പോര്‍ട്ടോയെ ലിവര്‍പൂള്‍ തകര്‍ത്തു

0

ലണ്ടന്‍: ചാമ്പ്യന്‍സ്‌ ലീഗ്‌ ഫുട്‌ബോളിന്റെ ഒന്നാംപാദ പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ലിവര്‍പൂളിനും റയാല്‍ മാഡ്രിഡിനും തകര്‍പ്പന്‍ ജയം.

റയാല്‍ മാഡ്രിഡ്‌ പാരീസ്‌ സെയിന്റ്‌ ജെര്‍മെയ്‌നെ 3-1 നും ലിവര്‍പൂള്‍ എഫ്‌.സി. പോര്‍ട്ടോയെ 5-0 ത്തിനുമാണു തോല്‍പ്പിച്ചത്‌. എഫ്‌.സി. പോര്‍ട്ടോയെ അവരുടെ തട്ടകമായ ഡ്രാഗോ സ്‌റ്റേഡിയത്തില്‍ ചെന്നാണു ലിവര്‍പൂള്‍ തോല്‍പ്പിച്ചത്‌്.

സ്‌ട്രൈക്കര്‍ സാദിയോ മാനെ ഹാട്രിക്കടിച്ച മത്സരത്തില്‍ മുഹമ്മദ്‌ സലേ, റോബര്‍ട്ടോ ഫിര്‍മിങോ എന്നിവരും ഗോളടിച്ചു. എവേ മത്സരത്തിലെ തകര്‍പ്പന്‍ ജയം ലിവര്‍പൂളിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ചു. ലിവര്‍പൂളില്‍ നടക്കുന്ന രണ്ടാംപാദ മത്സരത്തില്‍ പോര്‍ട്ടോ ആറിലധികം ഗോളിനു ജയിച്ചാല്‍ മാത്രമേ ക്വാര്‍ട്ടര്‍ മോഹിക്കേണ്ടു. നിലവിലെ സാഹചര്യത്തില്‍ അട്ടിമറി ജയം അസാധ്യമാണ്‌്.

25-ാം മിനിട്ടില്‍ പോര്‍ട്ടോ ഗോള്‍ കീപ്പര്‍ ഹൊസെ സായുടെ പിഴവില്‍നിന്നാണു മാനെ ആദ്യ ഗോളടിച്ചത്‌. ജോര്‍ജീനോ വിന്‍ജാലുമിന്റെ ഷോട്ട്‌ മാനെയുടെ കാലുകളിലേക്കു തട്ടിയിട്ട സാ ഗോളടിക്കാന്‍ അവസരമൊരുക്കി. മാനെയുടെ ദുര്‍ബലമായ ഷോട്ട്‌ സായുടെ കൈകള്‍ക്കിടയിലൂടെയാണു വലയില്‍ കയറിയത്‌. നാലു മിനിട്ടുകള്‍ക്കു ശേഷം മുഹമ്മദ്‌ സലേയും ഗോളടിച്ചു. സീസണില്‍ അദ്ദേഹത്തിന്റെ 30-ാം ഗോളായിരുന്നു അത്‌. ലൂയിസ്‌ സുവാരസിനു ശേഷം (2013-14) സീസണില്‍ 30 ഗോളടിക്കുന്ന ലിവര്‍പൂള്‍ താരമാണു മാനെ.

53-ാം മിനിട്ടിലായിരുന്നു മാനെയുടെ രണ്ടാം ഗോള്‍. കളി തീരാന്‍ അഞ്ച്‌ മിനിട്ട്‌ ശേഷിക്കേയാണു മാനെ ഹാട്രിക്ക്‌ പൂര്‍ത്തിയാക്കിയത്‌. മത്സരം ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴാണു ഫിര്‍മിങോ ഗോളടിച്ചത്‌. നോക്കൗട്ടിലെ ഏറ്റവും മികച്ച ജയങ്ങളിലൊന്നാണ്‌ ലിവര്‍പൂള്‍ ഇന്നലെ കുറിച്ചത്‌. 2009 ഫെബ്രുവരിയില്‍ ബയേണ്‍ മ്യൂണിക്ക്‌ സ്‌പോര്‍ട്ടിങ്‌ സി.പിക്കെതിരേയും റയാല്‍ മാഡ്രിഡ്‌ 2014 ഫെബ്രുവരിയില്‍ ഷാല്‍കെയ്‌ക്കെതിരേയും നേടിയ 5-0 ത്തിന്റെ ജയമാണു മികച്ചതായി കണക്കാക്കുന്നത്‌. ചാമ്പ്യന്‍സ്‌ ലീഗില്‍ ഹാട്രിക്കടിക്കുന്ന നാലാമത്തെ ലിവര്‍പൂള്‍ താരമാണു മാനെ. മൈക്കിള്‍ ഓവന്‍, യോസി ബെനായോണ്‍, ഫിലിപ്പ്‌ കോടീഞ്ഞോ എന്നിവരാണു മുന്‍ഗാമികള്‍.

സ്വന്തം തട്ടകമായ സാന്തിയാഗോ ബെര്‍ണ്യാബുവില്‍ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണു റയാല്‍ മാഡ്രിഡ്‌ ജയിച്ചു കയറിയത്‌. 33-ാം മിനിട്ടില്‍ അഡ്രിയാന്‍ റാബിറ്റിന്റെ ഗോളിലൂടെയാണു പി.എസ്‌.ജി. മുന്നിലെത്തിയത്‌.

45-ാം മിനിട്ടില്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ റയാലിനെ ഒപ്പത്തിലാക്കി. പി.എസ്‌.ജി. ബോക്‌സില്‍ ലോ സെല്‍കോ ടോണി ക്രൂസിനെ വീഴ്‌ത്തിയതിനു ലഭിച്ച പെനാല്‍റ്റി ക്രിസ്‌റ്റ്യാനോ മുതലാക്കി. ഒന്നാം പകുതി അവസാനിക്കുമ്പോള്‍ ഇരുവരും 1-1 നു സമനിലയിലായിരുന്നു. 83-ാം മിനിട്ടിലാണ്‌ റയാല്‍ ലീഡ്‌ നേടിയത്‌. അസെന്‍സിയോ മറിച്ചു നല്‍കിയ പന്ത്‌ ഇടംകാലനടിയിലൂടെ ക്രിസ്‌റ്റ്യാനോ വലയിലാക്കി. 86-ാം മിനിട്ടില്‍ മാഴ്‌സെലോയിലൂടെ റയാല്‍ പട്ടിക തികച്ചു.

റയാലിനെതിരേ സ്വന്തം തട്ടകത്തില്‍ നടക്കുന്ന രണ്ടാംപാദത്തില്‍ എവേ ഗോളിന്റെ ആനുകൂല്യം പി.എസ്‌.ജിക്കുണ്ടാകും. റയാലിനെ ഗോളടിപ്പിക്കാതെ മികച്ച മാര്‍ജിനില്‍ ജയിക്കാനായാല്‍ അവര്‍ക്കു ക്വാര്‍ട്ടര്‍ പ്രതീക്ഷിക്കാം.

Leave A Reply

Your email address will not be published.