ഗര്‍ഭിണിയുടെ വയറ്റില്‍ ചവിട്ടിയ കേസ്‌: സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറി ഉള്‍പ്പെടെ ആറുപേര്‍ അറസ്‌റ്റില്‍

0

മുക്കം: കോടഞ്ചേരിയില്‍ ഗര്‍ഭിണിയെ ആക്രമിച്ച കേസില്‍ സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറി ഉള്‍പ്പെടെ ആറുപേര്‍ അറസ്‌റ്റില്‍. കോടഞ്ചേരി കല്ലത്തറമേട്‌ ബ്രാഞ്ച്‌ സെക്രട്ടറി തെറ്റാലില്‍ തമ്പി ഉള്‍പ്പെടെ ആറുപേരാണ്‌ കേസില്‍ അറസ്‌റ്റിലായത്‌.

നക്ലിക്കാട്ട്‌ സരസമ്മ, കുട്ടന്‍ എന്ന ബേബി, സൈതലവി വേളംകോട്‌, രഞ്‌ജിത്ത്‌ വടക്കേടത്ത്‌, ബിനോയ്‌ കിഴക്കത്ത്‌ എന്നിവരാണ്‌ പിടിയിലായ മറ്റു പ്രതികള്‍.

കഴിഞ്ഞമാസം 28 നു രാത്രിയിലാണ്‌ താമരശേരി തേനംകുഴിയില്‍ സിബി ചാക്കോയ്‌ക്കും ഭാര്യ ജ്യോത്സ്‌നയ്‌ക്കും രണ്ടുമക്കള്‍ക്കും മര്‍ദനമേറ്റത്‌.

അയല്‍വാസിയുടെ നേതൃത്വത്തിലെത്തിയ സംഘം യുവതിയെ ആക്രമിക്കുകയായിരുന്നു. ഗര്‍ഭിണിയായ ജ്യോത്‌സനയുടെ വയറില്‍ ചവിട്ടിയതിനെത്തുടര്‍ന്ന്‌ രക്‌തസ്രാവമുണ്ടായി.

ജ്യോത്‌സനയെ കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും നാലുമാസം പ്രായമുള്ള ഗര്‍ഭസ്‌ഥശിശു മരിച്ചിരുന്നു.

ഈ സംഭവത്തില്‍ മുഴുവന്‍ പ്രതികളേയും പിടികൂടാന്‍ നടപടിയാവശ്യപ്പെട്ട്‌ സിബി ചാക്കോയും കുടുംബവും ബുധനാഴ്‌ച കോടഞ്ചേരി പോലീസ്‌ സ്‌റ്റേഷനു മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. സമരത്തിനു പിന്തുണ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസും ബി.ജെ.പി യും രംഗത്തെത്തിയ സാഹചര്യത്തിലാണ്‌ പ്രതിയെ പിടികൂടിയത്‌. സംഭവത്തില്‍ പ്രതിയായ പ്രജീഷിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

Leave A Reply

Your email address will not be published.