വിദേശത്തേക്ക് കടന്ന നീരവ് മോദി ന്യൂയോര്‍ക്കിലെന്ന് സൂചന: ലെക്‌സ് ഹൗസിലെ ആഢംബര സ്യൂട്ടില്‍ ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം സുഖവാസം

0

ന്യൂയോര്‍ക്ക്: പഞ്ചാബ് നാഷണല്‍ ബാങ്കിനെ 11,000 കോടി രൂപ കബളിപ്പിച്ച വജ്രവ്യാപാരി നീരവ് മോഡി(48) ഇന്ത്യ വിട്ടത് പുതുവത്സര ദിനത്തില്‍.വിദേശത്തേക്ക് കടന്ന പ്രമുഖ വജ്ര വ്യാപാരി നീരവ് മോദി ന്യൂയോര്‍ക്കിലുണ്ടെന്നാണ് അവസാനം പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മാന്‍ഹട്ടനിലെ ജെ.ഡബ്‌ലൂ മാരിയറ്റിലെ ലെക്‌സ് ഹൗസിലെ ആഢംബര സ്യൂട്ടിലാണ് നീരവെന്നാണ് വിവരം.

മാഡിസണ്‍ അവന്യൂവിലുള്ള നീരവിന്റെ ആഭരണ ശാലയ്ക്കു സമീപത്തായുള്ള ഈ അപ്പാര്‍ട്‌മെന്റിന്റെ 36-ാം നിലയിലാണ് സുഖവാസമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു. നീരവിന്റെ സ്യൂട്ടിന്റെ ചിത്രവും ദേശീയ മാധ്യമം പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ നീരവ് മോദി സ്വിറ്റ്‌സര്‍ലണ്ടിലേയ്ക്കു കടന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് ന്യൂയോര്‍ക്കിലുള്ള നീരവിന്റെ സ്യൂട്ടിന്റെ ചിത്രമുള്‍പ്പെടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

280 കോടി രൂപ തട്ടിച്ചെന്നുകാട്ടി സി.ബി.ഐക്ക് ആദ്യത്തെ പരാതി നല്‍കിയത് ജനുവരി 29ന്. അതിനും മുമ്പ് ജനുവരി ആദിന് നീരവിന്റെ ഭാര്യ ആമി, ബന്ധുവും ഗീതാഞ്ജലി വജ്രാഭരണ ശൃംഖലയുടെ പ്രമോട്ടറും ബിസിനസ് പങ്കാളിയും ബന്ധുവുമായ മെഹുല്‍ ചോക്‌സി, നീരവിന്റെ സഹോദരന്‍ നിശാല്‍ എന്നിവരും ഇന്ത്യ വിട്ടു. കേസെടുത്തതിനു പിന്നാലെ നാലു പേര്‍ക്കുമെതിരേ സി.ബി.ഐയും മറ്റ് അന്വേഷണ ഏജന്‍സികളും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ബാങ്ക് സി.ബി.ഐക്കു പരാതി നല്‍കുന്നതിന് ആറു ദിവസം മുമ്പ്, ജനുവരി 23-നു ദാവോസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യന്‍ വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇയാളുമുണ്ടായിരുന്നു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രസിദ്ധീകരിച്ച ഗ്രൂപ്പ് ഫോട്ടോ ഇതിനു തെളിവായി. ബല്‍ജിയം കേന്ദ്രീകരിച്ചാണു ബിസിനസെങ്കിലും നീരവ് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചിട്ടില്ല. നിശാല്‍ ബല്‍ജിയം പൗരനാണ്. ആമിക്കുള്ളത് യു.എസ്. പൗരത്വം.

മോഡി 11,300 കോടി രൂപയുടെ തട്ടിപ്പിനു തുടക്കമിട്ടത് 2011-ലായിരുന്നെന്നും കഴിഞ്ഞ ജനുവരി മൂന്നിനാണ് അതു കണ്ടെത്തിയതെന്നും പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജിങ് ഡയറക്ടര്‍ സുനില്‍ മേത്ത വെളിപ്പെടുത്തി. തങ്ങളുടെ രണ്ട് ഉദ്യോഗസ്ഥര്‍ അനധികൃത ഇടപാടുകള്‍ നടത്തുന്നതായാണു കണ്ടെത്തിയത്. തട്ടിപ്പിനു കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍ നടപടി തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 29-ന് സി.ബി.ഐക്കു പരാതി നല്‍കി. തുടര്‍ന്ന് പലയിടത്തും റെയ്ഡ് നടക്കുകയാണെന്നും മേത്ത പറഞ്ഞു. വിശദമായ കണക്കെടുപ്പിലാണു ബ്രാഡി ഹൗസ് ശാഖ വഴി നടത്തിയ വന്‍ ക്രമക്കേട് കണ്ടെത്തിയത്.പണം തിരിച്ചടയ്ക്കുമെന്നു നീരവ് മോഡി അവകാശപ്പെട്ടെങ്കിലും ഇതേപ്പറ്റി വ്യക്തമായ വിവരം നല്‍കിയിട്ടില്ല. മുംബൈ ബ്രാഡി ഹൗസ് ശാഖയില്‍ നടന്ന തട്ടിപ്പ് ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും പ്രതിസന്ധി മറികടക്കാന്‍ ബാങ്കിനു പ്രാപ്തിയുണ്ടെന്നും സുനില്‍ മേത്ത പറഞ്ഞു.

Leave A Reply

Your email address will not be published.