വനം വികസന കോര്‍പ്പറേഷനിലും ബന്ധു നിയമനവിവാദം

0

പത്തനംതിട്ട: പൊതു മേഖലാസ്‌ഥാപനമായ കേരള വനം വികസന കോര്‍പറേഷനിലും (കെ.എഫ്‌.ഡി.സി) ബന്ധുനിയമന വിവാദം. കോര്‍പറേഷന്‍ മാനേജിങ്‌ ഡയറക്‌ടറുടെ തസ്‌തികയിലേക്ക്‌ വനംമന്ത്രിയുടെ പഴ്‌സണല്‍ സ്‌റ്റാഫ്‌ അംഗത്തിന്റെ ബന്ധുവിനെ ചട്ടം മറികടന്നു നിയമിച്ചെന്നാണ്‌ ആരോപണം.

2005 ല്‍ ഭേദഗതി ചെയ്‌ത കെ.എഫ്‌.ഡി.സി. സര്‍വീസ്‌ ചട്ടമനുസരിച്ച്‌ മാനേജിങ്‌ ഡയറക്‌ടറായി നിയമിക്കപ്പെടുന്നയാള്‍ ചീഫ്‌ കണ്‍സര്‍വേറ്റര്‍ തസ്‌തികയിലുള്ള മുതിര്‍ന്ന ഉദ്യോഗസ്‌ഥനായിരിക്കണം. ജൂനിയര്‍ തസ്‌തികയിലുള്ള ഡപ്യൂട്ടി കണ്‍സര്‍വേറ്ററെ എം.ഡി ആയി നിയമിച്ചതാണ്‌ ഇപ്പോള്‍ വിവാദമായത്‌. എം ഡിയുടെ തസ്‌തിക ഡപ്യുട്ടി കണ്‍സര്‍വേറ്ററുടെതിന്‌ തുല്യമാക്കി എന്ന ഒരു വാചകം നിയമന ഉത്തരവില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതല്ലാതെ ചട്ടം ഭേദഗതി ചെയ്‌തിട്ടില്ല.

സര്‍വീസില്‍ നിന്നും വിരമിക്കുകയും ഐ.എഫ്‌.എസ്‌ ലഭിച്ചതിനെ തുടര്‍ന്ന്‌ മടങ്ങിയെത്തുകയും ചെയ്‌ത പി.ആര്‍. സുരേഷിനെയാണ്‌ എം.ഡിയായി നിയമിച്ചത്‌. ഐ.എഫ്‌.എസ്‌ കണ്‍ഫര്‍ ചെയ്‌തു കിട്ടുന്നവര്‍ക്ക്‌ ആദ്യം നല്‍കുന്നത്‌ ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ തസ്‌തികയാണ്‌. ഇതില്‍ ജോലി ചെയ്യുന്നയാള്‍ക്ക്‌ മാനേജിങ്‌ ഡയറക്‌ടറുടെ പദവി കൊടുക്കാന്‍ പാടില്ലെന്നാണ്‌ ചട്ടം.

അഡീഷണല്‍ പ്രിന്‍സിപ്പല്‍ സി.സി.എഫ്‌. ബെന്നിച്ചന്‍ തോമസിന്‌ പകരക്കാരനായാണ്‌ ജൂനിയര്‍ തസ്‌തികയിലുള്ള സുരേഷിനെ നിയമിച്ച്‌ ഉത്തരവിറങ്ങിയത്‌. ജനറല്‍ മാനേജരുടെത്‌ കണ്‍സര്‍വേറ്ററുടെതിന്‌ തുല്യമായ തസ്‌തികയാണ്‌ എന്നതും ഗൗരവം വര്‍ധിപ്പിക്കുന്നു. നിലവില്‍ എം.ഡി. ജൂനിയര്‍ തസ്‌തികയില്‍ നിന്നായതോടെ ജനറല്‍ മാനേജരുടെ തസ്‌തികയും തരംതാഴ്‌ത്തേണ്ടി വരും.

1975 ലെ സര്‍വീസ്‌ ചട്ടം അനുസരിച്ച്‌ കണ്‍സര്‍വേറ്ററായിരുന്നു കെ.എഫ്‌.ഡി.സി എം.ഡിയായി നിയമിക്കപ്പെടേണ്ടത്‌.

റീജണല്‍ മാനേജര്‍ ഡപ്യുട്ടി കണ്‍സര്‍വേറ്ററും അസി. മാനേജര്‍മാര്‍ റെയ്‌ഞ്ച്‌ ഓഫീസര്‍മാരും ആയിരുന്നു. 2005ല്‍ ഭേദഗതി ചെയ്‌തപ്പോഴാണ്‌ എം.ഡിയുടെത്‌ ചീഫ്‌ കണ്‍സര്‍വേറ്ററും ജനറല്‍ മാനേജരുടെത്‌ കണ്‍സര്‍വേറ്ററുടെതുമാക്കിയത്‌. സര്‍വീസ്‌ ചട്ടം ഭേദഗതി ചെയ്യാതെയാണ്‌ ഇപ്പോഴത്തെ നിയമനം. 2015 ലാണ്‌ സുരേഷിന്‌ ഐ.എഫ്‌.എസ്‌ കിട്ടിയത്‌.

ലാഭകരമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്‌ഥാപനമാണ്‌ കെ.എഫ്‌.ഡി.സി. മൂന്നാര്‍ മീശപ്പുലിമല, ഗവി, നെല്ലിയാമ്പതി, അരിപ്പ തുടങ്ങിയ സ്‌ഥലങ്ങളിലെ ഇക്കോ ടൂറിസം പ്രവര്‍ത്തനങ്ങള്‍ കെ.എഫ്‌.ഡി.സിയാണ്‌ നടത്തുന്നത്‌. ഇതിന്‌ പുറമേയാണ്‌ ഏലം, തേയില, കാപ്പി തോട്ടങ്ങളിലായി ആയിരക്കണക്കിന്‌ തൊഴിലാളികള്‍ ജോലി ചെയ്യുന്നത്‌.

Leave A Reply

Your email address will not be published.