാല്‍ മഴ പെയ്‌തു തോര്‍ന്നയുടന്‍ മത്സരം പുനരാരംഭിക്കാനാകും. ഓസ്‌ട്രേലിയയ്‌ക്കു ശേഷം ദക്ഷിണാഫ്രിക്കയില്‍ അഞ്ച്‌ അതിലധികോയുള്ള ഏകദിന പരമ്പര നേടുന്ന രണ്ടാമത്തെ ടീമാണ്‌ ഇന്ത്യ. സ്‌പിന്നിനു മുന്നില്‍ മുട്ടുമടക്കിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരുടെ പരമ്പരയിലെ ബാറ്റിങ്‌ ശരാശരി 22.65 ശതമാനമാണ്‌. ആതിഥേയര്‍ക്ക്‌ ഒരു സെഞ്ചുറി മാത്രമാണു നേടാന്‍ കഴിഞ്ഞത്‌. ഇന്ത്യന്‍ പക്ഷത്ത്‌ വിരാട്‌ കോഹ്ലി, രോഹിത്‌ ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവര്‍ സെഞ്ചുറിയടിച്ചു.

ടീം: ഇന്ത്യ- വിരാട്‌ കോഹ്ലി (നായകന്‍), ശിഖര്‍ ധവാന്‍, രോഹിത്‌ ശര്‍മ, അജിന്‍ക്യ രഹാനെ, ശ്രേയസ്‌ അയ്യര്‍, മനീഷ്‌ പാണ്ഡെ, ദിനേഷ്‌ കാര്‍ത്തിക്‌, എം.എസ്‌. ധോണി, ഹാര്‍ദിക്‌ പാണ്ഡ്യ, യുസ്‌വേന്ദ്ര ചാഹാല്‍, കുല്‍ദീപ്‌ യാദവ്‌, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്‌പ്രീത്‌ ബുംറ, മുഹമ്മദ്‌ ഷമി, ശാര്‍ദൂല്‍ ഠാക്കൂര്‍.

ടീം: ദക്ഷിണാഫ്രിക്ക- എയ്‌ദിന്‍ മര്‍ക്രാം (നായകന്‍), ഹാഷിം ആംല, ജീന്‍ പോള്‍ ഡുമിനി, ഇമ്രാന്‍ താഹിര്‍, ഡേവിഡ്‌ മില്ലര്‍, മോര്‍ണി മോര്‍ക്കല്‍, ക്രിസ്‌ മോറിസ്‌, ലുങ്കിസാനി എന്‍ഗിഡി, ആന്‍ഡിലെ ഫെലുക്‌വായോ, കാഗിസോ റബാഡ, താബ്രിസ്‌ ഷാംസി, ഖെയ്‌ലി സോണ്ടോ, ഫര്‍ഹാന്‍ ബഹ്‌റാദീന്‍, ഹെന്റിക്‌ ക്ലാസന്‍, എ.ബി. ഡിവിലിയേഴ്‌സ്.

Leave A Reply

Your email address will not be published.